Tuesday, February 02, 2010

ശാപം കിട്ടിയ പൂച്ചക്കുട്ടികള്‍

                                                                                ഒമ്പതുമണി ആകുന്നതേ ഉള്ളൂ. ശനിയാഴ്ച്ചയായതുകൊണ്ട് ജൈവഘടികാരം ഇതുവരെ അലാറം മുഴക്കിയിട്ടില്ല (ബയോളജി അറിയില്ല അല്ലേ? Biological Clock എന്നൊന്ന് ഗൂഗിള്‍ ചെയ്തുനോക്ക്, എനിക്കുവയ്യ പറഞ്ഞുതരാന്‍!).  ജനുവരിമാസത്തിലെ തണുപ്പത്ത് മൂടിപ്പുതച്ച്  ഇങ്ങനെ കിടന്നുറങ്ങാന്‍ നല്ല സുഖം! ശരീരത്തിനറിയില്ലല്ലോ ഇന്ന് Remedial Coaching Class ഉണ്ട് എന്ന കാര്യം! ഉം, പോകാന്‍ നോക്കണം, പതിനോന്നരയ്ക്കെങ്കിലും അവിടെ എത്തണം. ക്ലാസ്സുതുടങ്ങുന്ന സമയത്തും ഉറക്കം തൂങ്ങാതിരുന്നാല്‍ മതി, ഈ ജൈവഘടികാരത്തിന്റെ ഒരു കാര്യം!

എഴുന്നെല്‍ക്കണോ, അതോ എന്തെങ്കിലും നുണ പറഞ്ഞു പോകാതിരിക്കണോ എന്നൊക്കെ കൂലങ്കഷമായി ചിന്തിച്ചുകിടക്കുകയായിരുന്നു  ഞാന്‍. മൂസസാറിന്റെ ഓരോ വികൃതികള്‍, ആകെ വിശാലമായി ഒന്നുറങ്ങാന്‍ കിട്ടുന്നത് ശനിയും ഞായറുമാണു, അന്നുതന്നെ വേണം ക്ലാസ്സുവെക്കാന്‍! വാതിലില്‍ ആരോ മുട്ടി: കഷ്ടം, എണീറ്റേ പറ്റൂ. സഞ്ജയ്‌ ആണ്. അവന്റെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. 
"ഞാന്‍ കുഴിച്ചിട്ടോളാം, നീ എടുത്തു തരുമോ?" ഇതാണ് ചോദ്യം. 
പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ഞാന്‍ ചോദിച്ചു: "വെറുതെ കളിപ്പിക്കല്ലേ, സത്യം പറ!"
"വിശ്വാസമില്ലെങ്കില്‍ നീ പോയി നോക്ക്" എന്നവന്‍ പറഞ്ഞിട്ടും എനിക്കത്ര വിശ്വാസമില്ലായിരുന്നു, അല്ല.. മനസ്സതു വിശ്വസിക്കാന്‍ മടിച്ചതായിരുന്നു! ഓടിപ്പോയിനോക്കി; ശരിയാണ്, പൊങ്ങിയിട്ടുണ്ട്! ആ ദൃശ്യം കണ്ടപ്പോള്‍ എന്താണു ചിന്തിച്ചതെന്നറിയില്ല, ഒന്നറിയാം: വയറ്റില്‍ എന്തോ കൊളുത്തിവലിച്ചു. കിണറ്റില്‍ വയറുവീര്ത്തുപൊങ്ങിക്കിടന്ന ആ വിറങ്ങലിച്ച ജഡമായിരുന്നു  ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ച, കിച്ചു

വ്യാഴാഴ്ച രാത്രിക്കു ശേഷം കിച്ചുവിനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ കോളേജ് വിട്ടുവന്ന സമയത്താണു ഉമ്മച്ചി കിച്ചുവിനെ കാണാനില്ല എന്ന കാര്യം പറയുന്നത്. കിണറിന്റെ വല കീറിയിരിക്കുന്നു, കിണറ്റില്‍ വീണിട്ടുണ്ടോ എന്നു സംശയമുണ്ട് എന്നും പറഞ്ഞു.  ഞാന്‍ കിണര്‍ വിശദമായി നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല, ഇന്നലെ രാത്രി വീണതാണെങ്കില്‍ ഈ നേരമാകുമ്പോഴേയ്ക്കും പൊങ്ങേണ്ടതാണല്ലോ എന്നാശ്വസിച്ചു. "കിച്ചുവല്ലേ മോള്‍, വല്ല കാടന്മാരുടെയും കൂടെ കാനനച്ചോലയില്‍ ആടുമേയ്ക്കാന്‍ പോയതായിരിക്കും" എന്നു തമാശയായി (അല്പം പ്രതീക്ഷയോടെ) പറയുകയും ചെയ്തു. മുമ്പും അങ്ങനെ പോയ ചരിത്രമുണ്ട്.

എന്തായാലും പൂച്ചയെ പുറത്തെടുക്കലും കുഴിച്ചിടലും ഒക്കെയായി സമയം പോയി, അന്നത്തെ റെമഡിയല്‍ കോച്ചിംഗ് ഒരു വഴിക്കായി! രാത്രി കിണറ്റില്‍ വീണ സമയത്ത് ജീവനുവേണ്ടി മല്ലിട്ട കിച്ചുവിന്റെ പിടച്ചില്‍ ഇടയ്ക്കിടെ മനസ്സില്‍ വരും, ഉടനെ ഞാന്‍ വേറെ എന്തെങ്കിലും ചിന്തിക്കാന്‍ ശ്രമിക്കും. 'തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന വീട്ടുകാര്‍ ഓടിവരും, രക്ഷിക്കും എന്നൊക്കെ കിച്ചു ആ നിമിഷത്തിലും ചിന്തിച്ചിരിക്കും' എന്നു സഞ്ജയ് പറഞ്ഞതുകേട്ടപ്പോള്‍ മനസ്സുപിടച്ചു, സത്യം! ഈ തിരക്കുകള്‍ക്കിടയിലും കിച്ചു ബാക്കിവെച്ചുപോയ രണ്ടുകുട്ടികള്‍ കാറിനുചുറ്റും ഓടിക്കളിക്കുന്നുണ്ടായിരുന്നു. 

അതെ, ശാപം കിട്ടിയ പൂച്ചക്കുട്ടികളാണവ! എന്തോ, എനിക്കങ്ങനെ തോന്നുന്നു. സ്നാപ്പിയിലായിരുന്നു തുടക്കം. സ്നാപ്പി എന്നാല്‍ ഒന്നരവര്‍ഷം ഞങ്ങളുടെ ചേവായൂരിലെ വീട്ടില്‍ വാണ ആണ്‍പൂച്ച. അവനെ ഞങ്ങള്ക്കു തന്ന വര്‍ഗീസ് ചേട്ടന്‍ അവനിട്ട പേരാണു സ്നാപ്പി, ഞങ്ങള്‍ അതു മാറ്റിയില്ല. 2008 അവസാനം ഞങ്ങള്‍ താമസം ഫറോക്കിലേക്കു മാറ്റി. ഗൃഹപ്രവേശത്തിന്റെ തലേന്ന് രാത്രി 12 മണിവരെ കാത്തിരുന്നാണ് സ്നാപ്പിയെ ഒന്നു പിടികിട്ടിയത്. കയ്യോടെ വണ്ടിയില്‍ കയറ്റി ഫറോക്കിലേക്കു കൊണ്ടുവന്നു. വന്നതുമുതല്‍ അവന്‍ ഒരേയിരുപ്പായിരുന്നു, ഒന്നും മിണ്ടാതെ, ഒന്നും കഴിക്കാന്‍ താല്പര്യം കാണിക്കാതെ. അടുത്തദിവസം വീട്ടിലെ തിരക്കുകണ്ട് അവന്‍ കട്ടിലിനടിയില്‍ ഒളിച്ചു. വികൃതികുട്ടികള്‍ വിടുമോ? അവരുടെ ഉപദ്രവം സഹിക്കാതെ സ്നാപ്പി ഇറങ്ങിയോടി. പരിചയമില്ലാത്ത സ്ഥലം, ഞങ്ങള്‍ ചെന്നു വിളിച്ചിട്ടും അപരിചിതരെ കണ്ടപോലെ അവന്‍ ഓടിയകന്നു, പിന്നെ കണ്ടിട്ടില്ല! ആ പ്രദേശക്കാരെ മുഴുവന്‍ പരിചയപ്പെട്ടത് സ്നാപ്പിയുടെ പേരിലാണ്. അന്വേഷിച്ചുചെല്ലാത്ത വീടില്ല ആ ഭാഗത്ത്. ഞാന്‍ ഒരു പോസ്റ്ററുണ്ടാക്കി കടകളിലും മതിലിലും മറ്റും ഒട്ടിച്ചുവച്ചു. അതില്‍ കൌതുകം തോന്നി വാര്‍ത്ത പത്രങ്ങളിലും വന്നു. ഫറോക്ക് റെയില്‍വേ സ്റ്റേഷനു പിന്നിലുള്ള ഒരുവീട്ടില്‍ സ്നാപ്പിയുടെ അപരനെ (അപരയായിരുന്നു എന്ന് മാത്രം!) കണ്ടുമുട്ടിയതുമാത്രമാണ് അന്വേഷണം കൊണ്ടുണ്ടായ മെച്ചം! സ്കൂള്‍ കുട്ടികള്‍ വരെ സ്നാപ്പിയാണെന്നും പറഞ്ഞ് ആ പൂച്ചയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ പരാതി. പത്തമ്പത് വയസ്സുള്ള ഒരു അയല്‍ക്കാരന്‍ വന്നുവിളിച്ചിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. പൂച്ചയെ കണ്ട് അതിനെ കയ്യിലെടുത്ത് സഞ്ചിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചാടിപ്പോയത്രേ! അതിന്റെ കഴുത്തിലെ കറുത്ത ചരട് തെളിവായി അങ്ങേര്‍ ഹാജരാക്കിയിരുന്നു. കുറച്ചു നേരത്തേ കിങ്ങിണി തിരിച്ചുവന്നപ്പോള്‍ കഴുത്തിലെ ചരട് കണ്ടില്ല എന്നാ സ്ത്രീ പറഞ്ഞപ്പോള്‍ 'നല്ലവനായ അയല്‍ക്കാരന്റെ' മുഖത്തെ ചമ്മല്‍ ഞാന്‍ മാത്രമേ കണ്ടുള്ളൂ. ചരട് ഞാന്‍ അവരെ കാണിച്ചില്ല, വെറുതെയെന്തിനു ചരടുകൊടുത്ത് തെറി വാങ്ങണം?! 

അതിനുശേഷം 2009 ജനുവരിയിലാണു കിച്ചുവിന്റെ വരവ്. സ്വഭാവഗുണമൊക്കെ കണ്ടപ്പോള്‍ കാടനാണെന്നായിരുന്നു കുറേക്കാലം ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ വിശ്വാസം തെറ്റിയത് കിചുവിന്റെ വയര്‍ കുറേശ്ശെ വീര്‍ക്കാന്‍ തുടങ്ങിയപ്പോളാണ്! ആയിടയ്ക്കാണു കിച്ചുവിന്റെ ഫോട്ടോ കണ്ട ഒരു സുഹ്രുത്ത്  "കാലിക്കോ ക്യാറ്റ്" (Calico Cat) എന്നു കമന്റിയത്. പൂച്ചകള്ക്ക് ഇത്തരം നിറം വരുന്നത് ജനിതകപരമായ ഒരു പ്രത്യേക അവസ്ഥയാണെന്നും ഇത്തരം പൂച്ചകള്‍ തൊണ്ണൂറ്റൊമ്പതുശതമാനവും പെണ്ണുങ്ങളാണെന്നും അങ്ങനെ മനസ്സിലായി.

ആദ്യത്തെ കുട്ടി ജനിച്ചു, തനി നാടന്‍, പോരാത്തതിനു വീണ്ടും കാലിക്കോ! ടിന്റു എന്ന പേരുമായി കുറച്ചുകാലം അവള്‍ ഞങ്ങളുടെ കൂടെ കഴിഞ്ഞു. ആയിടയ്ക്കാണു കിച്ചു വീണ്ടും പ്രസവിച്ചത്. ആദ്യത്തേത് ടെസ്റ്റ്-ഡോസ് ആയിരുന്നു എന്നു തെളിയിച്ചുകൊണ്ട് ഇത്തവണ മൂന്നെണ്ണം; ഒന്ന് മഞ്ഞ, മറ്റേത് കരിമ്പച്ച, അടുത്തത് തനി കാലിക്കോ!! അമ്മയും മകളും ഇനിമുതല്‍ മല്സരിച്ചു പ്രസവിച്ചാലോ എന്നു പേടിച്ച് ടിന്റുമോളെ നാടുകടത്തിവിട്ടു. അതും ചെയ്തത് എന്റെ കൈകൊണ്ട് തന്നെ: കാറില്‍ കയറ്റി രാമനാട്ടുകരയില്‍ ബൈപ്പാസ്സിനടുത്ത്  "ദിവസവും ധാരാളം മത്തി വാങ്ങാറുണ്ട്" എന്നു തോന്നിയ ഒരു വലിയ വീട്ടിന്റെ മുറ്റത്ത് ഇറക്കിവിട്ടു. ടിന്റു മനസ്സുനൊന്തു ശപിച്ചുകാണും!

പുതിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്ന പ്രായമെത്തിയ ശേഷം ഒരു ദിവസമാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്: മദ്രസ്സ വിട്ട് തിരിച്ചുപോകുന്ന വഴിയാണ്. മക്കനയൊക്കെ ചുറ്റിയ അഞ്ചാറുവയസ്സുള്ള ഒരു ടിപ്പിക്കല്‍ മുസ്ലിം ഗുണ്ടുക്കുട്ടി! സത്യം പറയാല്ലോ, ആളുടെ വര്‍ണനകള്‍ കേട്ട പരിചയമേ എനിക്കുള്ളൂ, ഇതുവരെ ഞാന്‍ കക്ഷിയെ കണ്ടിട്ടില്ല. എങ്ങനെ യാതൊരു പരിചയവുമില്ലാത്ത ഞങ്ങളുടെ വീട്ടില്‍ അവള്‍ വന്നുവെന്നോ, എന്തും പറഞ്ഞാണു കയറിവന്നതെന്നോ ഒന്നിനും ഒരു വ്യക്തതയില്ല. ഒരു കാര്യമറിയാം, പിന്നീടങ്ങോട്ട് വരവ് സ്ഥിരമായി, പൂച്ചക്കുട്ടികളെ എടുത്തും കളിപ്പിച്ചും കൊണ്ട് വീട്ടിനുചുറ്റുമുള്ള ആ നടത്തവും. അവളുടെ വീട്ടില്‍ ഒരു തള്ളപ്പൂച്ചയും മൂന്നുകുട്ടികളും ഉണ്ടായിരുന്നത്രേ, എല്ലാം തൂവെള്ള! നാലും കിണറ്റില്‍ വീണു ചത്തു എന്നാണവള്‍ പറയുന്നത്. ഒന്നുരണ്ടാഴ്ചത്തെ ദൈനം ദിന സന്ദര്‍ശനത്തിനു ശേഷം അവള്‍ വരാതായി. നാലാം പക്കം രാത്രി കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ളതും കഥാനായികയ്ക്ക് പ്രിയംകരവുമായിരുന്ന മഞ്ഞപ്പൂച്ചക്കുട്ടി കിണറ്റില്‍ വീണു ചത്തു. അതിനുശേഷം ഒരാഴ്ചതികയുന്നതിനു മുമ്പേ ഇതാ കിച്ചുവും!

ആ പെണ്‍കുട്ടി പിന്നീടിതുവരെ ഇവിടെ വന്നിട്ടില്ല.

8 comments:

 1. ആ പെണ്‍കുട്ടി പിന്നീടിതുവരെ ഇവിടെ വന്നിട്ടില്ല.

  ReplyDelete
 2. poor kichu..i also felt as sad as u whn i gt to knw she died..and now aftr reading this, i feel like crying..ente punnara poochayum (DAT) snappye pole evidekko poyi..(chilappo 'bipasha'yude koode kaanana chayayil aadu mekkan poyathayirikkum)nyways take care of those cute lil kittens...
  -bipasha is my neighbr Jithu's cat-

  ReplyDelete
 3. തികച്ചും വ്യത്യസ്തമായ ഒരു അനുഭവ കഥ.
  എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു.

  പിന്നെ പുല്‍ച്ചാടി മാഷേ, ആ കിണറൊന്നു വേഗം മൂടിക്കോളൂട്ടോ.

  ReplyDelete
 4. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊന്‍. പൂച്ചയെ ഇത്രയ്ക്കു ഇഷ്ടപ്പെടുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ആ പാവത്തെ രാമനാട്ടുകരയില്‍ തള്ളിയത്. യഥാര്‍ത്ഥത്തില്‍ അതിന്റെ ശപമായിരിക്കാം ഇപ്പോള്‍ സംപവിച്ചത്. കൂടുതല്‍ അത്യാഹിതങ്ങള്‍ സംപവിക്കാതിരിക്കട്ടെ .
  പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ഒരു അനുജരനുണ്ടായിരുന്നു. . അധേഹതിന്നു പൂച്ചയെ വലിയ ഇഷ്ടമായിരുന്നു. അദ്ധേഹത്തിന്റെ പൂച്ച പ്രേമം കാരണം പ്രവജകാന്‍ അധേഹതിന്നു ഒരു ഇഷ്ട നാമം നല്‍കി. അബു ഹുറൈറ (പൂച്ചയുടെ പിതാവ്) ഇന്നും ആ വലിയ മനുഷ്യന്‍ അബു ഹുറൈറ എന്നാണ് അറിയപ്പെടുന്നത്. നൂറു കണക്കിന് പ്രവജക വജനങ്ങള്‍ അബു ഹുറൈറ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. പൂച്ച സ്നേഹം മനുഷ്യ്തത്തിന്റെ പ്രതീകമാണ്‌. ഒരു സ്ത്രീ പൂച്ചയെ കെട്ടിയിട്ടു. . അതിന്നു വെള്ളവും ഭക്ഷണവും നല്‍കിയില്ല. പാവം ചത്ത്‌ പോയി. ആ സ്ത്രീ ദൈവ കൊപതിന്നു വിധേയമാവുകയും നരകാവകാഷിയവുകയും ചെതതായി ഒരിക്കല്‍ പ്രവജകന്‍ അനുയായികളെ പഠിപ്പിച്ചു. കിണറില്‍ വീണു ചത്ത കിച്ചുവിന്നു വേണ്ടി താങ്കള്‍ കുറിച്ച ഈ വരികള്‍ ദൈവ സന്നിധിയില്‍ ഉയര്‍ത്തി പിടിച്ചു കിച്ചു കാത്തിരിക്കുന്നുണ്ടായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അഭിവാദ്യങ്ങള്‍ !!!!!!!!!!

  --
  ramzan

  ReplyDelete
 5. പൂച്ചകള്‍ എന്റെ ഒരു വീക്ക്നെസ്സാണ്. എന്റെ വീട്ടില്‍ ഒരേ സമയം പത്തിലേറെ പൂച്ചകള്‍ ഉണ്ടാകും, ഇപ്പോഴും കാണണം കുറെ. പൂച്ചയെ ഉപദ്രവിച്ചാല്‍ എന്റെ ബാപ്പ അവരെ ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിക്കും. ഞാനും കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പൂച്ചയുണ്ടായിരുന്നു. അത് എന്തോഒ കുറെ കഴിഞ്ഞപ്പോള്‍ ചത്തു. പൂച്ചകള്‍ വീട് മാറി പോകില്ല എന്നാണ് അറിഞ്ഞത്. ഓരോ സീസണ്‍ കഴിയുമ്പോഴും കുറേയെണ്ണം ചാകും. പക്ഷെ ഇതുവരെ വീട്ടില്‍ നിന്ന് നാട് കടത്തിയിട്ടില്ല. നാട് കടത്തിയ പൂച്ചകള്‍ വലിയ ദൂരത്തിലല്ലെങ്കില്‍ കടത്തിയ ആള്‍ തിരിച്ചു വരുമ്പോള്‍വീട്ടില്‍ എത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

  പക്ഷെ ഇവിടെ ഗള്‍ഫിലാണ് കഷ്ടം. ദിവസവും ഒരു പൂച്ചയെയെങ്കിലും വണ്ടി ഇടിച്ച് ചത്ത് കിടക്കുന്നത് കാണാം. ഇവറ്റകള്‍ക്ക് അറ്രിയില്ലല്ലോ റോഡ് മുറിച്ച് കിടക്കേണ്ടത് എങ്ങനെയെന്ന്. കഷ്ടം.

  ReplyDelete
 6. രെഹ്നാ, എനിക്കു കരച്ചില്‍ അല്ല വന്നത്, ഒരുതരം വിമ്മിഷ്ടം, ചങ്കിനാരോ മുറുകിപ്പിടിച്ചപോലെ! അതുകൊണ്ട് കൂടുതല്‍ ആ കാര്യം ചിന്തിക്കാന്‍ ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.

  പ്യാരീ, നന്ദി! കിണര്‍ മൂടിയിട്ടുണ്ട്. വരാനുള്ളത് വലയില്‍ തങ്ങില്ലല്ലോ!

  റംസാന്‍ സാര്‍, ജോക്കര്‍, കമന്റുകള്‍ക്ക് വളരെ നന്ദി; കിച്ചു സ്വര്‍ഗത്തില്‍ എന്നെയും കാത്തിരിക്കുമെന്നു തന്നെ വിശ്വസിക്കാം!!

  ReplyDelete
 7. ഒരിക്കല്‍ക്കൂടി വായിച്ചിട്ടേ കമന്റ് എഴുതൂ എന്ന്‍ കരുതി മൊത്തം 4 തവണ വായിച്ചു...ഒരു പ്രത്യേക വായനാനുഭവം...ആസ്വദിച്ചു...പേരമ്മയെ ഒരിക്കല്‍ക്കൂടി ഓര്‍ത്തു പോയി...കാരണം അറിയില്ല....

  ReplyDelete
 8. palappozhum marannu pokunna snehavum aardrathayumokke ippozhum...eee vayassaankaalathum riyaas sir thankal kaathu sookshikkunnu ennariyumbol njangale polulla kuttikalkku valiya santhosham. oru poocha verumoru poochayalla...., raavile urakkathil ninneneekkumbol ente vayarinte choodil othungikkidakkarundaayirunna MANCHAADIYE enikk athrapettennu marakkan pattillallo.. appukkuttanoppam(my doggy) odikkalichum thallu koodiyum sneham pankuvachum kusruthikal kaanichum ormakalil aval thanna nalla nimishangal...oduvil thekke parambile moovandan mavinte chottil malarkke thuranna kannukalode mindaathe kidannathum, appukkuttante nilavilikalum veendum ormayilekku varunnu.

  ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails