Showing posts with label പേരമ്മ. Show all posts
Showing posts with label പേരമ്മ. Show all posts

Thursday, November 12, 2009

പേരമ്മ


ആരോ വാതിലില്‍ മുട്ടി വിളിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. സഞ്ജയ്‌ ആണ്, ഇക്കയും ഉണ്ട് കൂടെ! ഞാന്‍ കാര്യം തിരക്കി.
"പേരമ്മ മരിച്ചു!"
         ഞെട്ടലൊന്നും ഉണ്ടായില്ല. ഒരു ഭാരം ഒഴിഞ്ഞ തോന്നല്‍ ആണ് ഉണ്ടായത്‌. സമയം എത്രയായി എന്ന് നോക്കി: രാത്രി 1.30. കുറച്ചു നേരം എന്ത് പറയണം എന്ന് ചിന്തിച്ചു; ഇക്കയും സഞ്ജയും ഞാന്‍ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ശല്യം, ഏതായാലും രാത്രി ആയതുകൊണ്ട് തിരക്കൊന്നും വേണ്ട, കബര്‍ അടക്കം എന്തായാലും നേരം വെളുത്തിട്ടല്ലേ കാണൂ!
    "ആ.. ഒരു അഞ്ചു മണി കഴിഞ്ഞിട്ട് പോകാം. എപ്പളാ മയ്യത്തെടുക്കുന്നത്?" (പുത്തന്‍ മലയാളിയുടെ സഹജമായ) നിര്‍വികാരതയോടെ ഞാന്‍ ചോദിച്ചു.
    "ഉമ്മച്ചി ഒന്നും പറഞ്ഞില്ല. നമ്മള്‍ വിവരം അറിഞ്ഞിട്ടു പോയില്ലെങ്കില്‍ ഓലെന്തു വിജാരിക്കും" എന്ന് സഞ്ജയ്. എന്നിട്ടവന്‍ ഇക്കാനോട്: "ബൈക്കെടുക്കണോ?"
         എനിക്ക് ചൊറിഞ്ഞു വന്നു. എനിക്കിട്ടു കൊട്ടിയതാണ്, കാര്‍ എന്റെയാണല്ലോ, എന്‍റെ ഔദാര്യത്തിന് വേണമല്ലോ എല്ലാര്‍ക്കും നാട്ടിലേക്ക് പോകാന്‍.
   "എന്നാല്‍ ശരി, ഒരു രണ്ടു രണ്ടരയ്ക്ക് പോകാം, റെഡി ആയിക്കോ!"
           അപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്, ലൈലയ്ക്ക് നാളെ പരീക്ഷയാണ്‌. രാത്രി മുഴുവന്‍ അവള്‍ ഉറങ്ങാതെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. നല്ല സമയത്താണ് തള്ളയ്ക്ക് മരിക്കാന്‍ കണ്ടത്. എന്‍റെ ചിന്തകളെപറ്റി എനിക്കു തന്നെ അത്ഭുതം തോന്നി: എങ്ങനെ എനിക്കിങ്ങനെയെല്ലാം ചിന്തിയ്ക്കാന്‍ കഴിയുന്നു?! അതും  പേരമ്മയെപ്പറ്റി!!  ഉമ്മച്ചി അവസാനമായി നാട്ടില്‍ പോയപ്പോളും ദേഷ്യം കൊണ്ട് ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു. ലൈലയ്ക്ക് പരീക്ഷ നടക്കുന്ന സമയത്ത് വീട്ടുപണി എല്ലാം അവളെ ഏല്‍പ്പിച്ച് ഉമ്മച്ചി നാട്ടില്‍ പോയതിനായിരുന്നു എന്‍റെ ദേഷ്യം മുഴുവന്‍. ഭ്രാന്തു പിടിച്ച പോലെ "തള്ള ചത്ത്‌ കുഴിച്ചു മൂടിയിട്ട് ഉമ്മച്ചി ഇനി വന്നാല്‍ മതി" എന്ന് ആക്രോശിച്ചതും ഈ ഞാന്‍ തന്നെ. ആ തള്ളയെക്കുരിച്ചാണ് ഇനി ഞാന്‍ പറയുന്നത്:  
            പേരമ്മ എന്നാല്‍ വേറമ്മ, എന്‍റെ ഉമ്മയുടെ ഉമ്മ. എന്ത് കൊണ്ടാണ് എല്ലാവരും ഉമ്മുമ്മ, അമ്മൂമ്മ, വല്ലിമ്മ എന്നെല്ലാം വിളിക്കുന്ന മുത്തശ്ശിയെ ഞങ്ങള്‍ പേരക്കുട്ടികള്‍ വേറമ്മ എന്നും പതിയെ പേരമ്മ എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്നെനിക്കറിയില്ല. എന്നു മുതലാണ്‌ വേറമ്മ എന്നത് പേരമ്മ എന്നായതെന്നും എനിക്കോര്‍മയില്ല. ഓര്‍മയുള്ളത് ഒരു ചിത്രമാണ്: കാതില്‍ നിറയെ റിങ്ങുകള്‍ തൂക്കി ഒരു വെള്ള അയഞ്ഞ കുപ്പായവും വീതി കൂടിയ കരയുള്ള  മുണ്ടുമുടുത്ത്‌ തറവാട്ടില്‍ എല്ലായിടത്തും സജീവ സാന്നിധ്യമായിരുന്ന പേരമ്മയുടെ ചിത്രം!  
        ഞാന്‍ എന്‍റെ ജീവിതത്തിലെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കുന്ന കാലം:  നാലിലും അഞ്ചിലും പഠിച്ചിരുന്ന രണ്ടു വര്‍ഷങ്ങള്‍. കോഴിക്കോട്‌ നടക്കാവില്‍ നിന്ന് ചേവായൂരിലേക്ക്  ഞങ്ങള്‍ താമസ്സം മാറുന്ന ഇടവേളയില്‍ ഞങ്ങളെ മൂന്നുപേരെയും ഉമ്മച്ചി നാട്ടില്‍ കൊണ്ടാക്കി. അവിടത്തെ സ്കൂളില്‍ ചേര്‍ത്തു. സ്ഥലത്തിന്റെ പേര് 'യൂപ്പി'. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്കും  പട്ടാമ്പിയ്ക്കും  ഇടയില്‍ പുലാമന്തോള്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നാലഞ്ചു കടകള്‍ ഉള്ള ഒരു ചെറിയ അങ്ങാടിയാണ് യൂപ്പി അഥവാ തിരുനാരായണപുരം. ഒരു UP സ്കൂള്‍ ഉള്ളത് കൊണ്ടാണത്രേ യൂപ്പി എന്ന പേര് വന്നത്! അവിടെ ടാര്‍ റോഡില്‍ നിന്നും ഏകദേശം അഞൂറുമീറ്റര്‍ ഉള്ളിലേക്കായി ഒരു ഓടിട്ട രണ്ടുനില വീട്. നിറയെ മുറ്റമുള്ള, വലിയ പറമ്പുള്ള ആ വീട് ഞങ്ങള്‍ പേരക്കുട്ടികളുടെ ഉത്സവപ്പരമ്പായിരുന്നു.  എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ഒത്തു ചേരുന്ന സമ്മേളന നഗരി! അന്നത്തെ ആ ജീവിതത്തിനു ശേഷമാണ് കോഴിക്കോട്ടുക്കാരനായ ഞാന്‍ ഇജ്ജെന്നും കുജ്ജെന്നും സംസാരിക്കാന്‍ തുടങ്ങിയത്‌. ചേവായൂരില്‍ പലരും ഞങ്ങളെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു, എങ്കിലും അന്നും ഇന്നും എനിക്ക് നാടെന്നാല്‍ യൂപ്പിയാണ്. 
             അവിടത്തെ  ജീവിതമായിരിക്കണം എന്നെ കൃഷിയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌. ആ ഒരേക്കര്‍ പുരയിടത്തില്‍ പേരമ്മ ചെയ്യാത്ത കൃഷിയോന്നുമില്ല. വാഴയും കപ്പയും ഇഞ്ചിയും മഞ്ഞളും കുരുമുളകും കൂവയും ചേനയും ചേമ്പും പയറും മത്തനും പാവക്കയും പടവലവും വെണ്ടയും പലതരം ചീരയും കുമ്പളവും കാവത്തും വെറ്റിലയും എന്നു വേണ്ട ഒരുവിധപ്പെട്ട പച്ചക്കറിയൊക്കെ പേരമ്മ നട്ടുണ്ടാക്കിയിരുന്നു. പോരാത്തതിന് പറമ്പില്‍ നിറയെ മാവും പ്ലാവും പേരയും കശുമാവും കുടപ്പനയും മറ്റും. ഉമ്മയ്ക്ക് സഹായത്തിനു കോരനും കാളിയും. പിന്നെപ്പിന്നെ അവര്‍ വരാതായി. മകന്‍ ഗള്‍ഫിലാണല്ലോ,  മാപ്പിളാരെ വീട്ടില്‍ കെളയ്ക്കാന്‍ പോണ്ട കാര്യം അവര്‍ക്കില്ല! എനിക്കൊരു കര്‍ഷകന്റെ മനസ്സാണെന്ന് സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്‌. ആ മനസ്സെവിടുന്നു കിട്ടി എന്നു ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ.  
              അവിടത്തെ ജീവിതം തന്നെയാണ് പച്ച മണ്ണിനെ പ്രേമിക്കാന്‍ എന്നെ പഠിപ്പിച്ചത്‌. മണ്ണ് കുഴച്ച് മുറ്റത്തിനു അതിര് കെട്ടുന്ന ദിവസം ഞങ്ങള്‍ക്ക്‌ ഉത്സവം തന്നെയാണ്, നല്ല ചുവന്ന പശിമയുള്ള മണ്ണ് ചവിട്ടിക്കുഴച്ച് ചുമരില്‍ വാരിത്തേക്കാന്‍ എന്തെന്നില്ലാത്ത രസമാണ്. ചുവന്ന മണ്ണിന്റെ ആ പശിമ എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു. മതിലുകെട്ടല്‍ കഴിഞ്ഞു നിലം ചാണകം മെഴുകും, ചാണകത്തിന് ഒരു പ്രത്യേക ഗന്ധമാണ്, എന്നെ സംബന്ധിച്ച് സുഗന്ധം! അന്നത്തെ, പാടത്തിന്റെ നടുവിലൂടെ കുളിക്കാനുള്ള പോക്കും രസമാണ്. കുളം, തോട്, പുഴ, പാടം എല്ലാം ഞാന്‍ അനുഭവിച്ചത്‌ ആ രണ്ടു വര്‍ഷങ്ങളിലാണ്. ഓട്ടിന്‍പുറത്ത് നിന്നും മഴത്തുള്ളികള്‍  നിലത്തു വീഴുന്നതും മഴവെള്ളം നീര്‍ച്ചാലുകളായി ഒളിച്ചുപോകുന്നതും ആ കോലായി തിണ്ണയിലിരുന്നു  നോക്കിയിരിക്കുന്നത് ഇന്നും ഓര്‍മയുണ്ട്. വെള്ളത്തിന്‌ വഴിയുണ്ടാക്കാന്‍ മണ്ണ് കൊണ്ട് തടം കെട്ടുന്നതും!
              അന്ന് തറവാട്ടില്‍ കരണ്ടില്ല. മണ്ണെണ്ണ വിളക്കെന്ന പ്രതിഭാസമാണ് വെളിച്ചത്തിന്റെ ദാതാവ്. ആകെയുള്ള ഒരു കുളിമുറി പുറത്ത്‌ അടുക്കളയുടെയും കിണറിന്റെയും അരികിലായാണ്‌. കക്കൂസ് കുറച്ചു ദൂരെ മാറി. പിന്നിലെ ടാങ്ക് നിറച്ചു പൈപ്പിലൂടെ വെള്ളം വരുന്ന വിദ്യ ഇന്നോര്‍ക്കുമ്പോള്‍ കൌതുകമാണ്.  ആ കുളിമുറിയില്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ പുറത്തെ മട്ടിമരത്തില്‍ കൂട് കെട്ടിയ കാക്കതമ്പുരാട്ടിയെയും കുടുംബത്തെയും നോക്കി നില്‍ക്കുന്നത്, കുടപ്പനയില്‍ കോണി വച്ച് കയറി മണ്ണാത്തിപ്പുള്ളിന്റെ  നീലയില്‍ പുള്ളിയുള്ള മുട്ട എടുത്തത്, അത് കോഴിക്ക് അട വെച്ചത്, പടിക്കലുള്ള നാടന്‍ മാവിന്റെ ചോട്ടില്‍ തേങാപ്പൂള്‍  ഇരയാക്കി എലിക്കെണി വച്ച് അണ്ണാനെ പിടിക്കുന്നത്, പാടത്തിന്‍ കരയില്‍ കൃഷിക്കാര്‍ തെങ്ങില്‍നിന്ന് വെട്ടിയിട്ട ഓലയിലെ  കൂട്ടില്‍ നെയ്ത്തുകാരന്‍ പക്ഷിയുടെ മുട്ട തിരഞ്ഞത്, വര്‍ഷക്കാലത്ത്‌ പാടത്ത്‌ പുഴവെള്ളം കയറുമ്പോള്‍ പൊങ്ങിക്കിടക്കുന്ന അനേകായിരം പുഴുക്കളെ നോക്കിനിന്നത്, വേനലില്‍ വറ്റിയ പാടത്തെ ചെറിയ കുഴിയില്‍  തോര്‍ത്ത്‌ കൊണ്ടരിച്ചു പരല്‍ മീനിനെ പിടിച്ചത്, അങ്ങനെ പിടിച്ച കുഞ്ഞുമീനുകളെ കിണറ്റിലെ കണ്ണന്‍ മീനിനു തിന്നാന്‍ കൊടുത്തത്‌, കുളിമുറിക്കും മൂത്രപ്പുരക്കും ഇടയിലെ മണ്ചുമരില്‍  സ്പ്രിംഗ്‌ പോലെ ചുരുണ്ടു കിടന്ന പാമ്പിനെ ബക്കര്‍കാക്ക (ഇളയ അമ്മാവന്‍) തല്ലിക്കൊന്നത്, കെണി വച്ച് പിടിച്ച എലിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ നോക്കിയിട്ടും അത് ചാവാതെ രക്ഷപ്പെട്ടത്: അങ്ങനെ എന്തെല്ലാം ഇടപെടലുകളിലൂടെയാണ്‌ എന്‍റെ പ്രകൃതിവിജ്ഞാനം വളര്‍ന്നത്!  തിരിഞ്ഞുനോക്കുമ്പോള്‍ ആ കണ്ണന്‍ മീന്‍ (ബ്രാല്‍ എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കും, വരാല്‍ എന്ന് മറ്റുള്ളവരും) എന്‍റെ ജീവിതത്തിലെ ഒരു പ്രധാന സഹനടന്‍ തന്നെയാണ്; എത്രകാലം അവന്‍ ആ കിണറ്റില്‍ ജീവിച്ചു! ഓരോ തവണയും അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കിണറ്റില്‍ നോക്കും, അവന്‍ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒരു പക്ഷേ ആ രണ്ടു വര്‍ഷം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന പ്രകൃതിസ്നേഹി ഇന്നുണ്ടാകുമായിരുന്നില്ല! 
            പരിപ്പും തക്കാളിയുമിട്ട് ഉണ്ടാക്കിയ കുമ്പളങ്ങ കറി ഞാനിഷ്ടപ്പെടുന്നുവെങ്കില്‍ അതിനു കാരണം പേരമ്മയാണ്. അതായിരുന്നു പേരമ്മയുടെ മാസ്റ്റര്‍-പീസ് കറി. എന്നും എപ്പോഴും ആ കറി കൂട്ടിയിട്ടും എനിക്കു മടുത്തില്ല, ആ രുചി വേറെ എവിടെയും കിട്ടിയുമില്ല! അരിമാവ് കലക്കിയുണ്ടാക്കുന്ന അപ്പം പേരമ്മയുടെ മറ്റൊരു കലാവിരുതാണ്, കൂടെ  തേങ്ങയരച്ച കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച കറിയും. ഇട നേരത്ത് കഞ്ഞിയുണ്ടാകും ചൂടോടെ, തൊട്ടുകൂട്ടാന്‍ അച്ചാറും പിന്നെ ഉണക്ക മാന്തളോ മുള്ളനോ വറുത്തതും, ഓര്‍ത്തിട്ടു തന്നെ വായില്‍ വെള്ളം വരുന്നു! 
               പേരമ്മയുടെ  കയ്യില്‍ എപ്പോഴും ആവശ്യത്തിനു പൈസ കാണും, പക്ഷേ ആര്‍ക്കും അങ്ങനെ കൊടുക്കില്ല. വെറ്റിലയും പുകലയും വാങ്ങാന്‍ എന്നോടാണ് പലപ്പോഴും പറയുക. പൈസയൊക്കെ മുണ്ടിന്റെ തലപ്പത്തെ കിഴിയിലും പിന്നെ പെരമ്മയ്ക്ക്‌ മാത്രം അറിയുന്ന സ്ഥലങ്ങളിലും ആണ് സൂക്ഷിക്കുക. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്‌ നാട്ടില്‍ പോയി മടങ്ങുമ്പോഴൊക്കെ പേരമ്മ എനിക്കു രൂപ എന്തെങ്കിലും തരും, അത് കേള്‍ക്കുമ്പോള്‍ ഉമ്മച്ചിയ്ക്ക് അത്ഭുതമാണ്. വേറെ ആര്‍ക്കും പേരമ്മ അങ്ങനെ പൈസ കൊടുക്കാറില്ലത്രേ! ഈയടുത്തകാലത്ത്, ഓര്‍മയില്ലാത്ത സമയത്ത് ആരോ ഹംസുക്കാക്കയ്ക്ക് (രണ്ടാമത്തെ അമ്മാവന്‍)  കൊടുക്കാന്‍ നല്‍കിയ രൂപ വളരെ ഭദ്രമായി കട്ടിലില്‍ കിടക്കയുടെ അടിയില്‍ പേരമ്മ സൂക്ഷിച്ചു വച്ചിരുന്നു പോലും! ദിവസങ്ങള്‍ കഴിഞ്ഞു കിടക്ക കഴുകാന്‍ എടുത്തപ്പോള്‍ അമ്മായിയാണ് കണ്ടത്‌.    
                ഉമ്മയുടെ വാപ്പയെ കണ്ട ഓര്‍മ കുറവാണ്. ആകെ ഓര്‍ക്കുന്നത് ഒരിക്കല്‍ സന്ധ്യയ്ക്ക്‌  (അതോ പുലര്‍ച്ചയ്ക്കോ?) വല്ലിപ്പ ഒച്ചയുണ്ടാക്കി വീടിന്റെ മുറ്റത്ത്‌ നിന്ന് കുറുക്കന്മാരെ ഓടിക്കുന്ന രംഗമാണ്. മറ്റൊന്ന്, ബീച്ച് ഹോസ്പിറ്റലില്‍ കിടക്കുന്ന വല്ലിപ്പയുടെ കട്ടില്ക്കാലില് കടപ്പുറത്ത്‌ നിന്ന് പിടിച്ച ഞണ്ടിനെ കെട്ടിയിട്ട രംഗം. അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന രോഗിയുടെ ബന്ധുവായ പന്നിയങ്കര ഇത്താത്തയുടെ മകന്‍ നാസര്‍ പിടിച്ചു തന്ന ഞണ്ട്. അഞ്ചോ ആറോ വയസ്സില്‍ ജീവനില്ലാത്ത ശരീരത്തിന്റെ കൂടെ ആംബുലന്‍സില്‍ യാത്ര ചെയ്തതാണ് കൊങ്കത്ത് രായന്‍ എന്ന വല്ലിപ്പയെക്കുരിച്ചുള്ള എന്‍റെ അവസാനത്തെ ഓര്‍മ. കൊങ്കത്ത് കുഞ്ഞിപ്പാത്തുമ്മ അങ്ങനെയല്ല, അവരായിരുന്നു എന്‍റെ കുട്ടിക്കാലം! 
              ആ ഉമ്മയെപ്പറ്റി ആണ് ഞാന്‍ ആദ്യം പറഞ്ഞതെല്ലാം ചിന്തിച്ചത്‌. പ്രായമായപ്പോള്‍ ഉമ്മയ്ക്ക് ഓര്‍മയില്ലാതായി, ചെറിയ കുട്ടിയെപ്പോലെയായി. അന്നൊക്കെ വരുന്നവരൊക്കെ ആരാ എന്താ എന്ന് ഉമ്മയെക്കൊണ്ട് പറയിക്കലായിരുന്നു പലരുടെയും വിനോദം. പാവം ചിരിച്ചുകൊണ്ടിരിക്കും. കണ്ടാല്‍ ആരും അസുഖമുണ്ടെന്നു പറയില്ല. ഹംസുക്കാക്കയെ കാണുമ്പോള്‍ പേരമ്മ എഴുന്നേറ്റു നില്‍ക്കും, തട്ടം കൊണ്ട് തല മറയ്ക്കും, കാരണം ഹംസുക്കാക്ക വല്ലിപ്പ ആണെന്നാണ്‌ വിചാരം. ആ കാലത്ത്‌ പാവം അമ്മായിയെ കുറെ ബുദ്ധിമുട്ടിച്ചു. നാലഞ്ചു മാസമായി കിടപ്പായിട്ട്. രണ്ടു മാസം മുമ്പ് ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞയച്ചു, ഇനി അധിക ദിവസമില്ല എന്നും പറഞ്ഞ്. 
                     എന്തോ, അങ്ങനെ കണ്ടോണ്ടിരിക്കുന്നതിലും ഭേദം പേരമ്മ മരിക്കുന്നതാണെന്ന് ഞാന്‍ എത്രയോ തവണ ചിന്തിച്ചിട്ടുണ്ടാകണം!  എന്നാലും കാലം എത്ര വേഗമാണ് ഓര്‍മ്മകള്‍ മായ്ക്കുന്നത്, ബന്ധങ്ങളുടെ  കെട്ടുകള്‍ അയക്കുന്നത്?!!

   

Related Posts with Thumbnails