Friday, April 05, 2019

സൂപ്പർ ഡീലക്സ് പടം!!


സൂപ്പർ ഡീലക്സ് കണ്ടു. കാമം/ലൈംഗികതയെ ആസ്പദമാക്കിയുള്ള മൂന്ന് വ്യത്യസ്ത കഥാതന്തുക്കളെ കോർത്തിണക്കിക്കൊണ്ട് മുന്നേറുന്ന അവസാനത്തിൽ അവ മൂന്നും ഇഴപിരിയുന്ന കഥന ശൈലി. ഒരു വഴിക്ക് ഒരു ട്രാൻസ്ജൻഡർ അനുഭവിക്കുന്ന മാനസിക സാമൂഹിക വിഷമതകൾ.. മറ്റൊന്ന് ആരുമറിയാതെ  കമ്പിപടം കാണാൻ ശ്രമിക്കുന്ന അഞ്ചു കൗമാരക്കാരുടെ അബദ്ധങ്ങൾ.. മൂന്നാമത് അബദ്ധത്തിൽ വേഴ്ചയ്ക്കിടെ മരിച്ച കാമുകന്റെ ഡെഡ്ബോഡി ഒളിപ്പിക്കാൻ കാമുകിയും അവളുടെ ഭർത്താവും നടത്തുന്ന പരാക്രമങ്ങൾ..
ഇതിനിടയിൽ ലൈംഗിക ചൂഷണം, പോൺ സിനിമാ വ്യവസായം, മതം, അന്ധവിശ്വാസം, അധികാര ദുർവിനിയോഗം എന്നീ വിവിധ വിഷയങ്ങൾ കഥയോട് ചേർത്തുനിർത്തി പറഞ്ഞുപോകുന്നു.

രസകരമായി, തെല്ലുപോലും ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട് ത്യാഗരാജൻ കുമരരാജ. ശൈലന്റെ ശൈലി കടമെടുത്താൽ ഓരോ ഫ്രയിമുകളും ലൈറ്റിംഗും ക്യാമറാ ആംഗിളുകളും ശബ്ദവിന്യാസവും എല്ലാം ചേർന്ന് "സര്‍ഗ്ഗാത്മകതയുടെ നട്ടപ്പിരാന്ത്" ആയി തോന്നും.

തികച്ചും അനായാസമായ എന്നാൽ ചിലപ്പോഴൊക്കെ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വെക്കുന്നുണ്ട് ഫഹദ്. ട്രാൻസ്ജെൻഡർ ശില്പ ആയി വിജയ് സേതുപതി തരക്കേടില്ലാതെ അഭിനയിച്ചു എന്നേ പറയാവൂ. എന്നാൽ അഭിനയശേഷി കൊണ്ട് അമ്പരപ്പിച്ച ഒരു നടനുണ്ട്.. രാസക്കുട്ടി ആയിവന്ന് മനസ്സു കീഴടക്കിയ ചിന്നക്കുട്ടി അശ്വന്ത് അശോക് കുമാർ. എടുത്തുപറയാവുന്ന മറ്റൊരാൾ വില്ലനായ എസ്ഐ ബെർലിനായി വേഷമിട്ട ഗണപതിയാണ്. സാമന്ത അമ്പരപ്പിച്ചു, സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും.

കാമം എന്ന തീവ്രവികാരത്തിന്റെ വിവിധ തലങ്ങളെ അന്വേഷിക്കുന്ന ചിത്രത്തിൽ പക്ഷേ ഒരിക്കൽ പോലും പ്രത്യക്ഷമായോ പരോക്ഷമായോ സെക്സ് കാണിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. സംഭാഷണങ്ങളിൽ അശ്ലീലവും ദ്വയാർഥവും തെറികളും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കൂടി അതൊരിക്കലും അരോചകമായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് അനുഭവ സാക്ഷ്യം!

1 comment:

  1. സംഭാഷണങ്ങളിൽ അശ്ലീലവും ദ്വയാർഥവും തെറികളും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കൂടി അതൊരിക്കലും അരോചകമായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് അനുഭവ സാക്ഷ്യം!

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails