ഉച്ചയ്ക്ക് ഊണുമേശയില്‍ ചെന്നിരുന്നപ്പോള്‍ കണ്ട കാഴ്ച: ചോറാകെ വെന്തു കട്ട പിടിച്ചിരിക്കുന്നു. ഉമ്മാ, ഇതെന്താ ഇങ്ങനെ? എന്ന് ചോദിച്ചപ്പോള്‍, 'റേഷനരിയാണ്.. വേവ് കുറച്ചു കൂടിപ്പോയി' എന്ന് മറുപടി. 'വെറുതെയല്ല, ഇങ്ങക്കെന്തിന്റെ കേടാ..' എന്നും പറഞ്ഞ് ഉണ്ണാനിരുന്നു.
പരിപ്പിട്ട വെള്ളരിക്ക കറിയും (കറിയില്‍ തുവരപരിപ്പ് നിറയെ വേണം, ആവശ്യത്തിനു പഴുത്ത തക്കാളിയും) അയില മുളകിട്ടതും ചേര്‍ത്തൊരു പിടിപിടിച്ചപ്പോള്‍ എന്താ ഒരു ടേസ്റ്റ്.. ഹായ്, റൊമ്പ പ്രമാദം! നല്ല നീണ്ട, തുമ്പപ്പൂ പോലത്തെ വറ്റുകള്‍, നല്ല രുചി. കറി കൂട്ടി കുഴച്ചപ്പോള്‍ വേവ് കൂടിപ്പോയത് അറിയാനേ ഇല്ല! അയല പൊരിച്ചതും പപ്പടവും കടുമാങ്ങാ അച്ചാറും ബീന്‍സ് ഉപ്പേരിയും ചേര്‍ന്നപ്പോള്‍ കുശാല്‍.!...!, yummy!!
പണ്ട് Ruby Nazer എന്നൊരു അരിക്കച്ചവടക്കാരന്‍ പറഞ്ഞത് ഓര്‍മയുണ്ട്: മാര്‍ക്കെറ്റില്‍ നിന്ന് 26 രൂപയ്ക്ക് വാങ്ങുന്ന അരിയാണ് സര്‍ക്കാര്‍ റേഷന്‍ കടയിലൂടെ ഒരു രൂപയ്ക്ക് വില്‍ക്കുന്നതെന്ന്. ശരിയായിരിക്കുമെന്നു ഇപ്പോള്‍ തോന്നുന്നു!!
ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കേട്ട ഒരു അഭിപ്രായം ഇങ്ങനെയാണ്: "കുറച്ചു കറി മതി അതിന്, ദഹനവും പെട്ടെന്ന് നടക്കും!" പിന്നെ, സത്യം പറയാമല്ലോ.. ശോധനയും നന്നായി നടക്കും. :D
റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന പച്ചരിയും ഗോതമ്പും മറ്റും ഒന്നാം നമ്പര്‍ ആണെന്ന് പറയുന്നു, എങ്കിലും മലയാളി വാശിയിലാണ്.. അരി കിലോക്ക് 35 രൂപ കൊടുത്ത് പുറത്തു നിന്നേ വാങ്ങൂ!! മധ്യവര്‍ഗ മലയാളി റേഷന്‍ കടകളെയും മാവേലി, നീതി സ്റ്റോര്‍കളെയും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയാല്‍ സ്വകാര്യ അരി കച്ചവടക്കാരുടെ ഹുങ്ക് അതോടെ തീരും!
വാല്‍ക്കഷണം: റേഷനരി കുറച്ച് നല്ലെണ്ണയില്‍ മുക്കി വെയിലത്തിട്ട് ഒന്ന് ചവിട്ടി മെതിച്ചെടുത്താല്‍ ബ്രാന്‍ഡട് അരിയായി മാറുമെന്നതാണ് സത്യം.. ഇതാണത്രേ പല കടകളിലും 30ഉം 35ഉം രൂപയ്ക്ക് വില്‍ക്കുന്നത്!