Saturday, April 27, 2013

ഒരു പോലീസുകാരന്‍ പറ്റിച്ച കഥ!


ഇത് പണ്ട് പണ്ടൊരു കാലത്ത്‌ ദൂരെ അങ്ങോര് ദേശത്തു നടന്ന കഥയല്ല, ഈയടുത്ത കാലത്ത്‌ നമ്മുടെ കൊയ്ക്കോട്ടു നടന്ന ദുരന്തമാണ് (കുറച്ച് ഓവര്‍ ആയോ? സാരമില്ല, പിന്നാലെ അഡ്ജസ്റ്റ് ചെയ്യാം). 
              വീട്ടില്‍ ഒരു ഓഫീസ്-കം-ലൈബ്രറി ഒക്കെ സെറ്റ്‌ ചെയ്തു അത്യാവശ്യം ജാഡ ബുക്സ്‌ ഒക്കെ ശേഖരിച്ചു വെച്ചിട്ടുണ്ട്. കണ്ടാല്‍ അറയ്ക്കുന്ന, വിയര്‍പ്പ് മണക്കുന്ന ഒരു കറക്ക കസേരയും ഉണ്ട്. പിന്നെ ലാപ്ടോപ് (ഇത് ചെറുതാ - നെറ്റ്ബുക്ക്‌ എന്നാണു പേരത്രേ!), അത് വന്ന ശേഷം മൂടി വെക്കപ്പെട്ട കമ്പ്യൂട്ടര്‍, വര്‍ക്ക് ചെയ്യാത്ത രണ്ടു പ്രിന്‍റര്‍, ഒക്കെ ഉണ്ട്. പൊടിപിടിച്ചു കിടക്കുന്ന ഒരു ക്യാമറ ബാഗും ഒരു മൂലയ്ക്ക് കാണാം. ഡിജിറ്റല്‍ യുഗം വന്നേപ്പിന്നെ ഏതവനും ഫോട്ടോഗ്രാഫര്‍ ആയി, കണ്ട അണ്ടനും അടകോടനും ഫോട്ടോ പിടിച്ചു ഫേസ് ബുക്കില്‍ ഇടുന്നു, ലൈക്‌ വാരുന്നു. ലൈറ്റ് - കോമ്പോസിഷന്‍ - ഡെപ്ത് - മണ്ണാങ്കട്ട;  ഫോട്ടോഗ്രാഫിയുടെ ആ ഒരിത് പോയി!
         ആകെ ഒരു വേറിട്ട വിനോദം വായനയാണ്. എന്റെ വായന ഇരുന്നിട്ടോ നടന്നിട്ടോ  കിടന്നിട്ടോ അല്ല, തലയണ വെച്ച് തോള്‍ ഭാഗം പൊക്കി കട്ടിലില്‍ മലര്‍ന്നുകിടന്നാണ് വായന; പകുതി കിടന്നും പകുതി ഇരുന്നും എന്നര്‍ത്ഥം! ഈ വായന ചിലപ്പോള്‍ രാത്രി വൈകിയും തുടര്ന്നുപോകും. ലൈറ്റും കത്തിച്ചുവെച്ചു ഞാന്‍ ഇങ്ങനെ ഇരിക്കുന്നത് ഭാര്യയുടെയും മക്കളുടെയും  ഉറക്കത്തിനു തടസ്സമാകരുതല്ലോ. വായന ഓഫീസ് മുറിയിലേക്ക് മാറ്റാം, പക്ഷേ അവിടെ കട്ടിലും ബെഡും കൊണ്ടുപോയി ഇടാന്‍  പറ്റില്ല. ആ വായനയുടെ ഫീല്‍ കിട്ടുന്ന ഫര്‍ണീച്ചര്‍ അന്വേഷിച്ചു ഞാന്‍ കുറെ അലഞ്ഞു,  മടിശീലയുടെ കനം കുറയാനും പാടില്ല. ആയിടയ്ക്കാണ് കോഴിക്കോട്ടുകാര്‍ ഗ്രൂപ്പിന്റെ ശിശുദിന പരിപാടി വരുന്നത്, എല്ലാവരും കൂടി ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ വാര്‍ഡിലേക്ക് ഒരു ലൈബ്രറി ഉണ്ടാക്കുന്നു. അവിടേക്ക് കസേരകള്‍ക്ക് പകരം ബീന്‍ ബാഗുകള്‍ നിര്‍ദേശിച്ചത് പക്ഷിഭ്രാന്തനും ഡോക്ടറുമായ സുഹൃത്ത്‌ സുധീര്‍ മുല്ലക്കല്‍ ആണ്. എന്തുകൊണ്ട് ദിവാന്‍ കോട്ട് പോലെയുള്ള ബീന്‍ ബാഗ് ആയിക്കൂടാ എന്റെ വീട്ടിലേക്കും എന്ന് ചിന്തിച്ചത്‌... അപ്പോളാണ്.
                    എന്റെ ബുദ്ധിമോശത്തിനു ഞാന്‍ ഈ പ്ലാന്‍ ഒരു പോലീസുകാരനോട് പറഞ്ഞു. ആള്‍ എന്റെയൊരു ഫുജി സുഹൃത്താണ് (ഫേസ് ബുക്ക്‌ ബുദ്ധി ജീവിയുടെ ചുരുക്കെഴുത്താണ് ഫുജി)! ആളുടെ പേര് രിജേഷ്‌ പ്രമോട്ട് സര്‍ - പ്രമോഷന് വേണ്ടി ലീവെടുത്തു കുത്തിയിരുന്ന് പഠിച്ചിട്ട് ഫിസിക്കല്‍ ടെസ്റ്റിന്റെ തലേന്ന് നായ ഓടിച്ചു കാലൊടിഞ്ഞു കിടപ്പിലായ ഹതഭാഗ്യവാന്‍ ! അതിന്റെ ഓര്‍മയ്ക്ക്‌ അങ്ങേരുടെ പേരില്‍ ഞാന്‍ ചെറിയ ഒരു തിരുത്തല്‍ വരുത്തി എന്നേയുള്ളൂ. പിന്നെ, എസ് ആര്‍ എന്നത് 'എന്നായാലും സാറേ എന്ന് വിളിക്കണമല്ലോ'ന്നു കരുതി ഇപ്പഴേ സാര്‍ എന്നാക്കി. 
                    ഇങ്ങേരു നല്ലൊരു ബിസിനസ്‌ മാന്‍ കൂടിയാണ് കേട്ടോ! കൈവെച്ച ബിസിനസ്‌ ഒക്കെ നല്ല നിലയില്‍ പൊളിച്ചടുക്കിയിട്ടുണ്ട് കക്ഷി. ഇദ്ദേഹത്തിന്റെ വീട്ടില്‍ പഴയ ഫര്‍ണീച്ചര്‍ ബിസിനസ്‌ കാലത്തെ കുറെ ബീന്‍ ബാഗ്സ്‌ ഇരിപ്പുണ്ടത്രേ. എനിക്ക് കുറഞ്ഞ വിലയ്ക്ക് തരാം എന്ന് സമ്മതിച്ചു. പിന്നെ ഇക്കാര്യം പറഞ്ഞു ഞാന്‍ കുറെ തവണ വിളിച്ചു. അവസാനം ഒരു ദിവസം കക്ഷി പറയുന്നു: ബാഗ്‌ ഒന്നും നല്ല കണ്ടീഷന്‍ ഇല്ല, ബാഗില്‍ നിറയ്ക്കുന്ന തെര്‍മോകോള്‍ ബീഡ് തരാം എന്ന്. ശരി, അതെങ്കി അത് പോരട്ടെ! ഒരു വൈകുന്നേരം ട്രാഫിക്‌ സ്റെഷനടുത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് ഒരു വലിയ പ്ലാസ്റ്റിക്‌ കവര്‍ നിറയെ വെളുത്ത മണികള്‍ സാര്‍ എനിക്ക് സമ്മാനിച്ചു. ഉദാരമനസ്കനായ ഈ പോലീസുകാരന്‍ പ്രതിഫലമായി ഒന്നും വാങ്ങിയില്ല! 
                    അന്നദ്ദേഹം വേറൊരു വാഗ്ദാനം കൂടി നല്‍കി: ബാഗ്‌ ഞാന്‍ വരുത്തി തരാം, നല്ല ബാഗ് ഇവിടെ കിട്ടില്ല എന്ന്! ആ വാഗ്ദാനം കേട്ട് തെര്‍മോകോള്‍ മണികള്‍ പുളകിതരായിട്ടു ഇന്നേക്ക് ഏകദേശം നാലഞ്ചു മാസം ആയിക്കാണും. അതിനിടയ്ക്ക് ഞാന്‍ ഒന്നുരണ്ടിടത്ത് അന്വേഷിച്ചു, തൃപ്തി ആയില്ല. ഈയിടയ്ക്കാണ് സ്റ്റേടിയം ബില്‍ടിങ്ങിലെ ബീന്‍ ഷോപ്പി ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം അവിടെ പോയി ഒരു Recliner Type Bean Bag ഓര്‍ഡര്‍ ചെയ്തു. 1800 രൂപ! പറഞ്ഞുവന്നപ്പോ പയ്യന്‍ ദേവഗിരിയില്‍ നമ്മുടെ ജൂനിയര്‍ ആയിരുന്നു, അതിന്റെ വിരോധം ഒന്നും കാണിച്ചില്ല, നൂറു രൂപ കുറച്ചു തരുകയും ചെയ്തു! ഇന്നാണ് സാധനം കയ്യില്‍ കിട്ടിയത്‌, പോലീസേമ്മാന്‍ തന്ന മണികള്‍ മുഴുവന്‍ നിറച്ചുകഴിഞ്ഞപ്പോള്‍ ആളങ്ങു വീര്‍ത്തു വലുതായി സുന്ദരനായി. 
                എന്തൊക്കെ പറഞ്ഞാലും.., തൃപ്തിയായി പോലീസ്‌ സാറേ.. തിരുപ്തിയായി!! എന്റച്ചന്‍ ഒരു പഴയ പോലീസുകാരനായത് കൊണ്ട് പറയുകയാണെന്ന് കരുതരുത്‌, ഒരു പോലീസുകാരനെയും ഇനി മേലാല്‍ ഞാന്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കുകേല!


1 comment:

  1. ഒരു പോലീസുകാരനെയും ഇനി മേലാല്‍ ഞാന്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കുകേല!

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails