അങ്ങനെ ചാമ്പ്യന്‍സ് ലീഗും തുടങ്ങി. കോഴ-ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിട്ടുകൂടി ആരും ഒന്നും മിണ്ടുന്നില്ല, മാധ്യമങ്ങളിലൊന്നും കോഴക്കളിയുടെ പാരമ്യമായ IPL -നെ പറ്റിയോ ചാമ്പ്യന്‍സ് ലീഗിന്റെ ബെറ്റിംഗ് സാധ്യതകളെക്കുറിച്ചോ രണ്ടുവരി പോലുമില്ല! എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്, കളി കണ്ടാല്‍ പോരെ അല്ലേ?!
ക്രിക്കറ്റ് കളിക്കുന്ന ആറു രാജ്യങ്ങളില്‍ നിന്നുള്ള പത്തു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്; ഇന്ത്യയില്‍നിന്നു മൂന്നു ടീമുകള്‍. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടു ടീമുകള്‍ ഉണ്ടായിരുന്നു, ഇത്തവണ ഇംഗ്ലണ്ട്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇത്രയും കാലം ചാമ്പ്യന്‍സ് ലീഗ് എന്നാല്‍ ഫുട്ബോളില്‍ മാത്രമേ കേട്ടിരുന്നുള്ളൂ; IPL നടത്തി കാശ് വാരിയ ലളിത് മോഡിക്ക് 2008 -ലാണ് ഇങ്ങനെയൊരു ബുദ്ധി ഉദിച്ചത്, കൂട്ടിനു ഒസ്ട്രെലിയക്കാരും കൂടി.
സംഗതി രസമാണ്: കേരളത്തിന്റെയോ ബംഗാളിന്റെയോ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടീം ലോകതാരങ്ങള്‍ നിറഞ്ഞ സ്പാനിഷ് - ഇംഗ്ലീഷ് ക്ലബ് ടീമുകളോട് കളിക്കുന്നതുപോലെ! ഇന്ത്യയില്‍നിന്നുള്ള മൂന്നു ടീമുകള്‍ നിറയെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വമ്പന്‍ താരങ്ങളുടെ കൂട്ടപൊരിച്ചില്‍ ആണ്... ഹെയ്ഡന്, കാല്ലിസ്, സച്ചിന്, ദ്രാവിഡ്, ധോണി, ഹസ്സി, കെംപ് എന്നിവര്‍ ചില ഉദാഹരണങ്ങള്‍. പാവം ഗയാനക്കാരും ആഫ്രിക്കക്കാരുമൊക്കെ കുടമാറ്റത്തിനു പൂരപ്പറമ്പില്‍ ചെന്നുപെട്ട ആട്ടിന്‍കുട്ടികളെ പോലെ വിരണ്ടുപോകും!
ഷാര്ജയ്ക്കുശേഷം ഒത്തുകളിയുടെ വിളനിലമായ സൌത്ത് ആഫ്രിക്കയിലാണ് ഇത്തവണത്തെ മാമാങ്കം. അവിടെ ഒത്തോ ഒക്കാതെയോ എങ്ങനെ കളിച്ചാലും ആര്‍ക്കും പരാതിയില്ല; കളിച്ചില്ലെങ്കിലും കുഴപ്പമില്ല. അല്ലേലും പലരും ക്രിക്കറ്റ് കളിക്കാനല്ല സൌത്ത് ആഫ്രികയില് പോകുന്നതെന്ന് പണ്ടേ നമ്മുടെ "കള്ള IPL കളിക്കാരന്" പറഞ്ഞിട്ടുണ്ടല്ലോ! എന്തൊക്കെ കാണണം ദൈവമേ!
തങ്ങള്‍ കാഷിറക്കിയ ടീം ജയിക്കാനായി എന്ത് തന്തയില്ലാത്തരവും ചെയ്യുമെന്ന് ബുക്കിമാര് തെളിയിച്ചിട്ടുള്ളതാണ്; ബാംഗ്ലൂര്‍ സ്റ്റെടിയത്തിനടുത്ത് സ്ഫോടനം നടന്നത് മത്സരം മുംബൈക്ക് മാറ്റാനായിരുന്നുവെന്നു കര്‍ണാടക അഭ്യന്തരന്‍ വരെ പറഞ്ഞില്ല്ലേ?! (സ്ഫോടനം മദനി നടത്തിയതാണെന്ന് അങ്ങേര്‍ക്കു വെളിപാടുണ്ടാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പ്!). കോടിക്കണക്കിനു രൂപ ലളിത് മോഡി വെട്ടിച്ചു എന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നു, എന്നിട്ടെന്തായി?!