Thursday, January 07, 2010

തെറ്റയില്‍ തീയെറ്റെര്സിന്റെ പുതിയ നാടകം: "ബസ്‌ സമരം മൂന്നാം ദിവസം"

എല്ലാ കൊല്ലവും മാവേലി വന്നാലും വന്നില്ലെങ്കിലും കേരളത്തില്‍ മുടങ്ങാതെ വരുന്ന ചിലതുണ്ട്: സ്വകാര്യ ബസ്‌ സമരം, ബസ്‌ ചാര്‍ജ് വര്‍ധന, ഹര്‍ത്താല്‍ എന്നിവ അവയില്‍ ചിലത് മാത്രം! ഇപ്പോ വിജയകരമായി കേരളത്തില്‍ കളിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്‌ സമരം എന്ന നാടകത്തെ  പറ്റിയാകട്ടെ ഇക്കൊല്ലത്തെ ആദ്യത്തെ പോസ്റ്റ്‌. ബസ്‌ ചാര്‍ജ് വര്‍ധന പുറകെ വരും, പേടിക്കേണ്ട! മലയാള മനോരമ ദിനപ്പത്രത്തില്‍ ഇന്ന് രാവിലെ കണ്ട ഒരു വായനക്കാരന്റെ കത്ത് താഴെ കൊടുക്കുന്നു: 
                       ഒത്തുകളി നിര്‍ത്തണം
ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മുന്‍ ഗതാഗതമന്ത്രി ഉളുപ്പില്ലാതെ പറയുന്നു: "ബസ്‌ സമരം വകുപ്പുമന്ത്രിയും ബസ്സുടമകളും തമ്മില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ ഇത് കുറെ നടത്തി വിജയിപ്പിചിട്ടുള്ളതാണ്. അതായത്, ചാര്‍ജ് വര്‍ധന തത്വത്തില്‍ അംഗീകരിക്കുകയും ബസ്സുടമകളുമായുള്ള ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്യും. എന്നിട്ട് മന്ത്രി തന്നെ ബസ്സുടമകളോട് എന്തെങ്കിലും കാരണം പറഞ്ഞ് ചര്‍ച്ച പൊളിഞ്ഞതായി വരുത്തി സമരം നടത്താന്‍ പ്രേരിപ്പിക്കും. സമരം മൂലം രണ്ടുമൂന്നു ദിവസം ജനം വലയുമ്പോള്‍ ചാര്‍ജ് വര്ധിപ്പിച്ചാലും കുഴപ്പമില്ല, സമരമൊന്നു തീര്‍ന്നുകിട്ടിയാല്‍ മതി എന്ന ചിന്താഗതിയാവും ജനങ്ങള്‍ക്ക്. ആ സമയം നോക്കി വീണ്ടും ചര്‍ച്ച നടത്തി ബസ്‌ ചാര്‍ജ് വര്‍ധന പ്രഖ്യാപിക്കും."
         മുന്‍മന്ത്രി ഇങ്ങനെ പറഞ്ഞത് കേള്‍ക്കാത്തവര്‍ക്കുപോലും അറിയാം ഇത് ഒത്തുകളി ആണെന്ന്‍. പൊതുജനത്തെ ഇത്തരത്തില്‍ വിഡ്ഡികളാക്കുന്നതിനെ ഫലപ്രദമായി ചെറുക്കാന്‍ പതിറ്റാണ്ടുകളുടെ വിപ്ലവപാരമ്പര്യം പ്രസംഗിക്കുന്ന ഒരു യുവജന പ്രസ്ഥാനത്തിനും കഴിയാതെ വന്നതിനാലാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബസ്‌ചാര്‍ജ്ജുള്ള സംസ്ഥാനമായി കേരളം മാറിയത്.
                                                                        പി. പി. അബ്ദുല്‍ മജീദ്‌ 
                                                                            പാച്ചാട്ടിരി, തിരൂര്‍
അങ്ങനെയെങ്കിലും കത്ത് മനോരമ പ്രസിദ്ധീകരിക്കട്ടെ എന്ന് കരുതി അവസാനം വിപ്ലവ യുവജന പ്രസ്ഥാനത്തിന് മജീദ്‌ ഒരു കുത്ത് വച്ച് കൊടുത്തത് നമുക്ക് കണ്ടില്ലെന്നു നടിക്കാം. ഇതെല്ലാം ആ പ്രസ്ഥാനത്തിന്റെ  മാത്രം ഉത്തരവാദിതമാണോ എന്ന് നമുക്ക് ആശ്ച്ചര്യപ്പെടാം!
            അപ്പോ, പറയാന്‍ വന്നത് എന്താണെന്ന് വെച്ചാല്‍..... ഇതേ കാര്യം രണ്ടു മൂന്നു ദിവസമായി ഞാന്‍ പലരോടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍, രണ്ടാമത്തെ ചര്‍ച്ച എന്ന ബോധോദയം മന്ത്രി ജോസ് തെറ്റയിലിനു സംഭവിക്കുക വെള്ളിയാഴ്ചയായിരിക്കും. തെറ്റി, തെറ്റയിലിനും എനിക്കും. അവിടെയല്ലേ നമ്മുടെ ബഹുമാനപ്പെട്ട ഹൈക്കോടതി കേറി കളി നശിപ്പിച്ചത്. ഈ കോടതിയുടെ ഒരു കാര്യം! സമരത്തിലുള്ള ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കണം എന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് Forum for Awareness and Sociocultural Transformation of Women എന്ന സംഘടന ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ബഹുമാനപ്പെട്ട കോടതി ചില കാര്യങ്ങളൊക്കെ പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി കോഴിക്കോട്  മാത്രം പതിനഞ്ചോളം ബസ്സുകള്‍ ഓടാന്‍ തുടങ്ങി! സമരം  ചെയ്തു ജനത്തെ ബന്ദികളാക്കി ബസ്സുടമകള്‍ വിലപേശുകയാണെന്നാണ്  കോടതി പറഞ്ഞത്. വിലപേശല്‍ കച്ചവടത്തിന്റെ ഭാഗമാണല്ലോ, എത്രയ്ക്ക് കച്ചവടം ഉറപ്പിച്ചു, ആര്‍ക്കാണ് ലാഭം എന്നൊക്കെ അറിയാന്‍ കച്ചവടച്ചരക്കായ പൊതുജനത്തിന് അവകാശം ഇല്ലല്ലോ!
            കോടതി ഇത്രയൊക്കെ പറഞ്ഞപ്പോള്‍ വെട്ടിലായത് പാവം ജോസാട്ടനാണ്. ഉടനെതന്നെ സ്വകാര്യ ബസ്‌ സര്‍വീസ് അവശ്യ സര്‍വീസ് ആക്കാനുള്ള ശ്രമം ആരംഭിക്കേണ്ടി വന്നു; സമരം നിര്‍ത്താത്ത ബസ്സുകള്‍ പിടിച്ചെടുക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുതെണ്ടിയും വന്നു. ഇതൊന്നും ആദ്യത്തെ കച്ചവടക്കരാറില്‍, സോറി, തിരക്കഥയില്‍ ഇല്ലായിരുന്നല്ലോ! എന്തായാലും ബസ്‌ ചാര്‍ജ് കൂട്ടും എന്ന് പറഞ്ഞിട്ടുണ്ട്. ബസ്സുടമകള്‍ തോറ്റു കീഴടങ്ങുമ്പോള്‍ എന്തിനാ ചാര്‍ജ് കൂട്ടുന്നത് എന്ന് ചോദിക്കാമോ ആവോ! ഈ സമയത്ത് എന്നാ കാര്യത്തിനാ ബസ്‌ ചാര്‍ജ് കൂട്ടുന്നത് എന്ന് ചോദിച്ചാല്‍ ജോസാട്ടനും മറുപടി കാണില്ല. ഒറ്റ ഉത്തരമേയുള്ളൂ, കഴിഞ്ഞ തവണ ഡീസല്‍ ചാര്‍ജ് കുറഞ്ഞപ്പോള്‍ ബസ്‌ ചാര്‍ജ് ഇത്തിരിയെങ്കിലും കുറക്കേണ്ടി വന്നതിന്റെ ജാള്യം (ചമ്മല്‍ എന്ന് മലയാളം) തീര്‍ക്കണം. 
          ചാര്‍ജ് കൂട്ടാന്‍ ന്യായമായി ഉടമകള്‍ പറയുന്ന പല കാര്യങ്ങളും അങ്ങട്ട് ദഹിക്കുന്നില്ല. വിദ്യാര്‍ഥികളുടെ ചാര്‍ജും കൂട്ടണമത്രേ, എല്ലാ വിദ്യാര്‍ഥികളും കൂടി ഒന്നിച്ചു കയറി പല ട്രിപ്പുകളും തീരെ നഷ്ടമാണെന്ന്. സാദാ മാപ്പിള എല്പ്പീ സ്കൂളിനു വരെ മൂന്നും നാലും ബസ്സുള്ള കാലമാണ്, ആ ബസ്സുകളില്‍ സൗകര്യം പോരാഞ്ഞിട്ടാണോ ഇവരൊക്കെ സ്വകാര്യ ബസ്സില്‍ തന്നെ കയറുന്നത്?! ഇത്രയും നഷ്ടമായ ബസ്‌ വ്യവസായം വേണ്ടാന്നു വച്ച് ഇവരൊന്നും വല്ല സ്കൂളോ, ബീയെഡ്‌ കോളേജോ ആശുപത്രിയോ നടത്താന്‍ പോകാതതെന്താ? പിന്നെയും പിന്നെയും ബസ്സുകള്‍ വാങ്ങിക്കൂട്ടുന്നതെന്തിനാ? ആവശ്യമില്ലാത്ത ഓരോ സംശയങ്ങള്‍!! 

          എന്നെപ്പോലെ ഇക്കാണുന്ന കാര്യങ്ങളൊക്കെ മനസ്സില്‍ കിടന്നു വീര്‍പ്പുമുട്ടി 'പറയാതെ വയ്യ' എന്ന് തോന്നിയപ്പോള്‍ ഒരാള്‍ സ്വകാര്യ ബസ്‌ സമരം തീര്‍ക്കാന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത് ഇന്നൊരു ബ്ലോഗില്‍ വായിച്ചു. എനിക്ക് മുന്നോട്ടു വെക്കാനുള്ള ഒരു നിര്‍ദേശം ഞാന്‍ അവിടെ കമന്റ്‌ ആയി ചേര്‍ത്തിട്ടുണ്ട്: KSRTC ബസുകള്‍ എല്ലാ ദിവസവും കഴുകണം! എനിക്കിഷ്ടം KSRTC ബസ്സിലെ യാത്രയാ: ആവശ്യത്തിനു സ്പീഡ് കാണും, മരണപ്പാച്ചില്‍ ഇല്ല, ഇരിക്കാന്‍ ആവശ്യത്തിനു സ്ഥലമുള്ള സീറ്റുകള്‍, നല്ല വായുവും വെളിച്ചവും, അങ്ങനെ പലതും. ഇഷ്ടമില്ലാത്തത് ബസിന്റെ വൃത്തി മാത്രം.

            ആദ്യം പരാമര്‍ശിച്ച കത്തിലെ വിഷയത്തിലേക്ക് ഒരിക്കല്‍ക്കൂടി: ഈ മന്ത്രിമാരെയും നേതാക്കളെയും എന്ത് ചെയ്യണം? പൊതുജനത്തെ വിഡ്ഢികള്‍ ആക്കിയത് ക്ഷമിക്കാം, അതു പിന്നെയും പിന്നെയും എല്ലാരുടെയും മുന്‍പില്‍ വീമ്പു പറയുക കൂടി ചെയ്താലോ?!!  ബസ്‌ ചാര്‍ജ് കൂട്ടുന്നതിനു പിന്നിലുള്ള വന്‍ അഴിമതിയെക്കുറിച്ച് ഒരു മുന്‍ ബസ്‌ ഉടമയും ബസ്സുടമകളുടെ  സംഘടനയുടെ ഭാരവാഹിയും ആയിരുന്ന ഒരു ബ്ലോഗര്‍ എഴുതിയത് വായിച്ചപ്പോള്‍ എന്റെ നെഞ്ചിടിപ്പുകള്‍ കൂടി.

വാല്‍കഷണം: വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ ബസ്‌ സമരം പിന്‍വലിക്കാന്‍ ധാരണയായി. ബസ്‌ ചാര്‍ജ് കൂട്ടാമെന്ന് മന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും ബാക്കി എല്ലാ ആവശ്യങ്ങളും അനുവദിച്ചെന്നും ബസ്‌ ഉടമകള്‍. സമരം കണ്ടിട്ടല്ല, നാട്പാക്ക് റിപ്പോര്ടിന്റെ അടിസ്ഥാനത്തിലാണ് ബസ്‌ ചാര്‍ജ് കൂട്ടുകയെന്ന്‍ മന്ത്രി. എല്ലാം ഒത്തുകളിയെന്നു ഉമ്മന്‍ ചാണ്ടി. ബസ്‌ ചാര്‍ജ് കൂട്ടിയാല്‍ സമരം ചെയ്യുമെന്ന് യൂത്ത് കോണ്ഗ്രസ്, കെ എസ് യു. കാണികളെ, നാടകം ഇവിടെ അവസ്സാനിക്കുന്നില്ല, തല്‍ക്കാലം ഒരു ശ്ലോകം ഇരിക്കട്ടെ:
            "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്!!"

1 comment:

  1. വിലപേശല്‍ കച്ചവടത്തിന്റെ ഭാഗമാണല്ലോ, എത്രയ്ക്ക് കച്ചവടം ഉറപ്പിച്ചു, ആര്‍ക്കാണ് ലാഭം എന്നൊക്കെ അറിയാന്‍ കച്ചവടച്ചരക്കായ പൊതുജനത്തിന് അവകാശം ഇല്ലല്ലോ!

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails