കേരളത്തില്‍ വളരെ വിജയകരമായി ബോക്സ്-ഓഫീസ് കലെക്ഷനുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ പറ്റിയാണ് എന്റെ ഇന്നത്തെ നിരൂപണം. മദനി- ദി ടെറരിസ്ട്, അഭയ കൊലക്കേസ്: ഒരു CBI ഡയറിക്കുറിപ്പ്, മുത്തൂറ്റ് വധം ആട്ടക്കഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇത്രയധികം വരവേല്‍പ്പ് ലഭിച്ച ഒരു മലയാള ചലച്ചിത്രം അടുത്തിടെ ഉണ്ടായിട്ടില്ല തന്നെ! ഈ ചിത്രത്തെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു വസ്തുത, ഈ സിനിമയുടെ ജനപിന്തുണയാണ്. കേരളത്തിലെ ആയിരക്കണക്കിന് നിരൂപകരില്‍ ഒരാള്‍ പോലും ഈ സിനിമയെ കുറിച്ച് മോശമായ ഒരു അഭിപ്രായം ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഏതു ചവറു മലയാള ചലച്ചിത്രത്ത്തെയും നഖശിഖാന്തം കീറിമുറിച്ച് പരിശോധിക്കുന്ന ചില നിരൂപകരാകട്ടെ, നിശ്ശബ്ദത പാലിക്കുകയാനുണ്ടായത്! മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദി രൂപത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കന്നടയില്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞു. നല്ല സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉടന്‍ ഇറങ്ങും എന്ന് കരുതുന്നു. ഉടനെതന്നെ ഇതിന്റെ രണ്ടാംഭാഗവും മൂന്നാം ഭാഗവും ഇറക്കാന്‍ ധാരണയായതായി അറിയാന്‍ ലേഖകന് കഴിഞ്ഞു. രണ്ടാം ഭാഗം "ക്ലിനിക്കല്‍ ജിഹാദ്" എന്നും മൂന്നാംഭാഗത്തിന് "ഷെയര്‍-മാര്‍കറ്റ് ജിഹാദ്" എന്നും പേരിട്ടു കഴിഞ്ഞു. ഇതിനു പണം മുടക്കാന്‍ തയ്യാറായി ശ്രീ. നാരായണ പണിക്കരും ജന്മഭൂമി ഫിലിംസും മുന്നോട്ടു വന്നിട്ടുണ്ട്. കഥ സംഘപരിവാരന്റെത് തന്നെ! ചിത്രത്തിന്റെ വിശദമായ ആസ്വാദനം ചുവടെ ചേര്‍ക്കുന്നു:
കഥാതന്തു: ഈ സിനിമ റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വ്യത്യസ്ത മതസ്ഥരായ രണ്ടു ജോടികളുടെ പ്രണയവും വിവാഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. സുന്ദരമായ മായികക്കാഴ്ച്ചകളുടെ പുറം മോടിക്കുള്ളില്‍ ഈ രണ്ടു പ്രണയങ്ങള്‍ക്കും മറ്റു ചില ഉദ്ടെശ്ശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കപെടുന്നിടത്താണ് ഈ സിനിമ പ്രേക്ഷകന്റെ ഹൃദയത്തെ തകിടം മറിക്കുന്നത്. ഇടവേളയ്ക്കു ശേഷം കഥ ഒരു പ്രേമകാവ്യത്തിന്റെ രൂപം വെടിഞ്ഞു കുറ്റാന്വേഷണ നിഗൂഡരൂപം സ്വീകരിക്കുന്നു. കഥയുടെ അവസാനം തീര്‍ച്ചയായും പ്രേക്ഷകനെ പിടിച്ചിരുത്തും, ഇളക്കി ചിന്തിപ്പിക്കും! പ്രേക്ഷകന്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത തലത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്ന കഥാകൃത്തിന്റെ കഴിവാണ് ഈ സിനിമയുടെ വിജയം. രക്ഷിതാക്കളുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ഒന്നാകുന്ന കമിതാക്കളെ നാം മുന്‍പ് പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടങ്ങോട്ട് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന, ചോര കല്ലാക്കുന്ന ഒരു ഗൂടാലോചാനയുടെ ചുരുള്‍ വിടരുകയാണ്. വിവാഹ ശേഷം ഈ പെണ്‍കുട്ടികള്‍ തങ്ങള്‍ അകപ്പെട്ട കെണി തിരിച്ചറിയുന്നതും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും സാമൂഹ്യ സേവാ പ്രവര്‍ത്തകന്റെയും സഹായത്താല്‍ രക്ഷപ്പെടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം! ഇതിനിടയില്‍ പോലീസിന്റെയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജട്ജിയുടെയും സഹായത്തോടെ ഇവര്‍ ഒരു അന്താരാഷ്ട്ര തീവ്രവാദി ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്നു. യുവാക്കളെ ഉപയോഗിച്ച് അന്യ മതസ്ഥരായ യുവതികളെ വശത്താക്കുകയും മതം മാറ്റുകയും ചെയ്യുക എന്നതാണ് ഈ തീവ്രവാദികളുടെ ഗൂടലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കായി ഭീകരര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും അവരുടെ ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളും എല്ലാം ഒന്നൊഴിയാതെ പ്രതിപാദിക്കുന്നുണ്ട് ചിത്രത്തില്‍. കഥയുടെ വിശദാംശങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും ഭീകരരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വളരെ ആത്യന്തികമായ വിവരങ്ങള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും വളരെയധികം പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ മനോഹര ചലച്ചിത്രം!
സംവിധാനം, തിരക്കഥ: മലയാളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല തിരക്കഥയാണ് ഈ ചിത്രത്തിന്റെതെന്നു നിസംശയം പറയാം! ഇതിനോട് കുറച്ചെങ്കിലും കിട പിടിക്കാവുന്നത് ഒരു പക്ഷെ അഭയ കൊലക്കേസ്: ഒരു CBI ഡയറി കുറിപ്പ്, മുത്തൂറ്റ് വധം ആട്ടകഥ, ചാരം + കേസ് = ISRO, എന്നീ ചിത്രങ്ങളുടെ തിരക്കഥ ആയിരിക്കും. ചിത്രത്തിന്റെ സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്; ചിത്രത്തിന്റെ സഹസംവിധായകനും കഥാക്രുത്തുമായ ശ്രീ. സംഘ പരിവാരന്‍ കുറച്ചു കാലമായി ഈ കഥ മനസ്സിലിട്ടു നടക്കുകയായിരുന്നു എന്നാണറിവ്. പല പ്രമുഖ സംവിധായകരോടും കഥ പറഞ്ഞെങ്കിലും അവരാരും വേണ്ട പ്രോത്സാഹനം നല്‍കിയില്ല. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ. സഭാ പതി സ്വന്തം നിലയ്ക്ക് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ തമ്മില്‍ ചില കശ പിശകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സംവിധായകനും കഥാകൃത്തും ഈ ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ പരിപൂര്‍ണമായി അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാനിടയായ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളി ശ്രീ. ഗോകുലം ഗോപാലന്‍ സിനിമയിലും രാഷ്ട്രീയത്തിലും വിജയം വരിക്കുന്നത് തടയിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായി ഈ സിനിമയെ കാണുന്ന വിമര്‍ശകരും ഉണ്ട്. ഭാവിയിലും തന്റെ നിലനില്‍പ്പിനു പ്രസ്തുത കഥാകൃത്തിന്റെ സഹകരണം തനിക്കു ലഭിക്കണമെന്ന തിരിച്ചറിവാണ് നിര്‍മാതാവിനെ സ്വാധീനിച്ചതെന്നാണ് ചിലരുടെ പക്ഷം.
അഭിനേതാക്കള്‍: രണ്ടു നായികമാരും രണ്ടു നായകന്മാരും ഈ ചിത്രത്തിലുണ്ട്. നാലുപേരും പുതുമുഖങ്ങള്‍ ആണെങ്കിലും അവരവരുടെ വേഷം ഭംഗിയാക്കി. നായകന്മാര്‍ പിന്നീട് വില്ലന്മാരായി പരിണമിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പുതുമ. പാത്രസൃഷ്ടിയുടെ വൈഭവത്താല്‍ ഈ വേഷങ്ങള്‍ മികച്ചതാവുന്നു. ജഡ്ജിയുടെ വേഷം അവതരിപ്പിച്ച ശങ്കര്‍ജി വളരെ തന്മയത്വത്തോടെ തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു. സമൂഹത്തിലെ അനീതികളോട് നിഷ്പക്ഷമായി പ്രതികരിക്കുന്ന, പൊട്ടിത്തെറിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ചുറുചുറുക്കുള്ള കാവലാളായി അദ്ദേഹം മനോഹരമായി അഭിനയിച്ചു. പത്രപ്രവര്‍ത്തകനായി വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സഹായിമാരായി കണ്ടത്തില്‍ മത്തായിയും മര്‍ഡോക്ക് എന്ന സായിപ്പും തകര്ത്തഭിനയിച്ചു, അഭിനയിക്കുന്നു എന്ന തോന്നലുളവാക്കാതെ! സാമൂഹ്യ പ്രവര്‍ത്തകനായി സംഘ പരിവാരന്റെ ലാളിത്യം കലര്‍ന്ന അഭിനയം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു സഹനടന്റെ റോളില്‍ ആയിട്ട് പോലും പുന്നൂസ് അച്ചായന്‍ കലക്കി. അതിഥി താരമായെത്തിയ ലീല മേനോന്‍ കഥയ്ക്ക് മിഴിവേകി. ജിഹാദികളുടെ ഏറ്റവും ആദ്യത്തെ ഇര ആയ നിഷ്കളങ്കയായ ഗ്രാമീണ ബാലികയെ അവതരിപ്പിച്ച കമല സുരയ്യ തന്റെ സിനിമയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. മറ്റു അഭിനേതാക്കളും സിനിമയോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്ന് പറയാതെ വയ്യ.
സാങ്കേതികം: ഛായാഗ്രഹണം നിര്‍വഹിച്ച എശ്യാവല തന്റെ കര്‍ത്തവ്യം വളരെ ഭംഗിയാക്കി. പശ്ചാത്തല സംഗീതം ഒരുക്കിയ കേയ്സീബീസീ - ജന്മഭൂമി എന്നിവരുടെ കഴിവ് എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കഥയുടെ മുന്നേറ്റത്തിനു തടസ്സമാകാതെ ഗാനങ്ങള്‍ ഒരുക്കിയത് കൌമുദി - മനോരമ ദ്വയം ആണ്. "നിര്‍ബന്ധിത മതപരിവര്‍ത്തനം .." എന്ന് തുടങ്ങുന്ന ഗാനം വെള്ളാപ്പള്ളി നടേശന്‍ ഹൃദ്യമായി പാടി. "ഇടയ ലേഖനം ..." എന്ന ഗാനം ആലപിച്ച ഫാദര്‍, "കമലാ സുരയ്യാ .. " എന്ന ഗാനം ആലപിച്ച ലീല മേനോന്‍ എന്നിവരും മോശമാക്കിയില്ല. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കണ്ടത്തില്‍ മൂവീസ്, SNDP റിലീസ്, കേരളകൗമുദി ടാല്‍കീസ്, ജന്മഭൂമി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ്. സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് സര്‍ക്കാര്‍ ചിത്രത്തിന് ടാക്സ് ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്.
പരിമിതികള്‍: ഈ ചിത്രത്തിന്റെ ചില പരിമിതികള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വളരെ വിശദമായി തീവ്രവാദി സംഘത്തിന്റെ നീക്കങ്ങളും പ്രവര്‍ത്തന രീതികളും റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍, അദ്ദേഹം തന്നെയാണോ ഈ സംഘത്തിന്റെ തലവന്‍ എന്ന സംശയം ജനിപ്പിക്കുന്നു. എങ്ങനെയാണ് രണ്ടാഴ്ചകള്‍ കൊണ്ട് ഈ ചെറുപ്പക്കാര്‍ വിദ്യാസംബന്നകളും ബുദ്ധിമതികളുമായ സ്ത്രീകളെ പാട്ടിലാക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമല്ല. അവര്‍ വല്ല കൂടോത്രമോ കൈവിഷമോ ഉപയോഗിക്കുന്നുണ്ടോ എന്ന യാതൊരു സൂചനയും സിനിമയിലില്ല. ഇത്ര ബുദ്ധിശൂന്യരാണോ കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ന് ന്യായമായും സംശയം ജനിപ്പിക്കുന്നു. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം ഇത്ര കണ്ടു വ്യാപിച്ചിട്ടും, ആയിരക്കണക്കിന്‍ സ്ത്രീകള്‍ എന്ന് പോലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് പത്രപ്രവര്‍ത്തകന്‍ പറയുമ്പോഴും, എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യത്തില്‍ അനങ്ങാതിരുന്നു, ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് വ്യക്തമാക്കുന്നില്ല. ആരും ചിത്രത്തില്‍ അതിനെ ചോദ്യം ചെയ്യുന്നുമില്ല!
ആകെത്തുക: അഭിനേതാക്കള്‍ എല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന പ്ലസ് പോയന്റ്. എങ്കിലും ഈ ചലച്ചിത്രം മലയാളം കണ്ട ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാകുന്നത് ഇതിന്റെ കഥയും തിരക്കഥയും സംവിധാന മികവും കാരണമാണെന്ന് പറയാതെ വയ്യ. അവിശ്വസനീയമായ രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താനും വിശദാംശങ്ങളുടെ പ്രവാഹം മുഖേന കഥയ്ക്ക് വിശ്വസനീയത കൈവരിക്കാനും മലയാളിയെ അമ്പരപ്പിക്കാനും ഒരു തിരിച്ചറിവ് നേടി എന്നഹങ്കരിക്കാനും സാധിച്ച ഈ സിനിമയ്ക്ക് പുല്‍ചാടിയുടെ എല്ലാ ഭാവുകങ്ങളും. പടം തീയറ്ററുകളില്‍ കുറച്ചധികം കാലം തകര്ത്താടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
ആകെത്തുക: അഭിനേതാക്കള്‍ എല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന പ്ലസ് പോയന്റ്. എങ്കിലും ഈ ചലച്ചിത്രം മലയാളം കണ്ട ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാകുന്നത് ഇതിന്റെ കഥയും തിരക്കഥയും സംവിധാന മികവും കാരണമാണെന്ന് പറയാതെ വയ്യ. അവിശ്വസനീയമായ രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താനും വിശദാംശങ്ങളുടെ പ്രവാഹം മുഖേന കഥയ്ക്ക് വിശ്വസനീയത കൈവരിക്കാനും മലയാളിയെ അമ്പരപ്പിക്കാനും ഒരു തിരിച്ചറിവ് നേടി എന്നഹങ്കരിക്കാനും സാധിച്ച ഈ സിനിമയ്ക്ക് പുല്‍ചാടിയുടെ എല്ലാ ഭാവുകങ്ങളും. പടം തീയറ്ററുകളില്‍ കുറച്ചധികം കാലം തകര്ത്താടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.