Saturday, July 17, 2010

പ്രൊഫ. ജോസഫിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട പ്രഫ. ജോസഫ് ,
         താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദു:ഖിക്കുന്നു. ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്ത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ്  'മുഹമ്മദ്‌' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ്  ഒരു സാധാരണ പൌരനല്ല. അറിവും വിവേകവും ലോകപരിചയവും യുക്തിബോധവും എല്ലാമുള്ള കോളജ് പ്രഫസറാണ്‌. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ്‌ നബി സ്നേഹപ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈ വിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്ന് വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ടിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി. ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിടുകയാണ് ഉണ്ടായതെന്ന്  താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തില്‍ പെട്ടവരായതിനാല്‍ ആ മതത്തില്‍പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്ലാം മതക്കാരുടെ 'പടച്ചോനേ' തിരിച്ചറിഞ്ഞ താങ്കള്‍ക്കു മുഹമ്മദ്‌ ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയ്യാറാകുമോ? ദൈവത്തിനു 'നായിന്റെ മോനേ' എന്ന് വിളിക്കാനായി തോമസ്‌, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയ്യാറാകുമോ?
      ഈശ്വരവിശ്വാസം മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണല്ലോ.  വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെമോനെ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പ്പറഞ്ഞ മ്ലേച്ചഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ്‌ പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളും അടങ്ങുന്ന ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?
     ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയ്യാറാക്കിയ പ്രവാചകനിന്ദയുള്പ്പെടെ  മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിംഗ്ടണ്ണിന്റെ  'ക്രൈസ്തവ ഇസ്ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍ - ഇസ്രായേല്‍ ഭീകരതാണ്ടവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ്, പ്രവാച്ചകനിന്ദ, മഫ്ത ധരിക്കല്‍ പ്രശ്നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൌജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണകഥ തികഞ്ഞ മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവകേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്ലിം പള്ളിമിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളെയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ മുസ്ലിം സംഘടനകളുടെ തലയില്‍ കെട്ടിവെചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീച്ചപ്രവൃത്തികളാണവയെന്നു തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അരസ്ടിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്നു തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny- (ന്യൂയോര്‍ക്ക്) 11427, U.S.A.  പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication, P.B. 47, Ankamali, Kerala 683572.
           ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു ഞാന്‍ പറഞ്ഞത്.
         ഇത്രയുമെഴുതിയത് താങ്കള്ക്ക് നേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാദാര്ത്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള  ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 
                                                           ഡോ. എം. എസ്. ജയപ്രകാശ്
                                                              ഗുരുവിഹാര്‍‍, കൊല്ലം    
മാധ്യമം  ദിനപത്രത്തില്‍ ജൂലായ്‌ 17 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ പ്രതികരണമാണ്  മുകളില്‍ ചേര്‍ത്തത്. ഇതെഴുതിയ ആള്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ  (എം. എസ്. ജയപ്രകാശ് എന്ന പേരില്‍ കൊല്ലത്തൊരു പഴയ ചരിത്രപ്രൊഫസരുണ്ടെന്നും അദ്ദേഹം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും കേട്ടിട്ടുണ്ട്) എന്നുപോലും എനിക്കറിയില്ല. ആ പേരില്‍ ഏതെങ്കിലും മുസ്ലിം എഴുതിയതാണോ എന്നും അറിയില്ല. ഒന്നറിയാം, ശ്രീമാന്‍ ജോസഫിനെ ന്യായീകരിക്കാനും ഒരു രക്തസാക്ഷിപരിവേഷം ചാര്ത്തികൊടുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പറന്നു നടക്കുന്ന ഈമെയിലുകള്‍ അതിന്റെ സൂചനയാണ്. ജയപ്രകാശിനു പകരം റിയാസ് ആയിരുന്നെങ്കില്‍ ഈ ലേഖനത്തെ ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍ ആയി പുച്ചിച്ച് തള്ളിയേനെ. കൂരിരുട്ടിനിടയിലും സത്യം കാണുന്ന ചിലര്‍ നമുക്കിടയിലുണ്ട് എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.                                
           പി.എം. ബിനുകുമാറിന്റെ "തിരക്കഥയുടെ നീതിശാസ്ത്രം: സമ്പാദനവും പഠനവും" (കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്) എന്ന പുസ്തകത്തിലെ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം തയാറാക്കിയത് എന്നാണ് ജോസഫ് സാര്‍ പറയുന്നത്. ആ പുസ്തകം രണ്ടാം സെമസ്ടര്‍ ബീകോം  കുട്ടികള്‍ക്ക് പഠിക്കാനുണ്ടോ  എന്നാരും ചോദിച്ചുകണ്ടില്ല. ഇല്ലെങ്കില്‍ എന്തിന് ആ പുസ്തകം തെരഞ്ഞെടുത്തു, എന്തിന്  ആ സംഭാഷണശകലം  തെരഞ്ഞെടുത്തു, ഭ്രാന്തന്‍ എന്നത് മാറ്റി മുഹമ്മദിനെ കുടിയിരുത്തിയതെന്തിന്? കുഞ്ഞുമുഹമ്മദ് ആ സംഭാഷണത്തിന് ആവശ്യമായ പശ്ചാത്തലം നല്‍കി അതിനെ ന്യായീകരിക്കുന്നുണ്ട്. ഭ്രാന്തന്‍ എന്നുതന്നെ എന്തുകൊണ്ട് സാര്‍ ഉപയോഗിച്ചില്ല? ശരി, വെറുമൊരു സംഭാഷണം, വെറുമൊരു മുസ്ലിം പേര്! എങ്കില്‍, അതിലുപയോഗിച്ച ഭാഷ (തെറിവിളി) കുട്ടികളെ പഠിപ്പിക്കുന്നത് ശരിയോ? ഒരു അദ്ധ്യാപകന്‍ ചോദ്യപേപ്പറില്‍ ഉപയോഗിക്കേണ്ട ഭാഷയോ അത്? ഇതേ ന്യായീകരണം വെച്ചുകൊണ്ട് പമ്മനെയും മേതിലിനെയും മ-വാരികകളിലെ എഴുത്തുകാരെയും കുട്ടികളെ പരിച്ചയപ്പെടുത്താത്തതെന്ത്? 
           അധ്യാപകന്റെ കൈ വെട്ടിയതിനു യാതൊരു ന്യായീകരണവുമില്ല, പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. തീവ്രവാദ നിലപാടുള്ള പല മുസ്ലിം സംഘടനകളുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ സംഘടനയെ നിരോധിക്കണം, നേതാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കണം. ഇത്തരം ഭീകരവാദികളെ സമുദായം ഒറ്റപ്പെടുത്തണം. 
          കാട്ടുനീതി കേരളത്തില്‍, ഭാരതത്തില്‍ വേണ്ട! ഒരേ പന്തിയില്‍ രണ്ടു വിളമ്പും വേണ്ട. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ! കൊടിയ അപരാധമാണ് നടന്നിരിക്കുന്നത്, സമൂഹത്തെ ഭിന്നിപ്പിച്ച് സമാധാനം തകര്‍ക്കുക എന്ന കുറ്റം, സാധാരണക്കാരന്റെ മനസ്സില്‍ തന്റെ അയല്‍ക്കാരനെക്കുറിച്ച് ഭീതിയും സംശയവും ജനിപ്പിക്കുക എന്ന കുറ്റം, ഇതിനു മാപ്പില്ലതന്നെ!!       

Tuesday, July 06, 2010

വന്മരങ്ങള്‍ കടപുഴകുമ്പോള്‍...


തലക്കെട്ട്‌ എന്‍. എസ്. മാധവനില്‍ നിന്നും കടമെടുത്തതാണ്. സാരമില്ല, അങ്ങേരത് രാജീവില്‍നിന്നും അടിച്ചു മാറ്റിയതാണല്ലോ?! സന്തോഷമായി ഗോപിയേട്ടാ, ശരിക്കും സന്തോഷമായി; ഞാനും അച്ചുവേട്ടനും ഒരു കാര്യത്തിലെങ്കിലും യോജിച്ചല്ലോ! രണ്ടുദിവസം മുന്‍പ്‌ സഞ്ജയ്‌ ഗാന്ധി എന്ന് വേണ്ടിടത്ത് രാജീവ്‌ ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കണം  ശ്രീമാന്‍ അച്ചുതാനന്ദന്‍ അങ്ങനെ പറഞ്ഞത്. അല്ലെങ്കിലും അദ്ദേഹം അങ്ങനെയാ, ഒരു അബദ്ധത്തില്‍ നിന്ന് തലയൂരാന്‍ വേറൊന്ന്‍!
            രാജീവ്‌ ഗാന്ധി അത്ര നല്ല ആളൊന്നുമല്ല, ഇന്ദിരയുടെ മരണശേഷം പതിനായിരക്കണക്കിനു സിഖുകാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയത് രാജീവ് ആണെന്നാണ്‌ അച്ചുമാമന്‍ പറയുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ വന്‍കലാപം നടന്നു എന്നത് നേര്. അതിന് നേതൃത്വം നല്‍കിയത് പലയിടത്തും കോണ്‍ഗ്രെസ്സുകാരായിരുന്നു താനും. 2700 -ലധികം സിഖുകാരാണ് വിവിധ അക്രമങ്ങളില്‍ മരണമടഞ്ഞത്. പെട്രോളൊഴിച്ച് തീകൊളുതിയാണ് പലരെയും വധിച്ചത്.  ഇതിനെല്ലാം ഗൂഡാലോചന നടത്തി,  നേതൃത്വം നല്‍കി എന്ന് ആരോപിക്കപ്പെടുന്നവരില്‍ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതിനു ശേഷം നവംബര്‍ 19-നു ഡല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ വച്ച് രാജീവ്‌ ഗാന്ധി ഇങ്ങനെ പറഞ്ഞത്രേ: "വന്മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുക എന്നത് സ്വാഭാവികമാണ്."
            രാജീവ്‌ വളരെ നല്ല നേതാവായിരുന്നു, ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭാവിയെപറ്റി പ്രതീക്ഷ നിറഞ്ഞ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. വയസ്സന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ശ്രേഷ്ഠകുലജാതനും  ചെറുപ്പക്കാരനും സുന്ദരനുമായ രാജീവ് വ്യത്യസ്തനായിരുന്നു; എല്ലാം അംഗീകരിക്കുന്നു. പക്ഷേ രാജീവിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്; ബോഫോര്‍സ് ആരും മറന്നിട്ടില്ല.  സത്യനാരായണ്‍ (സാം) പിട്രോദയുമായുള്ള അദേഹത്തിന്റെ  കൂട്ടുകെട്ടും വിവാദങ്ങള്‍ക്കതീതമായിരുന്നില്ല. മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ അമ്മയുടെ മരണത്തിന്റെ സ്വാഭാവിക പരിണതിയാണെന്ന് പൊതുജന മധ്യത്തില്‍ ഒരുളുപ്പുമില്ലാതെ പറയുന്നത് വിവേകശാലിയായ രാഷ്ട്രീയ നേതാവിന്റെ ലക്ഷണമാണോ? ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടമ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് രാജീവിന്റെ മൌനസമ്മതത്തോടെ   ആയിരുന്നെന്നു ഇപ്പോള്‍ വ്യക്തമാകുന്നു. ഇങ്ങനെ നമ്മളറിയാത്ത എന്തെല്ലാം..., ഒന്നറിയാം: രാഷ്ട്രീയ വിശാരദരില്‍ പലരും രാജീവിനെ വിലയിരുത്തിയത് 'രാജ്യതന്ത്രത്തില്‍ വട്ടപ്പൂജ്യം' എന്നായിരുന്നു. രാഷ്ട്രീയത്തില്‍ രാജീവിനെക്കാള്‍ എത്രയോ മുന്നിലായിരുന്നു സഞ്ജയ്‌ ഗാന്ധി എന്ന് പഴയ കോണ്‍ഗ്രസുകാര്‍ മറന്നുകാണില്ല. എന്നിട്ടും എന്താണാവോ സഞ്ജയ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൊള്ളല്‍?! സഞ്ജയ്‌ ഗാന്ധിയെ  കോണ്‍ഗ്രസ് കയ്യൊഴിഞ്ഞോ? (പഴയ ഒരു കോണ്‍ഗ്രെസ്സുകാരനായ എന്റെ ഉപ്പ ഒരു മകന് കൊടുത്തിരിക്കുന്ന പേര് സഞ്ജയ്‌ എന്നാണ്, വീടിന്റെ പേര് പ്രിയദര്‍ശിനി എന്നും).
             ഇന്നത്തെ (2010 ജൂലൈ 5 തിങ്കള്‍) മലയാള മനോരമ പല നേതാക്കളുടെയും പ്രസ്താവനകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്;  വീഎസ് മാപ്പ് പറയണം, രാജി വെക്കണം എന്നൊക്കെ. ഇടതുപക്ഷത്തെ നേതാക്കളെപ്പറ്റി ഇവന്മാരൊക്കെ ദിവസേന എന്തൊക്കെ ആരോപണം ഉന്നയിക്കുന്നു, ഇങ്ങനെ പോയാല്‍ മാപ്പ് പറഞ്ഞ് മുടിയുമല്ലോ! പോട്ടെ, പത്രക്കാരെന്തു ചെയ്യും?! ഇന്നത്തെ പത്രത്തില്‍ തന്നെ പത്താം പേജില്‍ NS മാധവന്റെ ലേഖനമുണ്ട്. രാജീവിന്റെ പഴയ പ്രയോഗത്തിന് കേരളത്തില്‍ ഏറ്റവും പ്രചാരം കിട്ടിയത് "വന്മരങ്ങള്‍ കടപുഴകുമ്പോള്‍ " എന്ന പേരില്‍ സിഖ് കൂട്ടക്കൊലയെപറ്റി അങ്ങേര് ഒരു ചെറുകഥ എഴുതിയപ്പോഴാണ്. ഏതായാലും അയ്യാളോടും കൂടി ഒരു മാപ്പെഴുതി വാങ്ങിയേക്ക്, ഇരിക്കട്ടെ. ഈ കഥ പിന്നീട് ചലച്ചിത്രമാക്കിയ ശശി കുമാരനെയും വിടരുത്!
           കോണ്‍ഗ്രെസ്സുകാരുടെ ഒരു മാനസികരോഗമാണിത്, പഴയ നേതാക്കളെ പറ്റി ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ല. വെറുതെയല്ല നമ്മുടെ ശശി തരൂര്‍ ഇക്കൂട്ടരെ "വിശുദ്ധ പശുക്കള്‍" എന്ന് വിളിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്കും എത്രയോ മുന്‍പ്‌ ഭരണാധികാരികളുടെ മൌനാനുവാദത്തോടെയും ആശീര്‍വാദത്തോടെയും അതിലും  ദാരുണവും പൈശാചികവുമായ വംശഹത്യകള്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 
           ഏതായാലും പ്രതിപക്ഷത്തിന് കുശാലായി, വാക്കൌട്ട് നടത്താന്‍ ഒരു കാരണമായല്ലോ. എത്രയെന്നു വെച്ചാ നിയമസഭയില്‍ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുക? വഴിയോര സമ്മേളനം, ബന്ദ്‌, ഹര്‍ത്താല്‍, പ്രകടനം, സമരം തുടങ്ങിയ ഹീനകര്‍മങ്ങളെ എതിര്‍ക്കുന്നവരായതു കൊണ്ട് പ്രതിഷേധിക്കാന്‍ ഇതല്ലേയുള്ളൂ ആകെ ഒരു മാര്‍ഗം?! പനിക്കെതിരെയും മറ്റും നടത്തിക്കഴിഞ്ഞു, ഇനി ഒരുദിവസം  കൈ വെട്ടിയവരെ സംരക്ഷിക്കുന്ന പോലീസിനെതിരെയും ആവാം. 

Monday, July 05, 2010

വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക!

മതനിന്ദ വളര്‍ത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന പോലീസ് കേസില്‍ പ്രതിയായി അന്വേഷണം നേരിടുന്ന, സസ്പെന്‍ഷനില്‍ ഇരിക്കുന്ന, തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ശ്രീ. ടി.ജെ. ജോസഫിനെ ഇന്നലെ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ക്രൂരമായി ആക്രമിച്ചതിലും കൈ വെട്ടിമാറ്റിയതിലും വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിലും ഒരു മലയാളി, ഒരു ഇന്ത്യക്കാരന്‍, ഒരു മുസ്ലിം, ഒരു കോളേജ് അദ്ധ്യാപകന്‍, ഒരു AKGCT (Association of Kerala Govt. College Teachers) ഭാരവാഹി എന്നീ നിലകളിലും, സര്‍വോപരി ജനാധിപത്യത്തിലും നിയമവാഴ്ചയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഒരു സാദാ പൌരന്‍  എന്ന നിലയിലും ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 
             മത തീവ്രവാദത്തെ എതിര്‍ക്കുക.... 
             വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക .....
കേരളത്തിലെ സാമുദായികസൌഹാര്‍ദം തകര്‍ക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം തിരിച്ചറിയുക! ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

Saturday, July 03, 2010

ബ്രസീല്‍ : ആക്രമണഫുട്ബോളിന്റെ മാസ്മരികസൌന്ദര്യം!!


ബ്രസീല്‍ ഫാന്‍ അല്ലായിരുന്നിട്ടുകൂടി വളരെ നേരത്തെ തന്നെ ബ്രസീല്‍ - ഹോളണ്ട് മത്സരം കാണാന്‍ ഇരിപ്പുറപ്പിച്ചു. ബ്രസീല്‍ തോല്‍ക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ആ ആവേശം മുഴുവനും. ഹോളണ്ടിനെ പോലൊരു ടീമിന് അതു സാധിക്കുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ദേശീയഗാനാലാപന പ്രകടനം എല്ലാം കഴിഞ്ഞു കളി തുടങ്ങാന്‍ പോകുന്നു എന്ന് കരുതി കണ്ണും തുറിപ്പിച്ചിരിക്കുമ്പോള്‍ അതാ ഒരു ബാനറും പിടിച്ച് കുറച്ചുപേര്‍ ഗ്രൌണ്ടിന്റെ നടുക്ക്! "SAY NO TO RACISM"  എന്നാണെഴുതിയിരിക്കുന്നത്. അതിന് ഫുട്ബോളില്‍ എന്ത് വംശീയത?  ഫുട്ബോളില്‍ അമേരിക്കക്കാരനും ഘാനക്കാരനും തുല്യരല്ലേ?! നന്നായി കളിച്ചാല്‍ ജയിക്കും, ഇല്ലെങ്കി തോക്കും..... ഹല്ലപിന്നെ!! 
           എങ്കിലും എനിക്ക് കാര്യം വ്യക്തമാകാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. എന്തൊക്കെപ്പറഞ്ഞാലും കളി തുടങ്ങി മൂന്നു മിനിട്ടിനുള്ളില്‍ നാല് ഫൌള്‍ ചെയ്യുന്നത് ഒരു കഴിവാണ്. അതിലും കഴിവ് വേണം അതു കണ്ടില്ലെന്നു നടിക്കാന്‍. ലോകഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരല്ലേ.... എന്തുമാകാമല്ലോ, ആരാ ചോദിക്കാനും പറയാനും! ഏരിയല്‍ റോബനു പന്തുകിട്ടിയാല്‍ വീണിരിക്കും ഒറപ്പ്; ഏയ്‌ ... ഗോളല്ലാ, റോബന്‍! 
            വംശവിദ്വേഷത്തിന്റെ കാറ്റ് ഈ ലോകകപ്പ് തുടങ്ങിയ അന്നുമുതല്‍ ഗ്രൌണ്ടുകളില്‍ അങ്ങോളമിങ്ങോളം അലയടിക്കുന്നുണ്ട്. അതുപുറത്തു കാണിക്കുന്നത് കൂടുതലും റഫറികള്‍ ആണെന്നു മാത്രം. കളിക്കാര്‍ തമ്മില്‍ കൈമാറുന്ന 'ഊഷ്മളമായ ആശംസാവചനങ്ങള്‍' ഭാഗ്യത്തിനു നമ്മള്‍ കേള്ക്കേണ്ടിവരുന്നില്ല. അങ്ങനെയും പലതും നടക്കുന്നുണ്ട് എന്നറിയാന്‍  കുപ്രസ്സിദ്ധമായ സിദാന്‍ - മറ്റരാസി സംഭവം വേണ്ടിവന്നു. വെവ്വേറെ ടീമുകള്ക്ക് ഒരേ ഫൌളിനു രണ്ടുതരം ശിക്ഷ, ചില ഗോളുകള്‍ ഗോളല്ലാതാവുന്നു, ശൂന്യവായുവില്‍ നിന്നു ഗോളുകള്‍ പിറക്കുന്നു, ചിലരുടെ ഫൌളുകള്‍ കണ്ടില്ലെന്നു നടിക്കുന്നു..... അങ്ങനെ എന്തെല്ലാം! ഈ ലോകകപ്പിന്റെ താരങ്ങള്‍ കാകയോ മെസ്സിയോ ക്ലോസോ വിയ്യയോ അല്ല, റഫറിമാര്‍ ആണ്. ഇന്നലത്തെ കളിയില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. റോബനെ പിന്തുടര്ന്നു വേട്ടയാടിയ ബാസ്റ്റോസിനു മഞ്ഞക്കാര്ഡു കിട്ടാന്‍ റോബനെ നാലുതവണ ക്രൂരമായി പിന്നില്നിന്നു ചവിട്ടിവീഴ്ത്തേണ്ടിവന്നു. അതേസമയം, ഒരു ഹോളണ്ട് കളിക്കാരനു മഞ്ഞ കാണാന്‍ അധികം കഷ്ടപ്പെടേണ്ടിവന്നില്ല; ബ്രസീല്‍ ഹാഫില്‍ പെനാള്ട്ടി ബോക്സിനടുത്ത് ഉരുണ്ടുവീണതിനായിരുന്നു കാര്‍ഡ്. എല്ലാം വെറും അഭിനയമായിരുന്നെന്നാണു റഫറി പറയുന്നത് (ഫൌള്‍ ആണെങ്കില്‍ത്തന്നെ ബ്രസീലിനു നഷ്ടപ്പെടാന്‍ ഒരു ഫ്രീകിക്ക് മാത്രം). കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ, കാക്ക ഇതുപോലെ ഹോളണ്ട് ബോക്സിനുള്ളില്‍ ഒന്നു വീണു, ഫൌളിനു അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി മൈന്ഡ് ചെയ്തില്ല. ഹും, ജപ്പാന്‍കാരനോടാ കളി: എല്ലാം അഭിനയമല്ലേ, ശുദ്ധ അഭിനയം!! അഭിനയമായിരുന്നെങ്കില്‍ എന്തുകൊണ്ട് മഞ്ഞകാര്ഡ് കാണിച്ചില്ല, അല്ല ശരിക്കും ഫൌള്‍ ആയിരുന്നെങ്കില്‍ പെനാള്ട്ടി ആവുമായിരുന്നില്ലേ?! ഒന്നും ചോദിക്കരുത്.
        ബാസ്റ്റോസിനു മഞ്ഞ കിട്ടിയതിനുശേഷവും റോബനെ വിട്ടില്ല, ആദ്യത്തേതിലും ഉഷാറായി ഒന്നുകൂടി ചവിട്ടി. അതിനു ശിക്ഷ ഫ്രീ കിക്ക് മാത്രം.  തുടര്‍ച്ചയായി ഒരു കളിക്കാരനെ പിന്തുടര്‍ന്നു ഫൌള്‍ ചെയ്യുന്നത് ഫിഫ നിയമപ്രകാരം കൊടിയ കുറ്റമാണ്, ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ കളിക്കാരനെ പിന്നെയും ഫൌള്‍ ചെയ്‌താല്‍ അപ്പോ എന്തായിരിക്കും ശിക്ഷ?  കുറഞ്ഞപക്ഷം ഒരു മഞ്ഞ കൂടി. ഒരുതവണ കൂടി മഞ്ഞതൊട്ടിരുന്നെങ്കില്‍ ബാസ്റ്റോസിനു മടങ്ങാമായിരുന്നു, അതുണ്ടായില്ല. റഫറിയോടുള്ള നന്ദിസൂചകമായി ദുംഗ ഉടനെത്തന്നെ ബാസ്റ്റോസിനെ തിരിചുവിളിക്കുകയും ചെയ്തു. 
            ബ്രസീല്‍ തുടക്കം മുതലേ ഭയങ്കര 'ആക്രമണ 'ഫുട്ബോള്‍ ആണ് കളിച്ചത് എന്ന് കളി കണ്ടവര്‍ക്കൊക്കെയറിയാം; ആക്രമണം മിക്കവാറും ഹോളണ്ട് കളിക്കാരുടെ ദേഹത്തായിരുന്നെന്നു മാത്രം.  കളിയില്‍ മൊത്തം ഫൌള്‍ കളിച്ച ബ്രസീലിനു കിട്ടിയത്  ഒരു മഞ്ഞകാര്‍ഡും ഒരു ചുവപ്പുകാര്‍ഡും മാത്രം; ഹോളണ്ടിന് നാല് മഞ്ഞക്കാര്‍ഡ്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ: ഫിലിപേ മേലോയ്ക്ക്  എതിരെ റഫറിക്ക് ചുവപ്പുകാര്‍ഡു പുറത്തെടുക്കേണ്ടി വന്നു. ഫൌള്‍ ചെയ്തു വീഴ്ത്തിയിട്ടും അരിശം തീരാതെ ബൂട്ടിട്ട കാലുകൊണ്ട് വീണുകിടക്കുന്നവന്റെ തുടയ്ക്കു ചവിട്ടിയാല്‍ വേറെന്തുചെയ്യും? 
             ബ്രസീല്‍ കളിക്കാര്‍ റഫറിമാരെ സ്വാധീനിക്കുന്നു എന്നുള്ളത് ഈ വേള്‍ഡ് കപ്പിന്റെ ആരംഭം മുതലേ കേള്ക്കുന്ന ഒരു ആരോപണമാണ്. അതു യാഥാര്‍ത്ഥ്യമാണെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു മൈകോണ്‍, റോബീഞ്ഞോ, കാക്ക തുടങ്ങി പല ബ്രസീല്‍ കളിക്കാരുടേതും. പക്ഷേ, നിഷിമുറയെപ്പോലെ ഫിഫയുടെ അതിവിദഗ്ധരായ, കഠിനശിക്ഷണം നേടിയ റഫറിമാര്‍, അതും  ഫുട്ബോള്‍ ലോകകപ്പുമല്സരങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍, കളിക്കാരുടെ അഭിനയത്തിലും വാക്ചാതുരിയിലും  തുറിച്ചുനോട്ടത്തിലും ഭീഷണിയിലും (സംശയമുണ്ടെങ്കില്‍ കളി ഒന്നുകൂടി കാണുക)  വീണുപോവുക എന്നത് ഒരിക്കലും അഭിലഷണീയമല്ല.
            ഒന്നാം പകുതി ബ്രസീലിനു സ്വന്തമായിരുന്നു, പക്ഷെ ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കാനാണു ബ്രസീല്‍ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ സെല്ഫ്ഗോളിലൂടെ ഹോളണ്ട് സമനില പിടിച്ച ശേഷമാണു കളിയുടെ ഗതി മാറിയത്. ഒരു ഫുട്ബോള്‍ മാച്ചു കളിക്കുകയാണു തങ്ങള്‍ എന്ന കാര്യം ഓരോ ബ്രസീല്‍ കളിക്കാരനും മറന്ന പോലെ തോന്നി. പകരം ഒരു യുദ്ധക്കളത്തിലാണു താന്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. മുന്നില്‍ വരുന്ന എതിരാളിയെ ആയുധമില്ലാതെ അരിഞ്ഞിടുന്ന വിദ്യ ഇവരില്നിന്നു പഠിക്കണം!  
            ഒറ്റ ഒരു ഗോള്‍ കളിയെ എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ഓറഞ്ചുപടയുടെ ആക്രമണം. ഇത്തരുണത്തിലാണ് അര്‍ജന്റീനയ്ക്കു ദാനം കിട്ടിയതും ഇംഗ്ലണ്ടിനു നിഷേധിക്കപ്പെട്ടതുമായ ഗോളുകളെക്കുറിച്ചു ചിന്തിക്കേണ്ടത്. റഫറിമാര്‍ നിഷ്പക്ഷതയോടെ ജാഗരൂകരായി പ്രവര്ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, തുടര്‍ന്നുള്ള മല്സരങ്ങളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. എന്തുകൊണ്ട് കളിനിയന്ത്രണത്തിന് കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനു മുന്നില്‍ ഫിഫ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഫുട്ബോളല്ലേ, ഓരോ ദിവസവും ഭാഗ്യം മാറിമറിഞ്ഞു കൊണ്ടിരിക്കും. കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ ഫൈനല്‍ കളിക്കുന്നത് ഘാനയും സ്ലോവാക്യയും ആയിരിക്കും; കളി കാണാന്‍ ആരെങ്കിലും ഉണ്ടാവുമോ?!
            അള്‍ജീരിയയും യു എസ് എയും തമ്മിലുള്ള മല്സരത്തില്‍ അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യാനുള്ള കമന്റേറ്റര്‍മാരുടെ ആവേശം കണ്ടു ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്. അവസാനമിനുട്ടിലെ ഗോള്‍ കണ്ട് അവര്‍ സ്റ്റുഡിയോയില്‍നിന്നിറങ്ങി ഓടുമെന്നുവരെ തോന്നി! സ്ലോവേനിയക്കെതിരെ അമേരിക്കയുടെ ഗോള്‍ നിഷേധിച്ച മാലിക്കാരനായ കറുത്ത വര്‍ഗക്കാരന്‍ റഫറി കോമന്‍ കുലിബാലിയെ  പാശ്ചാത്യ മാധ്യമങ്ങള്‍ ചുട്ടുതിന്നില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം ചെയ്തു!! ഐവറി കോസ്ടിനെതിരെ ഫാബിയാനോയുടെ കൈ-ഗോള്‍ (രണ്ടു തവണ കൈ കൊണ്ട് മനപ്പൂര്‍വം ബോള്‍ തൊട്ടു) ഒരു മിനിടിനുള്ളില്‍ കമന്റെറ്റര്മാര്‍ മറന്നു, റഫറിയും മാധ്യമങ്ങളും അതു കണ്ടതേയില്ല! 

 
              
             അതേ, ഫുട്ബോളില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നുണ്ട്,  ഫുട്ബോളിലെ പരമ്പരാഗത ശക്തികളും പുതുതായി ഉയര്‍ന്നുവരുന്ന ചെറിയ ടീമുകളും തമ്മില്‍, വെളുത്തവരും കറുത്തവരും തമ്മില്‍, സമ്പന്നരും ദരിദ്രരും തമ്മില്‍. ഇതില്‍ ഫിഫ ആരുടെ പക്ഷത്താണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ!!   
Related Posts with Thumbnails