തലക്കെട്ട് എന്‍. എസ്. മാധവനില്‍ നിന്നും കടമെടുത്തതാണ്. സാരമില്ല, അങ്ങേരത് രാജീവില്‍നിന്നും അടിച്ചു മാറ്റിയതാണല്ലോ?! സന്തോഷമായി ഗോപിയേട്ടാ, ശരിക്കും സന്തോഷമായി; ഞാനും അച്ചുവേട്ടനും ഒരു കാര്യത്തിലെങ്കിലും യോജിച്ചല്ലോ! രണ്ടുദിവസം മുന്‍പ് സഞ്ജയ് ഗാന്ധി എന്ന് വേണ്ടിടത്ത് രാജീവ് ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കണം ശ്രീമാന്‍ അച്ചുതാനന്ദന്‍ അങ്ങനെ പറഞ്ഞത്. അല്ലെങ്കിലും അദ്ദേഹം അങ്ങനെയാ, ഒരു അബദ്ധത്തില്‍ നിന്ന് തലയൂരാന്‍ വേറൊന്ന്‍!
രാജീവ് ഗാന്ധി അത്ര നല്ല ആളൊന്നുമല്ല, ഇന്ദിരയുടെ മരണശേഷം പതിനായിരക്കണക്കിനു സിഖുകാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയത് രാജീവ് ആണെന്നാണ് അച്ചുമാമന്‍ പറയുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ വന്‍കലാപം നടന്നു എന്നത് നേര്. അതിന് നേതൃത്വം നല്‍കിയത് പലയിടത്തും കോണ്‍ഗ്രെസ്സുകാരായിരുന്നു താനും. 2700 -ലധികം സിഖുകാരാണ് വിവിധ അക്രമങ്ങളില്‍ മരണമടഞ്ഞത്. പെട്രോളൊഴിച്ച് തീകൊളുതിയാണ് പലരെയും വധിച്ചത്. ഇതിനെല്ലാം ഗൂഡാലോചന നടത്തി, നേതൃത്വം നല്‍കി എന്ന് ആരോപിക്കപ്പെടുന്നവരില്‍ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതിനു ശേഷം നവംബര്‍ 19-നു ഡല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ വച്ച് രാജീവ് ഗാന്ധി ഇങ്ങനെ പറഞ്ഞത്രേ: "വന്മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുക എന്നത് സ്വാഭാവികമാണ്."
രാജീവ് വളരെ നല്ല നേതാവായിരുന്നു, ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭാവിയെപറ്റി പ്രതീക്ഷ നിറഞ്ഞ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. വയസ്സന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ശ്രേഷ്ഠകുലജാതനും ചെറുപ്പക്കാരനും സുന്ദരനുമായ രാജീവ് വ്യത്യസ്തനായിരുന്നു; എല്ലാം അംഗീകരിക്കുന്നു. പക്ഷേ രാജീവിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്; ബോഫോര്‍സ് ആരും മറന്നിട്ടില്ല. സത്യനാരായണ്‍ (സാം) പിട്രോദയുമായുള്ള അദേഹത്തിന്റെ കൂട്ടുകെട്ടും വിവാദങ്ങള്‍ക്കതീതമായിരുന്നില്ല. മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ അമ്മയുടെ മരണത്തിന്റെ സ്വാഭാവിക പരിണതിയാണെന്ന് പൊതുജന മധ്യത്തില്‍ ഒരുളുപ്പുമില്ലാതെ പറയുന്നത് വിവേകശാലിയായ രാഷ്ട്രീയ നേതാവിന്റെ ലക്ഷണമാണോ? ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടമ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് രാജീവിന്റെ മൌനസമ്മതത്തോടെ ആയിരുന്നെന്നു ഇപ്പോള്‍ വ്യക്തമാകുന്നു. ഇങ്ങനെ നമ്മളറിയാത്ത എന്തെല്ലാം..., ഒന്നറിയാം: രാഷ്ട്രീയ വിശാരദരില്‍ പലരും രാജീവിനെ വിലയിരുത്തിയത് 'രാജ്യതന്ത്രത്തില്‍ വട്ടപ്പൂജ്യം' എന്നായിരുന്നു. രാഷ്ട്രീയത്തില്‍ രാജീവിനെക്കാള്‍ എത്രയോ മുന്നിലായിരുന്നു സഞ്ജയ് ഗാന്ധി എന്ന് പഴയ കോണ്‍ഗ്രസുകാര്‍ മറന്നുകാണില്ല. എന്നിട്ടും എന്താണാവോ സഞ്ജയ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൊള്ളല്‍?! സഞ്ജയ് ഗാന്ധിയെ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞോ? (പഴയ ഒരു കോണ്‍ഗ്രെസ്സുകാരനായ എന്റെ ഉപ്പ ഒരു മകന് കൊടുത്തിരിക്കുന്ന പേര് സഞ്ജയ് എന്നാണ്, വീടിന്റെ പേര് പ്രിയദര്‍ശിനി എന്നും).
ഇന്നത്തെ (2010 ജൂലൈ 5 തിങ്കള്‍) മലയാള മനോരമ പല നേതാക്കളുടെയും പ്രസ്താവനകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്; വീഎസ് മാപ്പ് പറയണം, രാജി വെക്കണം എന്നൊക്കെ. ഇടതുപക്ഷത്തെ നേതാക്കളെപ്പറ്റി ഇവന്മാരൊക്കെ ദിവസേന എന്തൊക്കെ ആരോപണം ഉന്നയിക്കുന്നു, ഇങ്ങനെ പോയാല്‍ മാപ്പ് പറഞ്ഞ് മുടിയുമല്ലോ! പോട്ടെ, പത്രക്കാരെന്തു ചെയ്യും?! ഇന്നത്തെ പത്രത്തില്‍ തന്നെ പത്താം പേജില്‍ NS മാധവന്റെ ലേഖനമുണ്ട്. രാജീവിന്റെ പഴയ പ്രയോഗത്തിന് കേരളത്തില്‍ ഏറ്റവും പ്രചാരം കിട്ടിയത് "വന്മരങ്ങള്‍ കടപുഴകുമ്പോള്‍ " എന്ന പേരില്‍ സിഖ് കൂട്ടക്കൊലയെപറ്റി അങ്ങേര് ഒരു ചെറുകഥ എഴുതിയപ്പോഴാണ്. ഏതായാലും അയ്യാളോടും കൂടി ഒരു മാപ്പെഴുതി വാങ്ങിയേക്ക്, ഇരിക്കട്ടെ. ഈ കഥ പിന്നീട് ചലച്ചിത്രമാക്കിയ ശശി കുമാരനെയും വിടരുത്!
കോണ്‍ഗ്രെസ്സുകാരുടെ ഒരു മാനസികരോഗമാണിത്, പഴയ നേതാക്കളെ പറ്റി ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ല. വെറുതെയല്ല നമ്മുടെ ശശി തരൂര്‍ ഇക്കൂട്ടരെ "വിശുദ്ധ പശുക്കള്‍" എന്ന് വിളിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്കും എത്രയോ മുന്‍പ് ഭരണാധികാരികളുടെ മൌനാനുവാദത്തോടെയും ആശീര്‍വാദത്തോടെയും അതിലും ദാരുണവും പൈശാചികവുമായ വംശഹത്യകള്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഏതായാലും പ്രതിപക്ഷത്തിന് കുശാലായി, വാക്കൌട്ട് നടത്താന്‍ ഒരു കാരണമായല്ലോ. എത്രയെന്നു വെച്ചാ നിയമസഭയില്‍ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുക? വഴിയോര സമ്മേളനം, ബന്ദ്, ഹര്‍ത്താല്‍, പ്രകടനം, സമരം തുടങ്ങിയ ഹീനകര്‍മങ്ങളെ എതിര്‍ക്കുന്നവരായതു കൊണ്ട് പ്രതിഷേധിക്കാന്‍ ഇതല്ലേയുള്ളൂ ആകെ ഒരു മാര്‍ഗം?! പനിക്കെതിരെയും മറ്റും നടത്തിക്കഴിഞ്ഞു, ഇനി ഒരുദിവസം കൈ വെട്ടിയവരെ സംരക്ഷിക്കുന്ന പോലീസിനെതിരെയും ആവാം.
വഴിയോര സമ്മേളനം, ബന്ദ്, ഹര്‍ത്താല്‍ , പ്രകടനം, സമരം തുടങ്ങിയ ഹീനകര്‍മങ്ങളെ എതിര്‍ക്കുന്നവരായതു കൊണ്ട് പ്രതിഷേധിക്കാന്‍ ഇതല്ലേയുള്ളൂ ആകെ ഒരു മാര്‍ഗം?!
ReplyDeleteവായിച്ചു. ഇത്തരം ചൂടുള്ള വിഷയങ്ങളില്‍ കൈവയ്കാന്‍ ധൈര്യം കാണിച്ച പുല്ചാടിക്ക് അഭിനന്ദനങ്ങള്‍.
ReplyDelete