Showing posts with label Pets. Show all posts
Showing posts with label Pets. Show all posts

Friday, May 28, 2010

വീണ്ടും ചില പൂച്ചക്കാര്യങ്ങള്‍


എന്തെങ്കിലും കുറിച്ചിട്ടു കാലം കുറെയായി, ആകെയൊരു മടുപ്പ്. എഴുതാന്‍ വിഷയങ്ങള്‍ ഇല്ലാഞ്ഞല്ല: കിണാലൂര്‍, നീലാണ്ടവധം, ജമാ-അത്തെ ഇസ്ലാമി തുടങ്ങി പലതിനെപറ്റിയും എന്തെങ്കിലും പറയണം എന്നു കരുതും, മടി കാരണം നടന്നില്ല. യാദൃച്ചികമായി ഇന്നൊരു പെണ്‍കുട്ടിയുടെ ബ്ലോഗ്‌ കണ്ടു. ഒരു സ്വയംപ്രഖ്യാപിത പൂച്ചപ്രേമിയായ അവളുടെ ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ പലപ്പോഴായി കയറിവന്നു ഞാനറിയാതെ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി പൂച്ചകളെ ഓര്‍മ വന്നു. 
                 പൂച്ചകള്‍ എന്നുമുതലാണ് ഞങ്ങളുടെ കുടുംബത്തില്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയത് എന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല. സാന്ദര്‍ഭികമായി പറയട്ടെ: ഞങ്ങള്‍ എന്നാല്‍ ശ്രീ ഹുസൈന്‍ കോയ, ഭാര്യ (ഫാത്തിമ്മ ഹുസൈന്‍ എന്ന് സ്വയം വിളിക്കുന്ന) പാത്തുമ്മക്കുട്ടി, റിയാന്‍ എന്ന് സ്വയം വിളിക്കുന്ന അബ്ദുള്‍ റിയാസ് എന്ന ഞാന്‍, അജീസ്, സഞ്ജയ്‌ എന്നിങ്ങനെ രണ്ടനുജന്മാരും. സഞ്ജു വിരുതനാണ്, എന്തും "റിയാസേ, നോക്കിയാലോ?!"-ന്നു ചോദിക്കും. തല കുലുക്കിയാല്‍ ഞാന്‍ കുടുങ്ങി. പിന്നെ സംഭവത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം എനിക്കായിരിക്കും. പൂച്ചക്കുട്ടിയെ കൊണ്ടുവന്നത് റിയാസ്, നായകുട്ടിയെ കൊണ്ടുവന്നതും റിയാസ്! എത്ര തവണ കുടുങ്ങിയിരിക്കുന്നു, എന്നിട്ടുണ്ടോ പഠിക്കുന്നു‍! അജിക്ക് പിന്നെ സ്വന്തമായ അഭിപ്രായം ഒന്നുമില്ല, എന്തിനും റെഡി!
             ഓര്‍മയിലുള്ള ആദ്യത്തെ പൂച്ച കുറിഞ്ഞിയാണ്. ചേവായൂരില്‍ താമസത്തിന് വന്ന ശേഷമാണ്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയായിരിക്കും. 'കുറിഞ്ഞി' പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പെണ്പൂച്ചയല്ല, അവളൊരു ആണാണ്! ആളെ വട്ടം കറക്കുന്ന വര്‍ത്താനം തന്നെ അല്ലേ?! ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ കറുപ്പും വെളുപ്പും നിറത്തില്‍ ഒരു കൊച്ചു കുഞ്ഞായിരുന്നു കുറിഞ്ഞി. ആയിടയ്ക്ക് മൂത്തമ്മയും  മക്കളും മറ്റും വീട്ടില്‍ വിരുന്നു വന്ന ദിവസമായിരുന്നു തെങ്ങുകയറ്റക്കാരന്‍ ഭരതന്റെ വീട്ടില്‍ നിന്ന് കുറിഞ്ഞിയെ ഞങ്ങള്‍ (ഞാനും സഞ്ജയും മൂത്തമ്മയുടെ മോന്‍ ബാബുവും) കൈക്കലാക്കുന്നത്. ഇക്ക കണ്ടിട്ടില്ല. വിരുന്നുകാരുടെ മുന്നില്‍ വെച്ച് തല്ലില്ല എന്ന ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ ആ കടുംകൈക്കു മുതിര്‍ന്നത്. വലിയ മീനിന്റെ  എല്ല് പല്ലില്‍ കുടുങ്ങി അന്നവന്‍ കാണിച്ച വെപ്രാളം ഇന്നും എന്റെ മനസ്സിലുണ്ട്. വായ തുറന്നു പിടിച്ച്, ഹോസ്പിറ്റലില്‍  ഓപ്പറേഷനുപയോഗിക്കുന്ന ചവണ കൊണ്ട് ആ എല്ല് വലിച്ചെടുത്തു കൊടുത്തപ്പോളാണ് സമാധാനമായത്. 
                പൂച്ചക്കുട്ടിയെ വളര്‍ത്താന്‍ ഇക്ക സമ്മതിക്കില്ല,  നായക്കുട്ടിയെ തീരെയില്ല. മക്കളോടും പോലീസ് സ്വഭാവം തന്നെയാണ്: എന്തുകൊണ്ടാണ് അടിക്കുക എന്നൊന്നുമില്ല, കട്ടിലിന്റെ അടിഭാഗമാണ് ഞങ്ങളുടെ സ്ഥിരം ഒളിസങ്കേതം. അതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. എന്നാലും ഞങ്ങള്‍ ഇക്കാന്റെ മക്കള്‍ തന്നെയല്ലേ, എങ്ങനെയെങ്കിലും ഒളിപ്പിച്ചുവച്ച് പൂച്ചയെ വളര്‍ത്തും.  കുറച്ചു ദിവസം ഇക്ക ദേഷ്യം കാണിക്കും, പിന്നെ ഞങ്ങള്‍ കാണാതെ ഇക്ക തന്നെ പൂച്ചക്ക് തിന്നാന്‍ കൊടുക്കും. കുറേശ്ശെ അത് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മാറും. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല, കുറിഞ്ഞിയെ കണ്ടുപിടിച്ചപ്പോള്‍ അവനെയെടുത്ത് മതിലിനപ്പുറത്തേക്ക് ഒരേറെറിഞ്ഞു, എന്റെ ചങ്കിടിപ്പ് നിന്നുപോയി! പക്ഷേ, ആ സാധനത്തിന് ഒന്നും പറ്റിയില്ല, 'പൂച്ച എങ്ങനെ വീണാലും നാലുകാലില്‍ ‍' എന്ന ചൊല്ല് അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. ഹോ, ഇക്ക കാണാതെ അത്രയും ദിവസം കുറിഞ്ഞിയെ ഒളിപ്പിക്കാന്‍ പെട്ട പാട്; എത്ര തിന്നാന്‍ കൊടുത്താലും 'കീയോ, കീയോ' നിര്‍ത്തില്ല. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഞങ്ങളവനെ അലമാരയില്‍ അടച്ചു വെക്കും. ആ, പറയാന്‍ വിട്ടുപോയി: കൊണ്ടുവന്ന സമയത്ത് അതു പെണ്ണാണെന്നാണ്  ഞങ്ങള്‍ എല്ലാവരും കരുതിയത്, അല്ല, ശരിക്കും പെണ്ണ് തന്നെയായിരുന്നു! അതുകൊണ്ടാണ് കുറിഞ്ഞി എന്ന് പേരിട്ടതും. ഒരു കാടന്‍ അവളെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. പക്ഷേ കുറേശ്ശെ രൂപം മാറി, കുറിഞ്ഞി ആണായി! എന്ത് മറിമായം അല്ലേ, ആ കാലത്ത് അത്രയ്ക്കൊന്നും ചിന്തിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു; പിന്നീടെപ്പോഴോ ബഷീറിന്റെ "മാന്ത്രികപ്പൂച്ച" വായിച്ചപ്പോഴാണ് സമാധാനമായത്.
                  കുറിഞ്ഞി നാല് വര്‍ഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു, ഒരു ദിവസം പകല്‍ തീരെ കണ്ടില്ല. വൈകുന്നേരം പ്രഭാകരേട്ടന്റെ മോന്‍ പ്രിയേഷ് വന്നു പറഞ്ഞു കുറിഞ്ഞി അവരുടെ  വീടിനുപിന്നില്‍ മതിലിനടുത്ത് ചാവാറായി കിടക്കുന്നു എന്ന്. ഞങ്ങള്‍ പോയി എടുത്തുകൊണ്ടുവരുമ്പോള്‍ ആകെ ക്ഷീണിച്ചവശനായിരുന്നു. പാമ്പുകടിച്ചതായിരിക്കും എന്നാരോ പറഞ്ഞു, വേറെ യാതൊരു പരുക്കും ഇല്ല. ഞാന്‍ കൊടുത്ത രണ്ടു കവിള്‍ വെള്ളം കുടിച്ച് ഞങ്ങളുടെ അടുക്കളയില്‍ കിടന്ന് അവന്‍ മരിച്ചു. ഇക്കാന്റെ കണ്ണ് നിറഞ്ഞത് അന്നാദ്യമായി ഞാന്‍ കണ്ടു! പൂച്ചകളെപ്പറ്റി വിലയേറിയ മറ്റൊരു പാഠം അന്ന് പഠിച്ചു: ചാകാറാകുമ്പോള്‍  കഴിയുന്നതും അവ യജമാനന്റെ അടുത്തേക്ക് വരാതെ ദൂരേക്ക്‌ പോകുമത്രേ!
                 അടുത്തതും ഒരു ബ്ലാക്ക്‌ & വൈറ്റ് പൂച്ചയായിരുന്നു, കുറിഞ്ഞി എന്നുതന്നെ ഞങ്ങള്‍ പേരിട്ടു. ഒരു വാശിയ്ക്കിട്ടതാണ്. ഇവന്റെ ലിംഗവിഷയത്തില്‍ തര്‍ക്കം ഒന്നുമില്ലായിരുന്നു. എന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ചയുടെ ഓര്‍മയ്ക്ക്! കുറിഞ്ഞി ഒന്നാമന്റെ മരണശേഷം പൂച്ചകളെ വളര്‍ത്തലിന് പൂര്‍വാധികം  ശക്തിയായ വിലക്ക് വന്നു. നിരോധനാഞ്ജയ്ക്ക്  ഇളവു വരാന്‍ കുറെ സമയമെടുത്തു.  രണ്ടുവര്‍ഷത്തോളം മാത്രമേ കുറിഞ്ഞി ജൂനിയര്‍ ഉണ്ടായുള്ളൂ. ആളെപ്പറ്റി വ്യക്തമായ ഓര്‍മ ഒന്നും എനിക്കില്ല, ചില ഫോട്ടോകള്‍ ഇപ്പോഴുമുണ്ട്. എങ്ങനെയാണ് മരിച്ചതെന്നും ഓര്‍മ വരുന്നില്ല. ആ കിട്ടി, ഇപ്പോ ഓര്‍മ വന്നു! അയല്‍വീട്ടിലെ നാലുവയസ്സുകാരന്‍ അപ്പുവിന് പൂച്ചക്കുട്ടികളെ 'ഭയങ്കര' ഇഷ്ടമാണ്. പൂച്ചക്കുട്ടിയെ കിട്ടിയാല്‍ അതിനെ ഞെക്കിപിഴിഞ്ഞ് ഒരു ദിവസം കൊണ്ട് ഒരു വഴിക്കാക്കും. ഹേമേച്ചിയുടെ കല്യാണത്തിന്റെ തലേന്നാണ്; ഹേമേച്ചി എന്നെ വിളിച്ചു പറഞ്ഞു; "ബാക്കി എല്ലാത്തിനെയും അവന്‍ ശരിയാക്കി, ഇതിനെ നീ എങ്ങനെയെങ്കിലും അവന്‍ കാണാതെ കൊണ്ടുപൊയ്ക്കോ, അതെങ്കിലും രക്ഷപ്പെടട്ടെ" എന്ന്. അപ്പോഴേക്കും പകുതി ജീവനായ ആ പൂച്ചകുഞ്ഞിനെ അപ്പു കാണാതെ ഞാന്‍ ലുങ്കിയുടെ മടക്കില്‍ തിരുകി നാട് കടത്തി. അങ്ങനെ അവന്‍ വളരെക്കാലമായി നികത്താതെ കിടന്നിരുന്ന കുറിഞ്ഞിയുടെ വിടവ് നികത്തി! ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരിക്കണം. ഇടവഴിയില്‍ വച്ച് സ്കൂട്ടര്‍ തട്ടിയാണ് കുറിഞ്ഞി മരിച്ചതെന്നാണോര്‍മ, അന്ന് ഞാന്‍ സ്ഥലത്തില്ല.
                  ഈ കാലത്തിനിടയ്ക്ക് എന്തിനെയൊക്കെ വളര്‍ത്തി: ലവ് ബേര്‍ഡ്സ്, മുയല്‍, തത്ത,  അണ്ണാന്‍കുഞ്ഞുങ്ങള്‍, ഒന്നോ രണ്ടോ ദിവസത്തേക്ക് ഇക്ക കാണാതെ ഒളിപ്പിച്ചു വളര്‍ത്തുന്ന നായക്കുട്ടികള്‍, അങ്ങനെ എന്തൊക്കെ! ഇടയ്ക്ക്  കോഴിയെയും വളര്‍ത്തി. പ്രദേശത്തുള്ള പൂച്ചകള്‍ക്കൊക്കെ പേരിട്ടു വിളിച്ചു. അവര്‍ക്കൊക്കെ ഒരു കാര്യത്തില്‍ നിര്‍ബന്ധമാണ്‌- പ്രസവം പ്രിയദര്‍ശിനിയിലോ പരിസരത്തോ വേണം! നാട്ടിലെ പൂച്ചകളുടെ തലമുറകളെ വരെ എനിക്ക് നല്ല പരിചയമായിരുന്നു. കിച്ചുവിന്റെയും മക്കളുടെയും കഥ പറഞ്ഞല്ലോ! കിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ വേറൊരു പൂച്ചയെ ഞാന്‍ വിളിച്ചിരുന്ന പേരാണ്.  വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന, അഞ്ചെട്ടു തലമുറകളുടെ അമ്മയായ ഒരു നിത്യഗര്‍ഭിണി! സ്വന്തം  പൂച്ചകളെ പോരാഞ്ഞു അയല്‍ക്കാരുടെ പൂച്ചകളും ഞങ്ങളുടെ വീട് സ്വന്തം സാമ്രാജ്യമാക്കിയിരുന്നു. അയല്‍വക്കത്തെ  ശാഹിദ ടീച്ചറുടെ മകന്‍ ലെനിയുടെ സുന്ദരന്‍ തൊപ്പക്കാടന്‍ പൂച്ച എപ്പോഴും ഞങ്ങടെ കൂടെത്തന്നെ!  ആരോടും വേഗം ഇണങ്ങുന്ന അവനെ ആരോ പിടിച്ച് കൊണ്ടുപോയി. ഞങ്ങളുടെ പൂച്ചപ്രേമം പകര്‍ന്നു കിട്ടിയതായിരിക്കണം ബാലന്‍ വൈദ്യരുടെ പേരക്കുട്ടി സനന്ദ് പൂച്ചയെയും നായയേയും വളര്‍ത്താന്‍ തുടങ്ങിയത്. കാലം കുറെ കഴിഞ്ഞു, ഈ ജന്മം ഇനി പൂച്ചയെ പോറ്റാന്‍ ഇക്ക സമ്മതിക്കില്ല എന്ന സ്ഥിതി. അങ്ങനെയിരിക്കെയാണ് ചിരകാല സ്വപ്നമായ നായക്കുട്ടിയെ വാങ്ങുന്നത്. ഒരു കറുത്ത ലാബ്രഡോര്‍ നായകുട്ടി. വിക്കി എന്ന് പേരിട്ടു. മുതിര്‍ന്നു മൂക്കില്‍ പല്ലുവന്ന ശേഷമാണ്. എന്റെ വിവാഹം കഴിഞ്ഞും കുറച്ചുകാലം വിക്കി കൂടെയുണ്ടായിരുന്നു. അവന്റെ കഥ പിന്നൊരിക്കല്‍ പറയാം.
                  അല്ല, വിക്കി വരുന്നതിനു മുന്പ് വേറൊരു അത്യാഹിതം സംഭവിച്ചിരുന്നു. ഞങ്ങള്‍ വളര്‍ത്തിയ പൂച്ചകളില്‍ ഒരു പക്ഷേ സ്നാപ്പിയെക്കാളും സുന്ദരനാകുമായിരുന്ന പൂച്ചയാണ് ബണ്ടി (named after 'Bunty aur   Bubbli'). ചാരവും പച്ചയും ബ്രൌണും ഇടകലര്‍ന്ന രോമമുള്ള ഒരു കൊച്ചു സുന്ദരന്‍! വളരെക്കുറച്ചു ദിവസമേ കൂടെക്കഴിയാന്‍ സാധിച്ചുള്ളൂ, മരിച്ചത് ഞാന്‍ കാരണമാണ്! ഒരു ദിവസം ധ്രുതിയില്‍ കോളേജിലേക്കിറങ്ങുമ്പോള്‍  സ്റ്റെപ്പിനടുത്ത് അവന്‍ കിടക്കുന്നത് ഞാന്‍ കണ്ടില്ല, ഷൂവിട്ട കാലുകൊണ്ട്‌ ചവിട്ടിയത് ........ ഒന്ന് ഞരങ്ങാന്‍ പോലും അവനു കഴിഞ്ഞില്ല!
             വിക്കിയെ പറഞ്ഞയച്ച ശേഷമാണ്  സ്നാപ്പിയെ കിട്ടുന്നത്. സ്നാപ്പിയുടെ കഥയും നിങ്ങള്‍ക്കറിയാമല്ലോ! വലുതായതിനു ശേഷം ഞങ്ങളുടെ കയ്യില്‍ വന്നവന്‍ സ്നാപ്പി മാത്രമാണ്; പക്ഷേ ഇപ്പോഴും എല്ലാവരുടെയും മനസ്സില്‍ തീരാത്ത നൊമ്പരവും അവന്‍ തന്നെ! ഇപ്പോള്‍ കിച്ചുവിന്റെ രണ്ടു മക്കളാണ് പൂച്ചപാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നത്: മിട്ടു എന്ന കാടനും ലുട്ടു എന്ന യുവതിയും. പേരിനു രണ്ടു പേര് എന്ന് മാത്രം, രണ്ടാളെയും മിട്ടു എന്നേ വിളിക്കാറുള്ളൂ! 
               ഇത്രയും കാലത്തെ പൂച്ചസഹവാസത്തിനിടയ്ക്ക് ഞാന്‍ എന്ത് പഠിച്ചു എന്ന് ചികഞ്ഞുനോക്കിയിട്ടില്ല, പലതും പഠിച്ചു കാണണം. സ്വഭാവത്തില്‍ ഞങ്ങളുടെ എല്ലാ പൂച്ചകളും ഒരുപോലെയായിരുന്നു, പ്രത്യേകിച്ച് ശാന്തതയുടെ കാര്യത്തില്‍. അധികം  ബഹളങ്ങളില്ല, 'മ്യാവൂ മ്യാവൂ' എന്ന് വിളിച്ച് അലമുറയിട്ടു നടക്കാറില്ല, കടിപിടിയില്ല, കട്ടുതിന്നലുമില്ല. സമയത്തിന് സുഭിക്ഷമായി ഭക്ഷണം കിട്ടും എന്ന ധൈര്യം മൂലമായിരിക്കാം, എന്തോ! പൂച്ചകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മത്തി (ചാള) ആണെന്ന്  ധൈര്യമായി പറയാം; ഉറക്കം പോലെ അവര്‍ ആസ്വദിക്കുന്ന വേറൊരു വിനോദമില്ല എന്നും!!
                 ഞങ്ങള്‍ മക്കളുടെ പൂച്ചവളര്‍ത്തല്‍ പരീക്ഷണങ്ങള്‍ സഹിച്ചുക്ഷമിച്ചു എല്ലാ പിന്തുണയും തന്നു സഹായിച്ച പാത്തുമ്മകുട്ടി..  സോറി, ഫാത്തിമ്മ ഹുസൈന്‍  (പഴമക്കാരുടെ ഓരോ വികൃതി!) എന്ന ഉമ്മച്ചിയെ ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സത്യം പറഞ്ഞാല്‍, പൂച്ചക്കുട്ടിയെ കൊണ്ടുവന്നാല്‍ ഞങ്ങളുടെ പണി തീര്‍ന്നു, പിന്നെ ഭക്ഷണം കൊടുക്കലും മറ്റും ഉമ്മച്ചിയുടെ പണിയാണ്. ഫുള്‍ടൈം  പൂച്ചകള്‍ കൂടെ കാണും, റിട്ടയര്‍ ചെയ്തതിനു ശേഷം പ്രത്യേകിച്ചും! എപ്പോഴും പൂച്ചകളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് ധൈര്യമാണ്, ഒറ്റക്കാണെങ്കിലും വീട്ടില്‍ നിറയെ ആളുണ്ടെന്നു കള്ളന്മാര്‍ കരുതിക്കോളും!
 

Tuesday, February 02, 2010

ശാപം കിട്ടിയ പൂച്ചക്കുട്ടികള്‍

                                                                                ഒമ്പതുമണി ആകുന്നതേ ഉള്ളൂ. ശനിയാഴ്ച്ചയായതുകൊണ്ട് ജൈവഘടികാരം ഇതുവരെ അലാറം മുഴക്കിയിട്ടില്ല (ബയോളജി അറിയില്ല അല്ലേ? Biological Clock എന്നൊന്ന് ഗൂഗിള്‍ ചെയ്തുനോക്ക്, എനിക്കുവയ്യ പറഞ്ഞുതരാന്‍!).  ജനുവരിമാസത്തിലെ തണുപ്പത്ത് മൂടിപ്പുതച്ച്  ഇങ്ങനെ കിടന്നുറങ്ങാന്‍ നല്ല സുഖം! ശരീരത്തിനറിയില്ലല്ലോ ഇന്ന് Remedial Coaching Class ഉണ്ട് എന്ന കാര്യം! ഉം, പോകാന്‍ നോക്കണം, പതിനോന്നരയ്ക്കെങ്കിലും അവിടെ എത്തണം. ക്ലാസ്സുതുടങ്ങുന്ന സമയത്തും ഉറക്കം തൂങ്ങാതിരുന്നാല്‍ മതി, ഈ ജൈവഘടികാരത്തിന്റെ ഒരു കാര്യം!

എഴുന്നെല്‍ക്കണോ, അതോ എന്തെങ്കിലും നുണ പറഞ്ഞു പോകാതിരിക്കണോ എന്നൊക്കെ കൂലങ്കഷമായി ചിന്തിച്ചുകിടക്കുകയായിരുന്നു  ഞാന്‍. മൂസസാറിന്റെ ഓരോ വികൃതികള്‍, ആകെ വിശാലമായി ഒന്നുറങ്ങാന്‍ കിട്ടുന്നത് ശനിയും ഞായറുമാണു, അന്നുതന്നെ വേണം ക്ലാസ്സുവെക്കാന്‍! വാതിലില്‍ ആരോ മുട്ടി: കഷ്ടം, എണീറ്റേ പറ്റൂ. സഞ്ജയ്‌ ആണ്. അവന്റെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. 
"ഞാന്‍ കുഴിച്ചിട്ടോളാം, നീ എടുത്തു തരുമോ?" ഇതാണ് ചോദ്യം. 
പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ഞാന്‍ ചോദിച്ചു: "വെറുതെ കളിപ്പിക്കല്ലേ, സത്യം പറ!"
"വിശ്വാസമില്ലെങ്കില്‍ നീ പോയി നോക്ക്" എന്നവന്‍ പറഞ്ഞിട്ടും എനിക്കത്ര വിശ്വാസമില്ലായിരുന്നു, അല്ല.. മനസ്സതു വിശ്വസിക്കാന്‍ മടിച്ചതായിരുന്നു! ഓടിപ്പോയിനോക്കി; ശരിയാണ്, പൊങ്ങിയിട്ടുണ്ട്! ആ ദൃശ്യം കണ്ടപ്പോള്‍ എന്താണു ചിന്തിച്ചതെന്നറിയില്ല, ഒന്നറിയാം: വയറ്റില്‍ എന്തോ കൊളുത്തിവലിച്ചു. കിണറ്റില്‍ വയറുവീര്ത്തുപൊങ്ങിക്കിടന്ന ആ വിറങ്ങലിച്ച ജഡമായിരുന്നു  ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ച, കിച്ചു

വ്യാഴാഴ്ച രാത്രിക്കു ശേഷം കിച്ചുവിനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ കോളേജ് വിട്ടുവന്ന സമയത്താണു ഉമ്മച്ചി കിച്ചുവിനെ കാണാനില്ല എന്ന കാര്യം പറയുന്നത്. കിണറിന്റെ വല കീറിയിരിക്കുന്നു, കിണറ്റില്‍ വീണിട്ടുണ്ടോ എന്നു സംശയമുണ്ട് എന്നും പറഞ്ഞു.  ഞാന്‍ കിണര്‍ വിശദമായി നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല, ഇന്നലെ രാത്രി വീണതാണെങ്കില്‍ ഈ നേരമാകുമ്പോഴേയ്ക്കും പൊങ്ങേണ്ടതാണല്ലോ എന്നാശ്വസിച്ചു. "കിച്ചുവല്ലേ മോള്‍, വല്ല കാടന്മാരുടെയും കൂടെ കാനനച്ചോലയില്‍ ആടുമേയ്ക്കാന്‍ പോയതായിരിക്കും" എന്നു തമാശയായി (അല്പം പ്രതീക്ഷയോടെ) പറയുകയും ചെയ്തു. മുമ്പും അങ്ങനെ പോയ ചരിത്രമുണ്ട്.

എന്തായാലും പൂച്ചയെ പുറത്തെടുക്കലും കുഴിച്ചിടലും ഒക്കെയായി സമയം പോയി, അന്നത്തെ റെമഡിയല്‍ കോച്ചിംഗ് ഒരു വഴിക്കായി! രാത്രി കിണറ്റില്‍ വീണ സമയത്ത് ജീവനുവേണ്ടി മല്ലിട്ട കിച്ചുവിന്റെ പിടച്ചില്‍ ഇടയ്ക്കിടെ മനസ്സില്‍ വരും, ഉടനെ ഞാന്‍ വേറെ എന്തെങ്കിലും ചിന്തിക്കാന്‍ ശ്രമിക്കും. 'തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന വീട്ടുകാര്‍ ഓടിവരും, രക്ഷിക്കും എന്നൊക്കെ കിച്ചു ആ നിമിഷത്തിലും ചിന്തിച്ചിരിക്കും' എന്നു സഞ്ജയ് പറഞ്ഞതുകേട്ടപ്പോള്‍ മനസ്സുപിടച്ചു, സത്യം! ഈ തിരക്കുകള്‍ക്കിടയിലും കിച്ചു ബാക്കിവെച്ചുപോയ രണ്ടുകുട്ടികള്‍ കാറിനുചുറ്റും ഓടിക്കളിക്കുന്നുണ്ടായിരുന്നു. 

അതെ, ശാപം കിട്ടിയ പൂച്ചക്കുട്ടികളാണവ! എന്തോ, എനിക്കങ്ങനെ തോന്നുന്നു. സ്നാപ്പിയിലായിരുന്നു തുടക്കം. സ്നാപ്പി എന്നാല്‍ ഒന്നരവര്‍ഷം ഞങ്ങളുടെ ചേവായൂരിലെ വീട്ടില്‍ വാണ ആണ്‍പൂച്ച. അവനെ ഞങ്ങള്ക്കു തന്ന വര്‍ഗീസ് ചേട്ടന്‍ അവനിട്ട പേരാണു സ്നാപ്പി, ഞങ്ങള്‍ അതു മാറ്റിയില്ല. 2008 അവസാനം ഞങ്ങള്‍ താമസം ഫറോക്കിലേക്കു മാറ്റി. ഗൃഹപ്രവേശത്തിന്റെ തലേന്ന് രാത്രി 12 മണിവരെ കാത്തിരുന്നാണ് സ്നാപ്പിയെ ഒന്നു പിടികിട്ടിയത്. കയ്യോടെ വണ്ടിയില്‍ കയറ്റി ഫറോക്കിലേക്കു കൊണ്ടുവന്നു. വന്നതുമുതല്‍ അവന്‍ ഒരേയിരുപ്പായിരുന്നു, ഒന്നും മിണ്ടാതെ, ഒന്നും കഴിക്കാന്‍ താല്പര്യം കാണിക്കാതെ. അടുത്തദിവസം വീട്ടിലെ തിരക്കുകണ്ട് അവന്‍ കട്ടിലിനടിയില്‍ ഒളിച്ചു. വികൃതികുട്ടികള്‍ വിടുമോ? അവരുടെ ഉപദ്രവം സഹിക്കാതെ സ്നാപ്പി ഇറങ്ങിയോടി. പരിചയമില്ലാത്ത സ്ഥലം, ഞങ്ങള്‍ ചെന്നു വിളിച്ചിട്ടും അപരിചിതരെ കണ്ടപോലെ അവന്‍ ഓടിയകന്നു, പിന്നെ കണ്ടിട്ടില്ല! ആ പ്രദേശക്കാരെ മുഴുവന്‍ പരിചയപ്പെട്ടത് സ്നാപ്പിയുടെ പേരിലാണ്. അന്വേഷിച്ചുചെല്ലാത്ത വീടില്ല ആ ഭാഗത്ത്. ഞാന്‍ ഒരു പോസ്റ്ററുണ്ടാക്കി കടകളിലും മതിലിലും മറ്റും ഒട്ടിച്ചുവച്ചു. അതില്‍ കൌതുകം തോന്നി വാര്‍ത്ത പത്രങ്ങളിലും വന്നു. ഫറോക്ക് റെയില്‍വേ സ്റ്റേഷനു പിന്നിലുള്ള ഒരുവീട്ടില്‍ സ്നാപ്പിയുടെ അപരനെ (അപരയായിരുന്നു എന്ന് മാത്രം!) കണ്ടുമുട്ടിയതുമാത്രമാണ് അന്വേഷണം കൊണ്ടുണ്ടായ മെച്ചം! സ്കൂള്‍ കുട്ടികള്‍ വരെ സ്നാപ്പിയാണെന്നും പറഞ്ഞ് ആ പൂച്ചയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ പരാതി. പത്തമ്പത് വയസ്സുള്ള ഒരു അയല്‍ക്കാരന്‍ വന്നുവിളിച്ചിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. പൂച്ചയെ കണ്ട് അതിനെ കയ്യിലെടുത്ത് സഞ്ചിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചാടിപ്പോയത്രേ! അതിന്റെ കഴുത്തിലെ കറുത്ത ചരട് തെളിവായി അങ്ങേര്‍ ഹാജരാക്കിയിരുന്നു. കുറച്ചു നേരത്തേ കിങ്ങിണി തിരിച്ചുവന്നപ്പോള്‍ കഴുത്തിലെ ചരട് കണ്ടില്ല എന്നാ സ്ത്രീ പറഞ്ഞപ്പോള്‍ 'നല്ലവനായ അയല്‍ക്കാരന്റെ' മുഖത്തെ ചമ്മല്‍ ഞാന്‍ മാത്രമേ കണ്ടുള്ളൂ. ചരട് ഞാന്‍ അവരെ കാണിച്ചില്ല, വെറുതെയെന്തിനു ചരടുകൊടുത്ത് തെറി വാങ്ങണം?! 

അതിനുശേഷം 2009 ജനുവരിയിലാണു കിച്ചുവിന്റെ വരവ്. സ്വഭാവഗുണമൊക്കെ കണ്ടപ്പോള്‍ കാടനാണെന്നായിരുന്നു കുറേക്കാലം ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ വിശ്വാസം തെറ്റിയത് കിചുവിന്റെ വയര്‍ കുറേശ്ശെ വീര്‍ക്കാന്‍ തുടങ്ങിയപ്പോളാണ്! ആയിടയ്ക്കാണു കിച്ചുവിന്റെ ഫോട്ടോ കണ്ട ഒരു സുഹ്രുത്ത്  "കാലിക്കോ ക്യാറ്റ്" (Calico Cat) എന്നു കമന്റിയത്. പൂച്ചകള്ക്ക് ഇത്തരം നിറം വരുന്നത് ജനിതകപരമായ ഒരു പ്രത്യേക അവസ്ഥയാണെന്നും ഇത്തരം പൂച്ചകള്‍ തൊണ്ണൂറ്റൊമ്പതുശതമാനവും പെണ്ണുങ്ങളാണെന്നും അങ്ങനെ മനസ്സിലായി.

ആദ്യത്തെ കുട്ടി ജനിച്ചു, തനി നാടന്‍, പോരാത്തതിനു വീണ്ടും കാലിക്കോ! ടിന്റു എന്ന പേരുമായി കുറച്ചുകാലം അവള്‍ ഞങ്ങളുടെ കൂടെ കഴിഞ്ഞു. ആയിടയ്ക്കാണു കിച്ചു വീണ്ടും പ്രസവിച്ചത്. ആദ്യത്തേത് ടെസ്റ്റ്-ഡോസ് ആയിരുന്നു എന്നു തെളിയിച്ചുകൊണ്ട് ഇത്തവണ മൂന്നെണ്ണം; ഒന്ന് മഞ്ഞ, മറ്റേത് കരിമ്പച്ച, അടുത്തത് തനി കാലിക്കോ!! അമ്മയും മകളും ഇനിമുതല്‍ മല്സരിച്ചു പ്രസവിച്ചാലോ എന്നു പേടിച്ച് ടിന്റുമോളെ നാടുകടത്തിവിട്ടു. അതും ചെയ്തത് എന്റെ കൈകൊണ്ട് തന്നെ: കാറില്‍ കയറ്റി രാമനാട്ടുകരയില്‍ ബൈപ്പാസ്സിനടുത്ത്  "ദിവസവും ധാരാളം മത്തി വാങ്ങാറുണ്ട്" എന്നു തോന്നിയ ഒരു വലിയ വീട്ടിന്റെ മുറ്റത്ത് ഇറക്കിവിട്ടു. ടിന്റു മനസ്സുനൊന്തു ശപിച്ചുകാണും!

പുതിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്ന പ്രായമെത്തിയ ശേഷം ഒരു ദിവസമാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്: മദ്രസ്സ വിട്ട് തിരിച്ചുപോകുന്ന വഴിയാണ്. മക്കനയൊക്കെ ചുറ്റിയ അഞ്ചാറുവയസ്സുള്ള ഒരു ടിപ്പിക്കല്‍ മുസ്ലിം ഗുണ്ടുക്കുട്ടി! സത്യം പറയാല്ലോ, ആളുടെ വര്‍ണനകള്‍ കേട്ട പരിചയമേ എനിക്കുള്ളൂ, ഇതുവരെ ഞാന്‍ കക്ഷിയെ കണ്ടിട്ടില്ല. എങ്ങനെ യാതൊരു പരിചയവുമില്ലാത്ത ഞങ്ങളുടെ വീട്ടില്‍ അവള്‍ വന്നുവെന്നോ, എന്തും പറഞ്ഞാണു കയറിവന്നതെന്നോ ഒന്നിനും ഒരു വ്യക്തതയില്ല. ഒരു കാര്യമറിയാം, പിന്നീടങ്ങോട്ട് വരവ് സ്ഥിരമായി, പൂച്ചക്കുട്ടികളെ എടുത്തും കളിപ്പിച്ചും കൊണ്ട് വീട്ടിനുചുറ്റുമുള്ള ആ നടത്തവും. അവളുടെ വീട്ടില്‍ ഒരു തള്ളപ്പൂച്ചയും മൂന്നുകുട്ടികളും ഉണ്ടായിരുന്നത്രേ, എല്ലാം തൂവെള്ള! നാലും കിണറ്റില്‍ വീണു ചത്തു എന്നാണവള്‍ പറയുന്നത്. ഒന്നുരണ്ടാഴ്ചത്തെ ദൈനം ദിന സന്ദര്‍ശനത്തിനു ശേഷം അവള്‍ വരാതായി. നാലാം പക്കം രാത്രി കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ളതും കഥാനായികയ്ക്ക് പ്രിയംകരവുമായിരുന്ന മഞ്ഞപ്പൂച്ചക്കുട്ടി കിണറ്റില്‍ വീണു ചത്തു. അതിനുശേഷം ഒരാഴ്ചതികയുന്നതിനു മുമ്പേ ഇതാ കിച്ചുവും!

ആ പെണ്‍കുട്ടി പിന്നീടിതുവരെ ഇവിടെ വന്നിട്ടില്ല.

Related Posts with Thumbnails