ആ സന്തോഷത്തിനു പൊന്‍തൂവലണിയിക്കാന്‍ അവര്‍ കോഴിക്കോടിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച 4 പേരെയും കണ്ടെത്തി. കോഴിക്കോട്ടുകാര്‍ സ്വപ്നത്തില്‍ പോലും കളിക്കുന്ന ഒരേയൊരു കളി ഫുട്ബോള്‍ ആണ്, ആ ഫുട്ബോളിന്റെ പൊന്‍താരമായി ഉദിച്ചുയര്‍ന്ന ജംഷാദ് (ഫാറൂഖ് ഹൈസ്കൂള്‍). ആര്സെനല്‍ ട്രെയിനിങ്ങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ടുകാരന്‍!! കോഴിക്കോടിന്റെ വൈകുന്നേരങ്ങള്‍ക്ക് എന്നും ബാക്ക്ഗ്രൌണ്ട് മ്യൂസിക് എം എസ് ബാബുരാജ് ആയിരുന്നു. കോഴിക്കോട്ടുകാര്‍ കൂടിയപ്പോള്‍ ആ പതിവും തെറ്റിച്ചില്ല, ബാബുരാജിന്റെ കൂടെ പാടിപതിഞ്ഞ സ്വരമായ തങ്കം റേച്ചലും അവരോടൊപ്പം കൂടി.
"പറക്കുന്ന കാക്കയ്ക്കും ചിക്കുന്ന കോഴിക്കും എന്റെ ഒരു പിടി ചോറു" എന്നു കേട്ടു ശീലിച്ച കോഴിക്കോട്ടുകാര്‍ക്ക് അഭിമാനമായി വെള്ളയിലെ ഇറച്ചിവെട്ടുകാരന്‍ ഹനീഫാക്കയും ഉണ്ടായിരുന്നു. മാനസിക രോഗികള്‍ക്കും വിശന്നു വലഞ്ഞു നടക്കുന്ന അഗതികള്‍ക്കും സ്വന്തം കൈ കൊണ്ടു വാരി ഊട്ടുന്ന കോഴിക്കോട്ടുകാരന്‍! കോഴിക്കോട് പെയിന്‍ & പാലിയേറ്റിവ് കെയറിലെ ഏറ്റവും നല്ല വേദനസംഹാരി ഒരു ഗുളികയോ ഇഞ്ജക്ഷനോ അല്ല, അത് ഷിബു പീപ്പിള്‍സ് റോഡെന്ന കോഴിക്കോട്ടുകാരനാണ്.
കോഴിക്കോട്ടെ അറിയപ്പെടാത്ത മാണിക്ക്യങ്ങളായ ഇവരെ ആദരിക്കാന്‍ കോഴിക്കോട്ടുകാര്‍ തെരഞ്ഞെടുത്തത് തിളങ്ങുന്ന മറ്റൊരു കോഴിക്കോടന്‍ വ്യക്തിത്വത്തെയാണ്. സിനിമാ സംവിധായകന്‍ ശ്രീ. രെഞ്ജിത്തിനെ! യാത്രയിലായിരുന്ന അദ്ദേഹം എത്തിച്ചേരാന്‍ കഴിയാഞ്ഞതിലുള്ള വിഷമവും ആശംസകളും ഫോണിലൂടെ സദസ്സുമായി പങ്കുവെച്ചു! അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രശസ്ത ചിത്രകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പോള്‍ കല്ലാനോട് തങ്കം റേച്ചലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട്ടുകാരുടെ ബഹുമാനസൂചകമായി ഒരു ചെറിയ തുക അവര്‍ക്ക് കൈമാറി. തുടര്‍ന്ന്, ശ്രീ. ഹനീഫ വെള്ളയിലിനു അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍ ക്കൊരു പ്രോല്‍സാഹനം എന്ന നിലയില്‍ 7500 രൂപയുടെ ചെക്ക് സമര്‍പ്പിച്ചു. ശ്രീ. ഷിബു പീപ്പിള്‍സ് റോഡിനു ഒരു മൊബൈല്‍ ഫോണും ശ്രീ. ജംഷാദിനു ഫുട്ബോള്‍ കിറ്റും ഉപഹാരമായി നല്കുകയുണ്ടായി.
ഇപ്പോള്‍ സെക്കന്തരാബാദില്‍ കഴിയുന്ന നടേഷ് നായക് എന്ന എണ്‍പതുകാരനായ കോഴിക്കോട്ടുകാരന്റെ ആഗ്രഹഫലമായിരുന്നു ഈ കൂടിചേരല്‍. പക്ഷേ, അനാരോഗ്യം കാരണം അദ്ദേഹത്തിനു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല! വേദിയും ഭക്ഷണവും അടക്കം ഈ ഒത്തുചേരലിനുണ്ടായ പണച്ചെലവിന്റെ ഭൂരിഭാഗവും വഹിച്ചുകൊണ്ട് അദ്ദേഹം കോഴികോട്ടുകാര്‍ക്കൊരു ഉത്തമമാത്രുകയായി.
പരിപാടി ആദ്യാവസാനം നിയന്ത്രിക്കാന്‍ കോഴിക്കോടിനൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത രണ്ടു മുഖങ്ങള്‍ - 91.9 റേഡിയോ മാംഗോയുടെ രഘുവും കോഴിക്കോടിനു കോമഡിയുടെ പര്യായമായ വിനോദ് കോവൂരും!!
പരിചയപ്പെടലിന്റെയും തിരിച്ചറിയലുകളുടെയും ബഹളങ്ങള്‍ക്കൊടുവില്‍ മുസ്തഫയും സംഘവും നയിച്ച പഴയ ഗാനങ്ങള്‍ കോര്ത്തിണക്കിയ സംഗീതസന്ധ്യ ഗ്രുഹാതുരത്വത്തില്‍ വിഹരിക്കുന്ന ഈ ഓണ്‍ലൈന്‍ സൌഹ്രുദകൂട്ടായ്മയ്ക്ക് ഉചിതമായൊരു ഉറക്കുപാട്ടായി!