Sunday, December 06, 2009

എന്നെ തല്ലാന്‍ വരുന്നേ...............!!!

സത്യമായും! ആരാണു തല്ലാന്‍ വരുന്നതെന്നോ? പറയാം. ബൂലോകത്തും ഓര്‍മക്കൂട്ടിലും (ഓര്‍ക്കൂട്ട് എന്നു ചുരുക്കം) 'തല്ലും കൊല്ലും' എന്നൊക്കെ ഭീഷണികള്‍ മുഴങ്ങുന്നത് പലതവണ നേരിട്ടു കണ്ടിട്ടുണ്ട്. ബൂലോകമെവിടെക്കിടക്കുന്നു, ഒറിജിനല്‍ ലോകം എവിടെക്കിടക്കുന്നു, അല്ലേ?! പത്തു ചട്ടമ്പികള്‍ മുന്നില്‍ വന്നു നെഞ്ചുവിരിച്ചുനിന്ന്  "ഞങ്ങ നിന്നേം കൊണ്ടേ പോകൂ" എന്നു പറഞ്ഞാലോ?!
            ഗുരുര്‍ - ബ്രഹ്മ  ഗുരുര്‍ - വിഷ്ണു ; ഗുരുര്‍ - ദേവോ  മഹേശ്വര,
            ഗുരു സാക്ഷാത് പരം ബ്രഹ്മ ; തസ്മൈ ശ്രീ ഗുരവേ നമ: 
പണ്ടാരാണ്ട് കഞ്ചാവടിച്ച് എഴുതിയതാണ്. 'അതൊക്കെ അന്ത കാലം' എന്നാവും എന്നോടിപ്പോള്‍ ചോദിച്ചാല്‍ മറുപടി. കാരണമുണ്ട്, ആ കിസ്സയാണ് പറഞ്ഞ് വരുന്നത്. ഒരു കോളേജ് അധ്യാപകനായി ഞാന്‍ വിരാജിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ആറായി. ഇതിനിടയ്ക്ക് കോഴിക്കോട് ഫാറൂക്ക് കോളേജില്‍ നാലഞ്ചുകൊല്ലം പണിയെടുത്തു. വമ്പന്മാര്‍  (വിദ്യാര്‍ഥി - അധ്യാപക വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ല)  വിലസുന്ന കോളേജ് ആയതുകൊണ്ട് ഒതുങ്ങിക്കൂടി പാവമായാണ് കഴിഞ്ഞത്. എന്നാലും ഇടയ്ക്കിടെ ചോര ചൂടാകും, എന്തോ അധ്യാപകരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ അവിടത്തെ വിദ്യാര്‍ഥികള്‍ മാന്യന്മാരായതുകൊണ്ട് അടി കിട്ടിയില്ല. അങ്ങിനെ അധികം ആരെക്കൊണ്ടും മോശം പറയിക്കാതെ (നല്ലതും) അവിടെ നിന്നും ടീസീ വാങ്ങി കോടഞ്ചേരി ഗവണ്മെന്റ് കോളേജില്‍ ചേര്‍ന്നു. ഇവിടെ വന്നപ്പോളെന്താ?: ചെറിയൊരു കോളേജ്, അതില്‍ കുറച്ചു കുട്ടികള്‍, അധ്യാപകരും കുട്ടികളും ഭായ്-ഭായ്! കോടഞ്ചേരിയില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി പോകുമ്പോള്‍ സാഗര്‍ സര്‍ പറഞ്ഞത് ഓര്‍മയുണ്ട്: "ഇവിടത്തെ കുട്ടികള്‍ക്ക് രണ്ടു മാസം NSS ക്യാമ്പ്‌, രണ്ടു മാസം ഫൈന്‍ ആര്‍ട്സ്, രണ്ടു മാസം ടൂര്‍, അത്രയും മതി. ക്ലാസ്സൊന്നും വേണ്ട!"
         ഗണപതിക്ക്‌ കൊടുത്തിട്ടു തന്നെയാണ് തുടങ്ങിയത്. അതിന്റെ ഐശ്വര്യവുമുണ്ടായിരുന്നു. ആണ്‍ പിള്ളേര്‍ എല്ലാം നല്ല കമ്പനി (ആത്മഗതം ഞാന്‍ കേട്ടു, 'ഞാന്‍ ആള് ശരിയല്ല' എന്ന് പെണ്‍കുട്ട്യോള്‍ക്ക് മനസ്സിലായിക്കാണും എന്നല്ലേ?)!  സത്യം പറയാല്ലോ, കോളേജ് ലൈഫ് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങിയത് കോടഞ്ചേരിയില്‍ വന്നതിനു ശേഷമാണ്  എന്ന് വരെ വേണമെങ്കില്‍ പറയാം. ഫാറൂഖ് കോളേജില്‍ ഞാന്‍ എന്നെ സ്വയം കെട്ടിയിട്ട വലക്കണ്ണികള്‍ താനേ പോട്ടിപ്പോയപോലെ, ആദ്യമായി ശ്വാസകോശങ്ങള്‍ നിറച്ച് ശ്വാസം കഴിച്ച പോലെ, ശരീരമില്ലാത്ത (ശരീരത്തെക്കുറിച്ച് വേവലാതികളില്ലാത്ത എന്നും വായിക്കാം!), സര്‍വതന്ത്രസ്വതന്ത്രനായ ഒരു ആത്മാവു മാത്രമായി ഞാനാ കൊച്ചു കോളേജിന്റെ പിടുങ്ങാച്ചിക്കെട്ടിടത്തിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു.

          ആരെയും പറഞ്ഞിട്ടു കാര്യമില്ല, എല്ലാം ഞാന്‍ വരുത്തിവച്ചതു തന്നെ; അല്ലെങ്കില്‍ ഫറൂഖ് കോളേജില്‍ എന്നെ ആരെങ്കിലും കെട്ടിയിട്ടിരുന്നോ, ഇന്നതു ചെയ്യ് ഇന്നതു പാടില്ല എന്നാരെങ്കിലും പിന്നാലെ നടന്ന് സദാ സമയവും ഗുണദോഷിച്ചുകൊണ്ടിരുന്നോ? ഇല്ല. എന്തോ ഒരു അസ്വസ്ഥത, ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്നു എന്നത് നേര്. അതെല്ലാം അവിടെ നിക്കട്ടെ, പിന്നൊരിക്കല്‍ വിശദമായി ചര്‍ച്ച ചെയ്യാം!
        അന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യവും അല്ലലില്ലായ്മയും! വിദ്യാര്‍ഥികള്‍ എന്റെ സുഹ്രുത്തുക്കളായി, വര്ഷ-വിഷയ വ്യത്യാസമില്ലാതെ! പല കാര്യങ്ങളിലും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് ആ ബന്ധങ്ങള്‍ മാന്യമായി തുടര്‍ന്നു (എല്ലാ അധ്യാപകരും അങ്ങനെയായിരുന്നില്ല എന്നതിവിടെ വിസ്മരിക്കുന്നില്ല). രസകരമായി കലാലയജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ചില കല്ലുകടികള്‍ ഫീല്‍ ചെയ്യാന്‍ തുടങ്ങി. അധ്യാപക-വിദ്യാര്‍ഥി ബന്ധം നിയന്ത്രണരേഖ വിട്ടു നീങ്ങുകയാണോ എന്നു സംശയിച്ച ദിവസങ്ങള്‍. പ്രത്യേകിച്ചും, ഇലക്ഷന്‍ കാലത്തെ കശപിശകള്ക്കിടയ്ക്ക് അധ്യാപകരോടുള്ള പെരുമാറ്റങ്ങള്‍. മലപ്പുറം കോളേജില്നിന്നും ഈ വര്‍ഷം സ്ഥലം മാറി വന്ന ഇക്കണോമിക്സ് അധ്യാപകന്‍ വൈസീ ഇബ്രാഹീമിന്റെ ഭാഷയില്‍ പറഞ്ഞാല്‍: "മലപ്പുറത്ത് ഇതിലും കൂടിയ തല്ലു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എന്തു പ്രശ്നം വന്നാലും, എത്ര തലതെറിച്ചവനായാലും ഒരു കുട്ടിയും അവിടെ അധ്യാപകനു നേരേ കൈചൂണ്ടി തെരുവുഭാഷ സംസാരിക്കില്ല!"  
         അറിവ് അരച്ചുകുറുക്കി സ്പൂണില്‍ കോരി കൊടുക്കുകയല്ല, വളരുന്ന തലമുറയ്ക്ക് നല്ല പെരുമാറ്റവും സംസ്കാരവും പകര്‍ന്നുകൊടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് കോടഞ്ചേരി കോളേജിലെ അധ്യാപകരെ ഇനിയാരും പഠിപ്പിക്കേണ്ട എന്ന മട്ടിലായി കാര്യങ്ങള്‍! 
           എല്ലാ പ്രശ്നങ്ങളുടെയും തിരക്കഥ സമാനമായിരുന്നു: രണ്ടു പയ്യന്മാര്‍ തമ്മില്‍ രാവിലെത്തന്നെ അതും ഇതും പറഞ്ഞ് ഉരസ്സുന്നു, ഒരുത്തന്‍ മറ്റവനെ രണ്ട് പൊട്ടിക്കുന്നു, മറ്റവന്‍ പാര്‍ട്ടിക്കാരെ കൂട്ടിവന്ന് ആദ്യത്തവനെ പൂശുന്നു, കൂട്ടത്തല്ല്, (അതിനിടയ്ക്ക് തടയാന്‍ ചെല്ലുന്ന പാവം അധ്യാപകന്‍ എല്ലാം കഴിയുമ്പോഴേക്ക് എണ്ണത്തോണിയില്‍ കിടന്ന പരുവമായിട്ടുണ്ടാകും, കേട്ടുപഠിച്ച സംസ്ക്രുതപദങ്ങള്‍ ബോണസ്!) പരാതിയുമായി രണ്ടുകൂട്ടരും പ്രിന്സിയെ കാണുന്നു, സ്റ്റാഫ് കൌണ്സില്‍ വിളിക്കുന്നു, രണ്ടു മണിക്കൂര്‍ മീറ്റുന്നു, അന്വേഷണകമ്മീഷനെ വെക്കാന്‍ തീരുമാനം, അപ്പോഴേക്കും കുട്ടിനേതാക്കന്മാര്‍ രണ്ടു കൂട്ടരെയും വിളിച്ചു കൈകൊടുപ്പിക്കുന്നു, ഉച്ചയൂണ്‍ പോലും ഉപേക്ഷിച്ച് സമാധാനപാലനത്തിനു മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അധ്യാപഹയന്മാരെ വിഡ്ഡികളാക്കി രണ്ടുപേരും പരാതിയില്ല എന്നു പറയുന്നു, മംഗളം ശുഭം!! 
           എറ്റവുമധികം വിശ്വസിച്ച, സ്നേഹിച്ച കുട്ടികള്‍ വരെ അച്ചടക്കരാഹിത്യം ചോദ്യംചെയ്യുന്ന അധ്യാപകനെതിരെ വ്യാജപരാതിയുമായി വരുന്ന അവസ്ഥ; എന്നോട് ഒരു വിദ്യാര്‍ഥിക്കും പരിഭവമില്ലായിരുന്നു, എന്റെ മുമ്പില്‍ ന്യായങ്ങള്‍ നിരത്താന്‍ പലരും മത്സരിക്കുകയായിരുന്നു.  പക്ഷേ,  അധ്യാപകരെ ബഹുമാനിക്കാനറിയാത്ത (കുറഞ്ഞപക്ഷം ദ്രോഹിക്കാതിരിക്കാനുള്ള മനസ്സില്ലാത്ത) ആ കുട്ടികളോട് ഔദ്യോഗികബന്ധത്തിനപ്പുറം ഒന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഇവിടെ വിശദീകരിക്കുന്നില്ലെങ്കിലും ഇതിനിടയിലുണ്ടായ സംഭവവികാസങ്ങള്‍ എന്നെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു: ഉയരങ്ങളില്‍ നിന്നു താഴോട്ടു വീഴുമ്പോഴുള്ള അസഹനീയമായ വേദന!
          അങ്ങനെ ചരിത്രത്തിലാദ്യമായി, കോളേജ് ഇലക്ഷന്റെ റിട്ടേണിംഗ് ഓഫീസര്‍ തന്നെ കോളേജ് യൂണിയന്റെ സ്റ്റാഫ് അഡ്വൈസര്‍ ആകുന്ന പതിവ് തെറ്റി. ഞാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ചു.  സൂചിമുഖി നേച്ചര്‍ ക്ലബിന്റെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും രാജിവെക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു  എന്നു പറയുമ്പോളറിയാമല്ലോ ആ വേദനയുടെ തീവ്രത! ഇനി വിദ്യാര്ഥികളുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നത്തിലും ഇടപെടില്ല എന്നു പ്രതിജ്ഞയെടുത്തു ("കണ്മുന്നില്‍ കുത്തേറ്റു വീണുകിടന്നാലും തിരിഞ്ഞുനോക്കില്ല, പോലീസുവന്നു കൊണ്ടുപോകട്ടെ " എന്നായിരുന്നു പ്രതിജ്ഞയുടെ പൂര്‍ണരൂപം). ഹിഹി, എനിക്കുതന്നെ ഇതു കിട്ടണം!
      അങ്ങനെയിരിക്കെ ആ സുദിനം വന്നെത്തി. അന്നു കോളേജിലെത്താന്‍ കുറച്ചു വൈകി. ഒരവര്‍ ക്ളാസ്സെടുത്ത് നേരേ കാന്റീനിലേക്കു നടന്നു. സമയം ഒരു പതിനൊന്നരയായിക്കാണും.  കാന്റീനു കുറച്ചു മുകളിലായി കുറച്ചുപേരുടെ ഒരു യോഗം. ആരെയും കണ്ടു പരിചയമില്ല, എന്തായാലും ഇവിടത്തെ കുട്ടികളല്ല; കുട്ടികളേയല്ല, അത്യാവശ്യം പത്തുമുപ്പതുവയസ്സൊക്കെയുള്ളവര്‍ കൂട്ടത്തിലുണ്ട്. റംസാന്‍ സാറും കരീം സാറും ചായ കുടിച്ച് പുറത്തേക്കിറങ്ങാന്‍ നില്ക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കമ്പനി തരാമെന്നു പറഞ്ഞ് അവര്‍ തിരിച്ചുകയറി. 
          ആരാണതെന്ന് സാറന്മാര്‍ക്കും പിടിയില്ല. ഞാന്‍ എസ് എഫ് ഐ  നേതാവ് നിജീഷിനോട് ചോദിച്ചു, അവനും അറിയില്ല. അധികസമയം കഴിഞ്ഞില്ല, കാന്റീനുപുറത്ത് ഭയങ്കര ബഹളം! ഞാനെന്തിനാ എഴുന്നേറ്റതെന്നോ അങ്ങോട്ടു പോയതെന്നോ ഒന്നും അറിയില്ല, ചിന്തിച്ചില്ല. അടുത്ത നിമിഷം ബഹളത്തിനു നടുക്കാണ്, നടുമധ്യത്തില്‍! മറ്റവന്മാര്‍ നാട്ടുകാരാണ്. ഞാന്‍ ചെന്ന് ഇടയ്ക്കുകയറുമ്പോ ചില ആണ്കുട്ടികളും വരത്തന്മാരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്,  പക്കമേളത്തിന് അന്താക്ഷരി! തല്ലിനുമുന്പുള്ള ഫോര്‍-പ്ളേ ആണെന്നു കണ്ടപ്പോഴേ മനസ്സിലായി. ഞാന്‍ നമ്മുടെ പയ്യന്മാരെ പിടിച്ചുമാറ്റി, ശേഷം മറ്റവന്മാരെയും പിടിച്ചുമാറ്റി (പിടിച്ചുതള്ളി എന്ന് അവര്‍ പറയുന്നു). കാഴ്ചക്കാരായി കുറെ പെണ്കുട്ടികളും ഉണ്ട്. എന്തായാലും പിടിച്ചുമാറ്റിയത് സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അഞ്ചെട്ടു പേരുണ്ട്, ഒക്കെ നല്ല ലെവലിലുമാണ്. നീയെങ്ങനെയാ ദേഹത്തു തൊടുക, പിടിച്ചു തള്ളുക എന്നൊക്കെയാണ് ചോദ്യം. എന്തു പറയാനാ, ദേഷ്യം മുഴുവന്‍ എന്നോടായി. "ഇതു കോളേജ് ക്യാമ്പസാണ്, ബഹളമൊക്കെ ക്യാമ്പസിനുപുറത്ത്" എന്നു ശാന്തമായി അവരോടു പറഞ്ഞു. "ഓഹോ ഇതു ക്യാമ്പസാണോ, നീ പുറത്തിറങ്ങുമല്ലോ, നമുക്ക് പുറത്തുവച്ചു കാണാം" എന്ന് ഒരുത്തന്‍. "നീ പുറത്തുവാടാ, നിന്നെ തല്ലുമെടാ കൊല്ലുമെടാ" എന്നു മറ്റുള്ളവര്‍. അവരു പറഞ്ഞ മുഴുവന്‍ ഭാഷയും ഇവിടെ എഴുതിയാല്‍ എന്നെ സൈബര്‍ പോലീസ് വിചാരണയില്ലാതെ തൂക്കിക്കൊല്ലും, ഗൂഗിളിന്റെ വക കേസ് വേറെ!  എന്തെങ്കിലും തിരിച്ചുപറയാമെന്നുവെച്ചാല്....., നോക്കിനിന്ന് രസിക്കുകയല്ലേ എന്റെ പുന്നാര സ്റ്റുഡന്റ്സ്! ചുരുക്കം പറഞ്ഞാല്‍ പുലിവാലായി, വെറും പുലിയല്ല....     പുപ്പുലി!!
           അന്വേഷണത്തില്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായി. ഒന്നാം വര്‍ഷ ബീകോമിനു പഠിക്കുന്ന നാട്ടുകാരനായ ഒരു വിദ്യാര്‍ഥിയാണു സംഘത്തിന്റെ നേതാവ്. അവന്, ഒരു മാസം മുന്പ് സീനിയറായ ഒരുത്തന്റെ കയ്യില്നിന്നു തല്ലു കിട്ടി. പകരം ചോദിക്കാന്‍ ...സോറി, കൊടുക്കാന്‍ വന്നതാണ്. "എത്രയും പെട്ടെന്നു റ്റീസീ വാങ്ങിപ്പോയാല്‍ അവനു നന്ന്, അല്ലെങ്കില്‍ അവനെ തല്ലും , കോടഞ്ചേരിക്കാരോടു കൂടുതല്‍ കളിച്ചാല്‍ തട്ടിക്കളയും" ഇതാണു വന്നവര്‍ കൈമാറിയ സന്ദേശം! 
          പ്രിന്സിയില്ല, സുലൈമാന്‍ സാറിനാണ് ചാര്‍ജ്. സാറിനാകുമ്പോ നാട്ടുകാരുമായി നല്ല അടുപ്പമാണ്. അടി കിട്ടാതിരിക്കാന്‍ ഇനി സുലൈമാന്‍ സാറു തന്നെ ശരണം! സാറും നാട്ടുകാരന്‍ തന്നെയായ സണ്ണിസാറും പുറത്തോട്ടുചെന്ന് സന്ധിസംഭാഷണം തുടങ്ങി. നാട്ടുകാരായ ക്വൊട്ടേഷന്‍ സംഘം അടുക്കുന്ന ലക്ഷണമില്ല; തല്ലൊറപ്പായി, എപ്പോ എന്നറിഞ്ഞാല്‍ മതി! ഞാനും ഇറങ്ങിച്ചെന്നു: എന്തായാലും തല്ലും, എന്നാ ഇപ്പോത്തന്നെ ആയിക്കോട്ടെ! വന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശം അവര്‍ മറന്നുപോയപോലെ തോന്നി, ഓര്‍മിപ്പിക്കണം എന്നുണ്ടായിരുന്നു.
    വൈകുന്നേരം വരെ സംഘം കോളേജ് പരിസരത്തുതന്നെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. "വെള്ളിയാഴ്ചയാണ്, പഹയന്‍ ഒരു കാരണം കിട്ടാന്‍ നടക്ക്വാണ് ‍, ഇതും പറഞ്ഞ്  പള്ളി ബഹിഷ്കരിക്കും" എന്ന് കരീം സാര്‍. പള്ളിയില്‍ പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ ആക്രമണം ഉണ്ടായില്ല, എമ്മാന്തരം! പള്ളിയില്‍ പോയി വരുന്നവഴി കോടഞ്ചേരി സ്റ്റേഷനില്‍ കയറി കാര്യം പറഞ്ഞു. "പേടിക്കണ്ട, എന്തെങ്കിലും ഉണ്ടായാല്‍ അറിയിച്ചാല്‍ മതി" എന്നായിരുന്നു അവരുടെ മഹത്തായ ഉപദേശം; 'അടി കിട്ടിയിട്ട് പിന്നെ നിങ്ങള്‍ വന്നു തിരുമ്മിത്തരുമോ' എന്നു ഞാന്‍ ........   ചോദിച്ചില്ല! 
          ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എട്ടുപത്തെണ്ണം ഞങ്ങളുടെ സമീപം വന്നിരുന്നു. ഭക്ഷണം കഴിക്കാനെന്ന വ്യാജേന, കുറെ കമ്മന്റുകളും ബഹളവും. പോകാന്‍ നേരം, 'കാശ് വട്ടപ്പാറയുടെ പറ്റിലെഴുതിക്കോളാന്‍' നേതാവ് കാന്റീന്‍ മാനേജരോട് പറയുന്നതു കേട്ടു. കേട്ടതല്ല കേള്പ്പിച്ചതാണ്, ഞങ്ങള്‍ കേള്ക്കണം എന്നുദ്ദേശിച്ചാണു പറഞ്ഞതെന്നു വ്യക്തം. വട്ടപ്പാറ എന്നാല്‍ ഫസ്റ്റ് ബീകോം പയ്യന്‍, "അവന്റെ ക്വൊട്ടേഷന്‍  ടീമാണു ഞങ്ങള്‍" എന്നു പറയാതെ പറയുന്ന വിദ്യ!

           അടുത്ത ദിവസം ഒരു വിദ്യാര്‍ഥിനിയുടെ വിവാഹമാണ്. സുവോളജി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഞങ്ങളെല്ലാം അങ്ങോട്ടു പോകാനിരിക്കുകയാണ്. കുറച്ച് ഉള്പ്രദേശമാണ്, അതിനാല്‍ കോടഞ്ചേരിയില്‍ നിന്നും ഒരു ജീപ്പ് എര്‍പ്പാടു ചെയ്തിട്ടുണ്ട്. കൂടെ വന്ന പയ്യന്മാര്‍ പറഞ്ഞിട്ടാണറിയുന്നത്, എന്നെ കാത്ത് എട്ടുപത്തുപേര്‍ ബസ് സ്റ്റോപ്പില്‍ നില്പുണ്ടായിരുന്ന കാര്യം! അവര്‍ തല്ലിയേ പോകൂ എന്നുറച്ചാണ് (കൊണ്ടിട്ടേ പോകൂ എന്ന് എനിക്കു വാശിയൊന്നുമില്ലെന്ന് അവര്‍ക്കറിയില്ലല്ലോ!). ഞാന്‍ ജീപ്പില്‍ മുന്നിലൂടെ പോയത് അവര്‍ കണ്ടില്ല, അവരുടെ ഭാഗ്യം!!

             തിങ്കളാഴ്ച പേടിച്ചുപേടിച്ചാണു കോളേജില്‍ പോയത്. ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ എന്നറിയില്ലല്ലോ, രാവിലെ കൂടെയുണ്ടാകാറുള്ള ഷബീര്‍ സാര്‍ 'അടി ഒരു മൈല്‍ അകലെ കണ്ടാല്‍ ഓട്ടോ വിളിച്ച് വേറെ വഴി പോകും' എന്നുറപ്പ്! പിന്നെയൊരു ധൈര്യം പ്രിന്സി ആ ബസ്സില്‍ കാണും എന്നതാണ്. ഒരു ഗവന്മെന്റ് കോളേജ് പ്രിന്സിപ്പലിന്റെ മുന്നില്‍ വച്ച് ഒരു അധ്യാപകനെ അടിക്കുക.....  ഹേയ്, അങ്ങനെയൊന്നും ആരും ചെയ്യില്ല: ഞാന്‍ ആശ്വസിച്ചു. ആരും ഇല്ല. അടുത്ത ദിവസങ്ങളിലും പ്രതീക്ഷ വെറുതെയായി. കാണുന്ന കുട്ടികളൊക്കെ വിഷ് ചെയ്ത ശേഷം ധൈര്യം പകരാന്‍ ഇത്രയും കൂടി പറയും : "സാറു പേടിക്കേണ്ട, ഇത്രയും വലിയ ശരീരമില്ലേ, നല്ല വീതിയുള്ള പുറവും. അടിയൊരെണ്ണവും മിസ്സ് ആവില്ല!" 

            പയ്യനെ ഡിസ്മിസ് ചെയ്യാതിരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദം ശക്തമാണ്. പോലീസില്‍ പരാതി കൊടുത്തിട്ട് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അധ്യാപകസംഘടനയുടെ പ്രതിഷേധക്കുറിപ്പ് ഒരു പത്രവും പ്രസിധീകരിച്ചു കണ്ടുമില്ല.  
              സ്കൂള്‍ പഠനകാലത്ത് നോട്ടുബുക്കില്‍ കുറിച്ചിട്ട, ഒരു ബ്ളോഗര്‍ സുഹൃത്ത് ഈയിടെ ഓര്‍മിപ്പിച്ച ഒരു ശ്ളോകത്തോടെ അവസാനിപ്പിക്കാം:
                സത്യം ബ്രുയത്, പ്രിയം ബ്രുയത് ;ന ബ്രുയത് സത്യമപ്രിയ! 
മനസ്സിലായിക്കാണുമല്ലോ, അല്ലേ?
         "സത്യം പറയുക, പ്രിയമായതു പറയുക, അപ്രിയസത്യങ്ങള്‍ പറയാതിരിക്കുക!"

തീരുമാനിച്ചു: (വിദ്യാര്‍ഥികള്ക്ക് ) അപ്രിയമായത്  ചെയ്യാതിരിക്കാം !! 
 

3 comments:

  1. അവര്‍ തല്ലിയേ പോകൂ എന്നുറച്ചാണ് (കൊണ്ടിട്ടേ പോകൂ എന്ന് എനിക്കു വാശിയൊന്നുമില്ലെന്ന് അവര്‍ക്കറിയില്ലല്ലോ!).

    ReplyDelete
  2. ഹാവൂ, അന്വേഷണ പ്രഹസനം കഴിഞ്ഞു; ഭംഗിയുള്ള മലയാളത്തില്‍ തയ്യാറാക്കിയ ഒന്നാന്തരം റിപ്പോര്‍ട്ട്! അച്ഛന്‍ മാപ്പുചോദിച്ചതിനാല്‍ പുറത്താക്കല്‍ ഒഴിവാക്കാവുന്നതാണെന്നു ശുപാര്‍ശ. ആനന്ദലബ്ദിക്കിനിയെന്തു വേണം?!

    ReplyDelete
  3. Vattapara kind of anti socials shall be eliminated from campus. This is the problme with our people, they dont react anything nasty and finally they will suffer lots of example

    Sand Mafia, Real estate mafia, train ticket mafia and countless.

    I hope you are well and safe.
    In this situations, i feel instead of complaining to local police use internet for sending complaints to higher officers as it has some proof . I had many time successful in some small matters

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails