ഓര്‍ക്കുട്ട്, ഫേസ് ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൌഹൃദകൂട്ടായ്മകളുടെ വസന്തകാലമാണല്ലോ ഇന്ന്. ഇടയ്ക്കിടെ തിരക്കില്‍നിന്നു വിട്ടുനിന്ന്‍ ഈ തള്ളിക്കയറ്റത്തെ നോക്കികാണാന്‍ പ്രേരകമാകുന്ന ചില ഞെട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ എത്ര നിരര്‍ഥകമെന്ന് എന്നെ ഓര്‍മിപ്പിച്ച ഒരു അനുഭവം കൂടി:
കഴിഞ്ഞ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് ടൌണ്‍ ഹാളില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഫേസ് ബൂകിലെ ഒരു സുഹൃത്തിനെ അവിടെ കാണുന്നത്. റിയല്‍ ലൈഫ്-ല്‍ വലിയ പരിചയമൊന്നുമില്ല, ഒരു തവണ ഒരു ഫേസ് ബുക്ക് ഗ്രൂപ്പ് കൂട്ടായ്മയില്‍ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്, വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ആ ഒത്തുചേരല്‍ വേളയില്‍ ഒന്നുരണ്ടു മണിക്കൂര്‍ ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് അപ്ഡേറ്റ്, ചിത്രങ്ങള്‍ എന്നിവ ലൈക്കാറും കമ്മെന്റാറും ഉണ്ട്.
ഏതായാലും ഒരേ ഗ്രൂപിലെ അംഗങ്ങളും ഓണ്‍ലൈന്‍ സുഹൃത്തുക്കളും ആണല്ലോ, ഒന്ന് പരിചയം പുതുക്കിക്കളയാം എന്ന് കരുതി അടുത്ത് ചെന്നു. ആള്‍ക്ക് മനസ്സിലാകാത്ത പോലെ! ഞാന്‍ ഇന്നയാള്‍ (ഫേസ് ബുക്ക് പേര്) എന്ന് പരിചയപ്പെടുത്തി, എന്നിട്ടും മനസ്സിലായ മട്ടില്ല; ഗ്രൂപ്പിന്റെ പേര് കൂടി പറഞ്ഞു. മകള്‍ക്ക് സുഖമല്ലേ എന്നന്വേഷിച്ചു.. ചിത്രങ്ങളൊക്കെ കാണാറുണ്ട്, നന്നാവുന്നുണ്ട് എന്നുകൂടി പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. ഇപ്പോഴും കക്ഷിക്ക് റേഞ്ച് ക്ലിയര്‍ ആയ പോലെ തോന്നിയില്ല; കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി!
എന്നെ ഇരുത്തി ചിന്തിപ്പിച്ച അനുഭവം ആയിരുന്നു അത്.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാന്‍ പ്രയത്നിക്കുമ്പോള്‍ നാം മറന്നുപോകുന്ന പലതുമുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും നാം മറക്കുന്നു. രോഗശയ്യയില്‍ കഴിയുന്ന അയല്‍ക്കാരനെ മറന്ന് വിദേശത്തുള്ള അദൃശ്യ സുഹൃത്തിനു നമ്മള്‍ ആശംസകള്‍ കൈമാറുന്നു. ഇത്തരം കൂട്ടായ്മകളില്‍ ദാനധര്‍മങ്ങള്‍ നടത്താന്‍ പരസ്പരം മത്സരിക്കുമ്പോള്‍ സ്വന്തം അയല്‍വക്കത്തെ കുടുംബം ഒരുനേരം വയറുനിറക്കാന്‍ പാടുപെടുന്നത് നമ്മള്‍ സൌകര്യപൂര്‍വ്വം കാണാതിരിക്കുന്നു.
ഒരു തിരുത്തല്‍ ചിന്തയ്ക്ക് സമയമായെന്ന് തോന്നുന്നു...: എന്റെ പ്രിയ ഫേസ് ബുക്ക് സുഹൃത്തേ, താങ്കള്‍ക്കെന്തു തോന്നുന്നു?!