തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും .. ദൈവമുണ്ട് എന്നല്ല പറഞ്ഞുവരുന്നത്. ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ കണ്ട ഒരു കത്താണെന്നെ ചിന്തിപ്പിച്ചത്; കത്തിങ്ങനെ:
ബാറിലെ കടലപ്പാത്രത്തിലും അപകടം!
ഒരു ടോയ്-ലറ്റിലുള്ളതിനേക്കാള്‍ വൃത്തികെട്ട (?) ബാക്റ്റീരിയകള്‍ മൊബൈല്‍ ഫോണുകളിലുണ്ട് എന്ന വാര്ത്ത കേട്ടു പോക്കറ്റില്നിന്നും ഫോണെടുത്ത് എറിയാനോങ്ങിയവര്‍ ശ്രദ്ധിക്കുക. അതിലും അപകടകരമായ ബാക്റ്റീരിയകളും വൈറസുകളുമാണു നാം ദിവസേന കൈകാര്യം ചെയ്യുന്ന മറ്റു പല വസ്തുക്കളിലുമുള്ളത്. കറന്സിനോട്ടുകള്‍, കമ്പ്യൂട്ടറിന്റെ കീബോര്ഡ്, എടിഎം മെഷീന്‍, ടിവി റിമോട്ട്, വാതില്‍പ്പിടി ഇങ്ങനെ ഒന്നിലേറെപ്പേര്‍ കൈവയ്ക്കുന്ന സകലസാധനങ്ങളിലും ബാക്റ്റീരിയകളുണ്ട്. കണ്ണിലെടുക്കാനില്ലെങ്കിലും ന്യൂമോണിയയ്ക്കും മെനഞ്ജൈറ്റിസിനും വരെ കാരണമാവും ഈ സൂക്ഷ്മജീവികള്‍! കൈ ആന്റി ബയോട്ടിക് സോപ്പിട്ടു കഴുകുക, സൌകാര്യവസ്തുക്കള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക എന്നിവയാണു പ്രതിരോധ മാര്ഗങ്ങള്‍.
എന്നാല്‍, ഒരു പ്രതിരോധവും രക്ഷയ്ക്കെത്താത്ത ചില സ്ഥലങ്ങളുമുണ്ട്. ബാറിലും ഹോട്ടലിലും മേശയ്ക്കു ചുറ്റുമിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഒരു കടലയെങ്കിലും കൊറിക്കാത്തവരുണ്ടോ? ഒരു നിമിഷത്തില്‍ ആ പാത്രത്തിലേക്ക് എത്ര കൈകളാണു നീളുന്നത്. അടുത്തവട്ടം കടലയെടുക്കാന്‍ കൈനീട്ടുമ്പോള്‍ ഓര്ക്കുക, ഇത്തരം ഓരോ പാത്രത്തിലും മനുഷ്യമൂത്രത്തിന്റെ 13 സാംപിളുകളെങ്കിലും ഉണ്ടെന്നാണു ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ബാറിലെ കടലയ്ക്ക് ഉപ്പും രുചിയുമേറാനുള്ള കാരണം പിടികിട്ടിയല്ലോ!
ഡോ. ടൈറ്റസ് ശങ്കരമംഗലം,
ഡോ. ടൈറ്റസ് ശങ്കരമംഗലം,
ഇരവിപേരൂര്‍ , തിരുവല്ല.
കത്തെഴുതിയിരിക്കുന്നത് ഒരു മെഡിക്കല്‍ ഡോക്ടറാണെന്ന അനുമാനത്തിലാണു ഞാന്‍ ചിന്തിക്കുന്നത്. ബാക്റ്റീരിയകള്‍ എന്നുമുതലാണു വൃത്തികെട്ടവ ആയതെന്നു ഞാന്‍ കുറേനേരം തലപുകച്ചു; പോട്ടെ, സാരമില്ല! നമ്മുടെ ചുറ്റുമുള്ള, നാം അനുദിനം ഉപയോഗിക്കുന്ന പല വസ്തുക്കളിലും ഇത്തരം വൃത്തികെട്ട ബാക്റ്റീരിയകള്‍ നിറയെ ഉണ്ടത്രേ! ശരിയാണ്, എന്നിട്ടെന്തേ ഡോക്ടര്‍ ചിലര്ക്കു മാത്രം അസുഖം വരുന്നു? മറ്റുചിലര്‍ക്ക് ഒരു പനിയോ ജലദോഷമോ പോലും പിടിക്കുന്നില്ല താനും!!
അതിനുത്തരമാണു മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം. നമുക്കു ചുറ്റും വായുവിലും ജലത്തിലും മണ്ണിലും കോടാനുകോടി ബാക്ടീരിയകളുണ്ട്; അവയില്‍ പലതും നമുക്കു ഗുണം ചെയ്യുന്നവയുമാണ്. മറ്റുള്ളവ പല മാരകരോഗങ്ങള്ക്കും കാരണമായേക്കാവുന്നവ! നമ്മുടെ രോഗപ്രതിരോധസംവിധാനം വികസിക്കുന്നത്, ശക്തമാകുന്നത് ജനനം മുതലുള്ള ഇത്തരം ബാക്ടീരിയകളുമായുള്ള സമ്പര്ക്കത്തിലൂടെയാണ്, അല്ലാതെ ആന്റിബയോട്ടിക്ക് സോപ്പു തിന്നിട്ടോ, അണുനാശിനികള്‍ കുടിച്ചിട്ടോ അല്ല. ശൈശവത്തില്‍ ഇമ്മ്യൂണിറ്റി എറ്റവും കൂടുതലായിരിക്കും, ആ കാലഘട്ടത്തില്‍ ഇടപെടുന്ന അണുക്കള്ക്കെതിരേ നമ്മുടെ ശരീരം ആയുധങ്ങള്‍ സ്വരുക്കൂട്ടിവെക്കുന്നു - അതായത് പ്രതിരോധം കൈവരിക്കുന്നു. ഇങ്ങനെ കൊടുക്കല്‍-വാങ്ങലുകളിലൂടെ വികസിച്ച ഒരു രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധാരണ നമുക്കു ചുറ്റും കാണുന്ന രോഗാണുക്കള്‍ക്കു കഴിയുകയില്ല. ഇതുപോലെയുള്ള രോഗപ്രതിരോധരീതി ശരീരത്തില്‍ വേണ്ടവിധം വികസിക്കുന്നില്ല എന്നുള്ളതാണു ഇന്നത്തെ മലയാളിയുടെ ശാപം. നമ്മള്‍ മണ്ണിലും ചളിയിലും കുത്തിമറിയുന്ന മറുനാട്ടുകാരന്‍ തൊഴിലാളിയെ നോക്കി പരിതപിക്കുന്നു, അവര്ക്കാണെങ്കില്‍ ഇത്തരം യാതൊരു അസുഖവും എളുപ്പം പിടിപെടുന്നുമില്ല! ലോകത്ത് ഏറ്റവും കൂടുതല്‍ അലര്ജിരോഗികളുള്ളത് അമേരിക്കയിലും യൂറോപ്പിലുമാണ്, പൊടിയും ചളിയും കൂടുതലുള്ള ആഫ്രിക്കയിലോ ഇന്ത്യയിലോ അല്ല!!
മലയാളിയുടെ സംസ്കാരം സോപ്പിന്റെയും ഡിറ്റര്ജന്റിന്റെയും ആന്റിബയോട്ടിക് ലായനികളുടെയും പിടിയില്‍ അകപ്പെട്ടുപോയി; പുതിയ പുതിയ അണുനാശിനികള്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന തിരക്കിലാണവര്‍. അച്ഛന്‍ മകനെ തൊട്ടാല്‍ ബാക്റ്റീരിയയും വൈറസും പകരും എന്നു പരസ്യത്തില്‍ കേട്ട് അന്ധാളിച്ചിരിക്കുകയാണെല്ലാവരും. കുട്ടികളെ പാര്ക്കില്‍ കളിക്കാന്‍ വിടരുത്, കാരണം പാര്ക്ക് ബെഞ്ചില്‍ അണുക്കള്‍ കാണും, പുല്ലിലും മണ്ണിലും പറയുകയേ വേണ്ട!! പണ്ടൊക്കെ കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ കുമ്മാട്ടിയെന്നും കുമ്പാരിയെന്നും പറഞ്ഞിടത്ത് ഇന്നു കീടാണുവെന്നാണു പറയുന്നത്: അത്തരം ഭീകരരൂപങ്ങളാണവര്‍ ടീവീയില്‍ കാണുന്നത്!! മനുഷ്യന്‍ മനുഷ്യനെ, മക്കള്‍ അച്ഛനെ തൊടാനറയ്ക്കുന്ന ഒരു സംസ്കാരമാണോ നമുക്ക് വേണ്ടത്?!
ഡോക്ടര്‍, എയിഡ്സ് എന്നാല്‍ എന്താണെന്നു താങ്കള്‍ക്കറിയാമല്ലോ: നമ്മുടെ രോഗപ്രതിരോധസംവിധാനത്തെയപ്പാടെ തകരാറിലാക്കുന്ന എയിഡ്സ് വൈറസ് ചെയ്യുന്ന അതേ പുണ്യപ്രവൃത്തി തന്നെയല്ലേ ഈ വൃത്തിസംസ്കാരം ചെയ്യുന്നത്?! അന്താരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക് കീശ വീര്‍പ്പിക്കാനുള്ള ഈ പരസ്യ പ്രചാരണങ്ങള്‍ക്കിടയില്‍ മലയാളിക്ക് കൈവിട്ടുപോകുന്നത് അവന്റെ ആരോഗ്യമാണ്, സൂക്ഷിക്കുക!