Showing posts with label Love Jihad. Show all posts
Showing posts with label Love Jihad. Show all posts

Saturday, November 14, 2009

ന്യൂനപക്ഷ പ്രീണനത്തിന്റെ പുതിയ മുഖം

സസ്നേഹം മാത്തുക്കുട്ടിച്ചായന്,
             അതെ, ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു! ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് വേറെ എന്ത് പറയും എന്നാ നിങ്ങള്‍ കരുതിയത്‌? ലവ് ജിഹാദ് ഇല്ലത്രേ!! 
            അപ്പോള്‍ വന്ദ്യവയോധികരായ കത്തോലിക്കാ പുരോഹിതന്മാര്‍ പറഞ്ഞതെന്താ നുണയോ? നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല മാതൃകയായ വെള്ളാപ്പള്ളി നടേശന്‍ സര്‍  പറഞ്ഞതും?! കുമ്മനം രാജശേഖരനും സംഘപരിവാറും പറയുന്നത് നിങ്ങള്‍ അവഗണിച്ചോളൂ, അവര്‍ (കപട) മതേതര വാദികളല്ലല്ലോ! ലീല മേനോന്‍ എന്ന കേരളത്തിലെ എക്കാലത്തെയും മികച്ച വനിതാ പത്രപ്രവര്‍ത്തക പറഞ്ഞില്ലേ മാധവിക്കുട്ടി (എന്ത് നല്ല തങ്കപ്പെട്ട സ്ത്രീയായിരുന്നു!) എന്ന കമലാ സുരയ്യ ലവ് ജിഹാദിന്റെ ഇരയാണെന്ന്? ബിഷപ്പുമാരുടെ സംഘടന ഇടയലേഖനം ഇറക്കിയില്ലേ, അവര്‍ ഒന്നും കാണാതെ അങ്ങനെ ചെയ്യുമോ?  ഇതിനുമുന്‍പ്‌ കേരളീയ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന വന്‍വിപത്തുകള്‍ വരുമ്പോള്‍ മാത്രമല്ലേ അവര്‍ അങ്ങനെ ചെയ്തിട്ടുള്ളൂ?! ഇതൊന്നും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലേ?!
             ജന്മഭൂമി പോട്ടെ, കേരളത്തിലെ നിഷ്പക്ഷ ദേശീയ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, മംഗളം എന്നിവരും ചാനലായ ചാനലുകള്‍ ഒക്കെയും തെളിവ് സഹിതം കണക്കുകള്‍ നിരത്തിയിട്ടും പോലീസിനു ലവ് ജിഹാദ് ഇല്ല; കേരളമെന്താ വെള്ളരിക്കാ പട്ടണമാണോ? ഒരു സര്‍ക്കാര്‍ ഇങ്ങനെയും അധ:പതിക്കാമോ?! 
           പുന്നൂസ്‌ അച്ചായന്‍ ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ ലേശം പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ജഡ്ജിയേമ്മാന്‍ പിന്നെയും അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ 'ഇന്നെന്തെങ്കിലും നടക്കും' എന്ന് തോന്നിയതുമാണ്. പക്ഷേ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ പാടെ നിരാശപ്പെടുത്തിക്കളഞ്ഞു . 18 -ഇല്‍ ആകെ മൂന്നു പേരാണത്രേ ലവ് ജിഹാദ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞത്. അതിനും തെളിവില്ലെന്നും ഊഹാപോഹം മാത്രമാണെന്നും! ഇതൊരുമാതിരി "നട്ടപ്പാതിരയ്ക്ക് വിളിച്ചുണര്‍ത്തിയിട്ട്  കഞ്ഞിയില്ല" എന്ന് പറഞ്ഞത് പോലായി. അവന്റെ ഒലക്കേമ്മലെ റിപ്പോര്‍ട്ട്‌, കാലാവസ്ഥാ പ്രവചനം പോലെ!  
             ഇക്കാര്യത്തില്‍ കുമ്മനവും വെള്ളാപ്പള്ളിയും കേസീബീസീയും  മറ്റും എന്തേ ഒന്നും പറയാത്തത്‌? നിങ്ങളും ആ കഴുവേറികളുടെ സൈഡ് ആയോ? കഷ്ടപ്പെട്ട് ഇത്രയും കണക്കുകളും തെളിവുകളും ഒക്കെ സംഘടിപ്പിച്ചിട്ട് നിങ്ങള്‍ വെറുതെ ഇരിക്കുകയാണോ? നമ്മുടെ നിരാലംബകളും നിസ്സഹായരുമായ പെണ്‍കുട്ടികളെയൊക്കെ ഈ കാപാലികര്‍ പിച്ചിചീന്തട്ടെ  എന്നോ?! എനിക്ക് വയ്യ, ഈ മൌനത്തിനു നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും; നമ്മുടെ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളെയൊക്കെ ഇവന്മാര്‍ കയ്യും കലാശവും കാട്ടി തട്ടിക്കൊണ്ടുപോയി മതം മാറ്റി പാക്കിസ്ഥാനിലെ കൊടുംഭീകരന്മാര്‍ക്ക് കാഴ്ച വയ്ക്കും, അവസാനം എന്നെപ്പോലുള്ള ഹിന്ദു യുവാക്കന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ കേരളത്തില്‍ (അല്ല ഇന്ത്യയില്‍ തന്നെ, ലവ് ജിഹാദ് എല്ലായിടത്തുമുണ്ടല്ലോ) പെങ്കുട്ടികളില്ലാതെയാവും! അന്ന് നിങ്ങള്‍ ഒരു പാഠം പഠിക്കും. പക്ഷേ, കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല!!
             പടിപടിയായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള ആസ്രൂതിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു പണം ഒഴുക്കുന്നത് ഇവന്മാരെല്ലാം ദുബായില്‍ നടത്തുന്ന എണ്ണകമ്പനികളും. (ഓരോ കേരള മുസ്ലിം കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫില്‍ പോകും, അവിടെ പെട്രോളിയം കമ്പനി വാങ്ങും, ഒരുത്തന്‍ കുറഞ്ഞത്‌ നാലുപേരെ ഗള്‍ഫിലേക്ക് കൊണ്ടുപോകും, ഇവരൊക്കെ എണ്ണ വിറ്റ് കാശുണ്ടാക്കും, ആ പൈസയൊക്കെ ജിഹാദ് നടത്താന്‍ കേരളത്തിലേക്ക്‌ അയക്കും; വെറുതെയാണോ കേരളം ഇത്ര കാലമായിട്ടും ഗുണം പിടിക്കാത്തത്‌?!) ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ കുറവായ കാരണവും വളരെ സാധുക്കള്‍ ആയതുകൊണ്ടും മതപ്രചാരണത്തിന് അവര്‍ കാര്യമായി ഒന്നും ചെയ്യാത്തതുകൊണ്ടും (കുഴിമടിയന്മാര്‍!) അവരെ എളുപ്പം നശിപ്പിക്കാം. രാഷ്ട്രീയമായാലും അധികാരമായാലും സമ്പത്തായാലും യാതൊരു സ്വാധീനവും ഇല്ലാത്തവരാണല്ലോ അവര്‍. ഹിന്ദുക്കള്‍ അങ്ങനെയല്ല എന്ന് മേത്തന്മാര്‍ക്കറിയാം. അതുകൊണ്ട് ഹിന്ദുക്കുട്ടികളെയാവും  അവന്മാര്‍ കൂടുതല്‍ വേട്ടയാടുക. നമ്മുടെ കുട്ടികള്‍ സൌന്ദര്യത്തിലും പണത്തിലും പഞ്ചാരവര്‍ത്തമാനത്തിലും എളുപ്പം മയങ്ങിപ്പോകുന്ന ദുര്‍ബലചിത്തകളായതുകൊണ്ട്   സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഒരുത്തന്‍ തന്നെ നാലെണ്ണത്തിനെ  ഒരേ സമയം മയക്കിയ റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും (മുടിഞ്ഞ ഗ്ലാമറാ പന്നികള്‍ക്ക്‌)! ഇവന്മാര്‍ വല്ല കൂടോത്രമോ കൈവിഷമോ ചാത്തന്‍ സേവയോ  പ്രയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കില്‍ പറ്റിയ പ്രതിവിധി ചെയ്യാന്‍ നമ്മുടെ 'തന്ത്രി'വര്യന്മാരെയും പണ്ഡിതന്മാരെയും ഏര്‍പ്പാടാക്കണം. ഇങ്ങനെപോയാല്‍ ഉടന്‍ തന്നെ ഹിന്ദു സമൂഹം ഒരു ന്യൂനപക്ഷമായി മാറും!  
              താഴെ  കൊടുത്തിരിക്കുന്നത് കേസീബീസീ (കേരള കത്തോലിക് ബിഷപ്സ് കൌണ്‍സില്‍) അവരുടെ 'ജാഗ്രത' എന്ന ന്യൂസ്‌-ലെറ്ററില്‍ പ്രസിദ്ധീകരിച്ച കണക്കാണ്:


DistrictMissingCases RegisteredEscaped
Thiruvananthapuram216266
Kollam98347
Pathanamthitta873611
Idukki156189
Kottayam1164613
Allepey78225
Ernakulam2285226
Thrissur1024119
Palakkad111199
Malappuram4128836
Kozhikode3649229
Kannur38210627
Kasargode58612368
WaynadNot Available


The above table brings out the following facts:
1. The total number of victims of an organized Love Jihad is 2866
2. Both Hindu and Christian girls have been the victims.
3. Only less than 10% of the victims managed to escape from the evil clutches of Love Jihadis.
4. The Muslim dominated Malabar accounts for 1674 victims (more than 60%).
5. Kasargode District tops the list of victims with 586 incidents.

             വയനാട് ജില്ലയിലെ കണക്കുകള്‍ ലഭ്യമല്ല എന്നാണു പറയുന്നത്. അതും കൂടി കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ! ഇത് 2006 മുതലുള്ള കണക്കു മാത്രം - 2005 മുതല്‍ ലവ് ജിഹാദ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്.  (96 മുതല്‍ ഇന്ത്യയില്‍ ഇവന്മാര്‍ ഉണ്ടത്രേ, കണക്കുകൂട്ടുമ്പോള്‍ തല പെരുക്കുന്നു!) അതുകൊണ്ടാണ് ഏകദേശം 4000-ത്തില്‍ അധികം കുട്ടികള്‍ പ്രണയക്കുടുക്കില്‍ പെട്ടിട്ടുണ്ട് എന്ന് കത്തോലിക്കരും സംഘപരിവാറുകാരും ഒരേ സ്വരത്തില്‍ പറയുന്നത്. ആകെ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട്‌ പറയുന്നു. അതായത്‌ 400-ല്‍ താഴെ.  ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്കും പോലീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നോ?! ഫാദര്‍ ജോണി കൊച്ചുപറമ്പില്‍ കര്‍ത്താവിനെ പിടിച്ചു ആണയിട്ടു പറഞ്ഞത് ഇങ്ങനെ നിസ്സാരമായി തള്ളിക്കളയാമോ? 
              ഇതാ ഇപ്പോ കര്‍ണാടക പോലീസും പറയുന്നു ലവ് ജിഹാദ് ഇല്ല എന്ന്. എന്തൊരു മറിമായം, ഗുജറാത്തിനു ശേഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്ന, നമ്മുടെ സ്വന്തം ബീജെപ്പി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ പോലീസിനു എന്ത് പറ്റി?! എടോ, കൃത്യമായ കണക്കുകളും വിവരങ്ങളും അതിനുള്ള തെളിവും കൊച്ചുപറമ്പില്‍ അച്ചന്‍ തരും, അത് വച്ച് ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയാ മാത്രം മതി. നിങ്ങക്ക് അച്ചായന്മാരെ വിശ്വാസമില്ലെങ്കി കുമ്മനം രാജശേഖരനണ്ണന്റെ കയ്യിലുണ്ട് എല്ലാ കണക്കും.  ഛേ കഷ്ടം, നമ്മുടെ പോലീസ് ഇത്ര മണ്ടന്മാരായിപ്പോയല്ലോ!! വിശദമായ അന്വേഷണത്തിലൂടെ KCBC -ക്ക് ഇത്രയും കണ്ടെത്താമെങ്കില്‍ പോലീസിനു എന്തുകൊണ്ടായിക്കൂടാ? 
           കോഴിക്കോട്‌ പാളയത്തുള്ള ചില മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നതെന്ന്‍ കണ്ടെത്തിയിരിക്കുന്നു. മലബാറിലെ മസ്സാജ്‌ പാര്‍ലറുകളും ലവ് ജിഹാദ് കേന്ദ്രങ്ങള്‍ തന്നെ. എടപ്പാളിലും ഇത്തരം കടകള്‍ ഉണ്ടല്ലോ. ഇതിന്റെയെല്ലാം തെളിവുകള്‍ CBI-ക്ക്  സമര്‍പ്പിക്കണം, അവര്‍ അന്വേഷിക്കട്ടെ. അച്ചന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ആരാ ഇപ്പോ കേന്ദ്രത്തിലുള്ളത്!  അല്ലാ, ഈ   തെളിവെല്ലാം വച്ച് സുപ്രീം കോടതിയില്‍ ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താലോ, അവിടെയും സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവരുണ്ടല്ലോ! നമ്മുടെ അഡ്വക്കേറ്റ് ജയശങ്കര്‍ ചോദിച്ചത് പോലെ 'നമ്മള്‍ കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ അതോ ജമായത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?'
              ചില മുസ്ലിം ഡോക്ടര്‍മാര്‍ അടങ്ങുന്ന പുതിയ ഒരു ഭീകര ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതുപോലെ തന്നെ ഇന്ത്യയുടെ സമ്പദ്-വ്യവസ്ഥയെ തകര്‍ക്കാന്‍ ഷെയര്‍ മാര്‍കെറ്റില്‍ പണമിറക്കുന്ന പുതിയ അടവും ഭീകരര്‍ പയറ്റുന്നുണ്ടത്രേ! ഈ മാപ്പിളാരാണല്ലോ കേരളത്തില്‍ മീന്‍കച്ചവടവും ഇറച്ചിക്കടകളും കൂടുതലും നടത്തുന്നത് (ഇതൊക്കെ അവന്മാരുടെ അടവാ, പാവപ്പെട്ടവന്‍ ചമയുകയാ ടാക്സ് വെട്ടിക്കാന്‍, എല്ലാ തെണ്ടികള്‍ക്കും മിനിമം ഒരു എണ്ണക്കിണറെങ്കിലും ഉണ്ട്). ഇറച്ചിയിലും മീനിലും വിഷം ചേര്‍ത്ത് പതുക്കെ ഹിന്ദുക്കളെ കൊല്ലാനുള്ള ഗൂഡശ്രമവും നടക്കുന്നുണ്ട് എന്നാണ് സൂചന!
            ഇതെല്ലാം പോരാഞ്ഞ്  ഹിന്ദുക്കളെ മാനം കെടുത്താന്‍ പുതിയൊരു വിദ്യ മാപ്പിളമാര്‍ പ്രയോഗിക്കുന്നുണ്ട്; മതം മാറി ഹിന്ദുവായ ശേഷം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുക, അങ്ങനെ ഹിന്ദു ധര്‍മ്മത്തെ കരിവാരിത്തേക്കുക. അത്തരം ഭീകരരില്‍ ഒരാളാണ് മോഹന്‍ കുമാര്‍ (ആനന്ദ്‌) എന്ന പേരില്‍ 19 യുവതികളെ  ബലാല്‍സംഘം ചെയ്ത് സയനൈഡ് കൊടുത്തുകൊന്ന സാമദ്രോഹി.  ഇതുപോലെത്തന്നെ കണിച്ചുകുളങ്ങര ബിനീഷും, കാരി സതീശനും സുകുമാരക്കുറുപ്പും ഒക്കെ ഈ സംഘത്തില്‍ പെട്ടവരാണെന്നു സംശയമുണ്ട്.  മറ്റൊരു അടവാണ് നമ്മുടെ കൂട്ടത്തിലുള്ളവരെ തന്നെ ഉപയോഗിച്ച് തീവ്രവാദം നടപ്പാക്കുക എന്നത്. ദളിതന്മാര്‍ വഴിതെറ്റിപ്പോകേണ്ട എന്ന് കരുതിയാണല്ലോ നമ്മള്‍ അവരെപ്പിടിച്ച് ജാതിയിലും പട്ടികയിലുമൊക്കെ ചേര്‍ത്തത്‌. പക്ഷേ ചില ഇടയന്മാര്‍ പുല്ലും വൈക്കോലുമോക്കെയായി വന്നു വിളിച്ചാല്‍  ഏതു കുഞ്ഞാടാ വഴിതെറ്റി പോകാത്തത്‌? അവന്മാര്‍ ഇപ്പോ തുടങ്ങിയിരിക്കുന്ന DHRM എന്‍ഡീയെഫിന്റെ സഹോദരസംഘടനയാണെന്നാണ് കേള്‍വി. നമ്മുടെ ശിവസേനയില്‍ നില്‍ക്കുമ്പോള്‍ എന്ത് നല്ല മനുഷ്യരായിരുന്നു!! ശരിക്ക് പറഞ്ഞാല്‍ ഈ ഗൂഡാലോചനയൊക്കെ  ഇന്റര്‍പോള്‍ അന്വേഷിക്കേണ്ടതാണ്. 
              ഇതൊക്കെ കേട്ടിട്ട് എനിക്ക് ഇരിപ്പുറക്കുന്നില്ല, ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ? ആത്മാഭിമാനമുള്ള ഒരു ഭാരതീയനും?! 

ഭയാശങ്കകളോടെ,

സ്വന്തം

സന്തോഷ്‌ മാധവന്‍   


ലവ് ജിഹാദിനെ കുറിച്ചുള്ള എന്‍റെ മൂന്നാമത്തെ പോസ്റ്റ്‌ ആണിത്‌. ആവര്‍ത്തന വിരസതയോ മടുപ്പോ തോന്നുന്നുവെങ്കില്‍ സദയം................
..........വേറെ ഏതെങ്കിലും ബ്ലോഗ്‌ സന്ദര്‍ശിക്കുക. ബൂലോഗത്തില്‍ ആയിരക്കണക്കിന് പോസ്റ്റുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ഇത് വായിച്ചോളണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല, പക്ഷേ ഞാന്‍ ഇത് എഴുതിക്കൊള്ളണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്!

Saturday, October 31, 2009

സിനിമാ നിരൂപണം: "ലവ് ജിഹാദ്"

കേരളത്തില്‍ വളരെ വിജയകരമായി ബോക്സ്‌-ഓഫീസ് കലെക്ഷനുകള്‍ തകര്‍ത്ത്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ പറ്റിയാണ് എന്റെ ഇന്നത്തെ നിരൂപണം. മദനി- ദി ടെറരിസ്ട്, അഭയ കൊലക്കേസ്: ഒരു CBI ഡയറിക്കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടക്കഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇത്രയധികം വരവേല്‍പ്പ്‌ ലഭിച്ച ഒരു മലയാള ചലച്ചിത്രം അടുത്തിടെ ഉണ്ടായിട്ടില്ല തന്നെ! ഈ ചിത്രത്തെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു വസ്തുത, ഈ സിനിമയുടെ ജനപിന്തുണയാണ്. കേരളത്തിലെ ആയിരക്കണക്കിന് നിരൂപകരില്‍ ഒരാള്‍ പോലും ഈ സിനിമയെ കുറിച്ച് മോശമായ ഒരു അഭിപ്രായം ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഏതു ചവറു മലയാള ചലച്ചിത്രത്ത്തെയും നഖശിഖാന്തം കീറിമുറിച്ച്‌ പരിശോധിക്കുന്ന ചില നിരൂപകരാകട്ടെ, നിശ്ശബ്ദത പാലിക്കുകയാനുണ്ടായത്! മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദി രൂപത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കന്നടയില്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞു. നല്ല സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉടന്‍ ഇറങ്ങും എന്ന് കരുതുന്നു.  ഉടനെതന്നെ ഇതിന്റെ രണ്ടാംഭാഗവും മൂന്നാം ഭാഗവും ഇറക്കാന്‍ ധാരണയായതായി അറിയാന്‍ ലേഖകന് കഴിഞ്ഞു. രണ്ടാം ഭാഗം "ക്ലിനിക്കല്‍ ജിഹാദ്" എന്നും മൂന്നാംഭാഗത്തിന് "ഷെയര്‍-മാര്‍കറ്റ്‌ ജിഹാദ്" എന്നും പേരിട്ടു കഴിഞ്ഞു.  ഇതിനു പണം മുടക്കാന്‍ തയ്യാറായി ശ്രീ. നാരായണ പണിക്കരും ജന്മഭൂമി ഫിലിംസും മുന്നോട്ടു വന്നിട്ടുണ്ട്.  കഥ സംഘപരിവാരന്റെത് തന്നെ! ചിത്രത്തിന്റെ വിശദമായ ആസ്വാദനം ചുവടെ ചേര്‍ക്കുന്നു:
            കഥാതന്തു: ഈ സിനിമ റൊമാന്റിക്‌ സസ്പെന്‍സ്‌ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വ്യത്യസ്ത മതസ്ഥരായ രണ്ടു ജോടികളുടെ പ്രണയവും വിവാഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ്  ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. സുന്ദരമായ മായികക്കാഴ്ച്ചകളുടെ പുറം മോടിക്കുള്ളില്‍ ഈ രണ്ടു പ്രണയങ്ങള്‍ക്കും മറ്റു ചില ഉദ്ടെശ്ശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കപെടുന്നിടത്താണ് ഈ സിനിമ പ്രേക്ഷകന്റെ ഹൃദയത്തെ തകിടം മറിക്കുന്നത്. ഇടവേളയ്ക്കു ശേഷം കഥ ഒരു പ്രേമകാവ്യത്തിന്റെ രൂപം വെടിഞ്ഞു കുറ്റാന്വേഷണ നിഗൂഡരൂപം സ്വീകരിക്കുന്നു. കഥയുടെ അവസാനം തീര്‍ച്ചയായും പ്രേക്ഷകനെ പിടിച്ചിരുത്തും, ഇളക്കി ചിന്തിപ്പിക്കും! പ്രേക്ഷകന്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത തലത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്ന കഥാകൃത്തിന്റെ കഴിവാണ് ഈ സിനിമയുടെ വിജയം. രക്ഷിതാക്കളുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ഒന്നാകുന്ന കമിതാക്കളെ നാം മുന്‍പ് പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടങ്ങോട്ട് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന, ചോര കല്ലാക്കുന്ന ഒരു ഗൂടാലോചാനയുടെ ചുരുള്‍ വിടരുകയാണ്. വിവാഹ ശേഷം ഈ പെണ്‍കുട്ടികള്‍ തങ്ങള്‍ അകപ്പെട്ട കെണി തിരിച്ചറിയുന്നതും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും സാമൂഹ്യ സേവാ പ്രവര്‍ത്തകന്റെയും സഹായത്താല്‍ രക്ഷപ്പെടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം! ഇതിനിടയില്‍ പോലീസിന്റെയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജട്ജിയുടെയും സഹായത്തോടെ ഇവര്‍ ഒരു അന്താരാഷ്ട്ര തീവ്രവാദി ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്നു. യുവാക്കളെ ഉപയോഗിച്ച് അന്യ മതസ്ഥരായ യുവതികളെ വശത്താക്കുകയും മതം മാറ്റുകയും ചെയ്യുക എന്നതാണ് ഈ തീവ്രവാദികളുടെ ഗൂടലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കായി ഭീകരര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും അവരുടെ ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളും എല്ലാം ഒന്നൊഴിയാതെ പ്രതിപാദിക്കുന്നുണ്ട് ചിത്രത്തില്‍. കഥയുടെ വിശദാംശങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും ഭീകരരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വളരെ ആത്യന്തികമായ വിവരങ്ങള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും വളരെയധികം പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ മനോഹര ചലച്ചിത്രം!
          സംവിധാനം, തിരക്കഥ: മലയാളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല തിരക്കഥയാണ് ഈ ചിത്രത്തിന്റെതെന്നു നിസംശയം പറയാം! ഇതിനോട് കുറച്ചെങ്കിലും കിട പിടിക്കാവുന്നത് ഒരു പക്ഷെ അഭയ കൊലക്കേസ്: ഒരു CBI ഡയറി കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടകഥ, ചാരം + കേസ്‌ = ISRO, എന്നീ ചിത്രങ്ങളുടെ തിരക്കഥ ആയിരിക്കും. ചിത്രത്തിന്റെ സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്; ചിത്രത്തിന്റെ സഹസംവിധായകനും കഥാക്രുത്തുമായ ശ്രീ. സംഘ പരിവാരന്‍ കുറച്ചു കാലമായി ഈ കഥ മനസ്സിലിട്ടു നടക്കുകയായിരുന്നു എന്നാണറിവ്. പല പ്രമുഖ സംവിധായകരോടും കഥ പറഞ്ഞെങ്കിലും അവരാരും വേണ്ട പ്രോത്സാഹനം നല്‍കിയില്ല. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ. സഭാ പതി സ്വന്തം നിലയ്ക്ക് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ തമ്മില്‍ ചില കശ പിശകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സംവിധായകനും കഥാകൃത്തും ഈ ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ പരിപൂര്‍ണമായി അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാനിടയായ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളി ശ്രീ. ഗോകുലം ഗോപാലന്‍ സിനിമയിലും രാഷ്ട്രീയത്തിലും വിജയം വരിക്കുന്നത് തടയിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായി ഈ സിനിമയെ കാണുന്ന വിമര്‍ശകരും ഉണ്ട്. ഭാവിയിലും തന്റെ നിലനില്‍പ്പിനു പ്രസ്തുത കഥാകൃത്തിന്റെ സഹകരണം തനിക്കു ലഭിക്കണമെന്ന തിരിച്ചറിവാണ് നിര്‍മാതാവിനെ സ്വാധീനിച്ചതെന്നാണ് ചിലരുടെ പക്ഷം.
             അഭിനേതാക്കള്‍: രണ്ടു നായികമാരും രണ്ടു നായകന്മാരും ഈ ചിത്രത്തിലുണ്ട്. നാലുപേരും പുതുമുഖങ്ങള്‍ ആണെങ്കിലും അവരവരുടെ വേഷം ഭംഗിയാക്കി. നായകന്മാര്‍ പിന്നീട് വില്ലന്മാരായി പരിണമിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പുതുമ. പാത്രസൃഷ്ടിയുടെ വൈഭവത്താല്‍ ഈ വേഷങ്ങള്‍ മികച്ചതാവുന്നു. ജഡ്ജിയുടെ വേഷം അവതരിപ്പിച്ച ശങ്കര്‍ജി വളരെ തന്മയത്വത്തോടെ തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.  സമൂഹത്തിലെ അനീതികളോട് നിഷ്പക്ഷമായി പ്രതികരിക്കുന്ന, പൊട്ടിത്തെറിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ചുറുചുറുക്കുള്ള കാവലാളായി അദ്ദേഹം മനോഹരമായി അഭിനയിച്ചു. പത്രപ്രവര്‍ത്തകനായി വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സഹായിമാരായി കണ്ടത്തില്‍ മത്തായിയും മര്‍ഡോക്ക് എന്ന സായിപ്പും തകര്ത്തഭിനയിച്ചു, അഭിനയിക്കുന്നു എന്ന തോന്നലുളവാക്കാതെ! സാമൂഹ്യ പ്രവര്‍ത്തകനായി സംഘ പരിവാരന്റെ ലാളിത്യം കലര്‍ന്ന അഭിനയം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു സഹനടന്റെ റോളില്‍ ആയിട്ട്  പോലും പുന്നൂസ് അച്ചായന്‍ കലക്കി. അതിഥി താരമായെത്തിയ ലീല മേനോന്‍ കഥയ്ക്ക്‌ മിഴിവേകി. ജിഹാദികളുടെ  ഏറ്റവും ആദ്യത്തെ ഇര ആയ നിഷ്കളങ്കയായ ഗ്രാമീണ ബാലികയെ അവതരിപ്പിച്ച കമല സുരയ്യ തന്റെ സിനിമയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. മറ്റു അഭിനേതാക്കളും സിനിമയോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്ന് പറയാതെ വയ്യ.
             സാങ്കേതികം: ഛായാഗ്രഹണം നിര്‍വഹിച്ച എശ്യാവല തന്റെ കര്‍ത്തവ്യം വളരെ ഭംഗിയാക്കി. പശ്ചാത്തല സംഗീതം ഒരുക്കിയ കേയ്സീബീസീ - ജന്മഭൂമി എന്നിവരുടെ കഴിവ് എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കഥയുടെ മുന്നേറ്റത്തിനു തടസ്സമാകാതെ ഗാനങ്ങള്‍ ഒരുക്കിയത്‌ കൌമുദി - മനോരമ ദ്വയം ആണ്.  "നിര്‍ബന്ധിത മതപരിവര്‍ത്തനം .." എന്ന് തുടങ്ങുന്ന ഗാനം വെള്ളാപ്പള്ളി നടേശന്‍ ഹൃദ്യമായി പാടി. "ഇടയ ലേഖനം ..." എന്ന ഗാനം ആലപിച്ച ഫാദര്‍,  "കമലാ  സുരയ്യാ .. " എന്ന ഗാനം ആലപിച്ച ലീല മേനോന്‍ എന്നിവരും മോശമാക്കിയില്ല. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കണ്ടത്തില്‍ മൂവീസ്, SNDP റിലീസ്, കേരളകൗമുദി ടാല്‍കീസ്, ജന്മഭൂമി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ്. സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ചിത്രത്തിന് ടാക്സ് ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്.
          പരിമിതികള്‍: ഈ ചിത്രത്തിന്റെ ചില പരിമിതികള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വളരെ വിശദമായി തീവ്രവാദി സംഘത്തിന്റെ നീക്കങ്ങളും പ്രവര്‍ത്തന രീതികളും റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍, അദ്ദേഹം തന്നെയാണോ ഈ സംഘത്തിന്റെ തലവന്‍ എന്ന സംശയം ജനിപ്പിക്കുന്നു. എങ്ങനെയാണ് രണ്ടാഴ്ചകള്‍ കൊണ്ട് ഈ ചെറുപ്പക്കാര്‍ വിദ്യാസംബന്നകളും ബുദ്ധിമതികളുമായ സ്ത്രീകളെ പാട്ടിലാക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമല്ല. അവര്‍ വല്ല കൂടോത്രമോ കൈവിഷമോ ഉപയോഗിക്കുന്നുണ്ടോ എന്ന യാതൊരു സൂചനയും സിനിമയിലില്ല.   ഇത്ര  ബുദ്ധിശൂന്യരാണോ കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ന് ന്യായമായും സംശയം ജനിപ്പിക്കുന്നു. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം ഇത്ര കണ്ടു വ്യാപിച്ചിട്ടും, ആയിരക്കണക്കിന്‍ സ്ത്രീകള്‍ എന്ന് പോലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് പത്രപ്രവര്‍ത്തകന്‍ പറയുമ്പോഴും, എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യത്തില്‍ അനങ്ങാതിരുന്നു, ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് വ്യക്തമാക്കുന്നില്ല. ആരും ചിത്രത്തില്‍ അതിനെ ചോദ്യം ചെയ്യുന്നുമില്ല! 
            ആകെത്തുക: അഭിനേതാക്കള്‍ എല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന പ്ലസ്‌ പോയന്റ്. എങ്കിലും ഈ ചലച്ചിത്രം മലയാളം കണ്ട ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാകുന്നത് ഇതിന്റെ കഥയും തിരക്കഥയും സംവിധാന മികവും കാരണമാണെന്ന് പറയാതെ വയ്യ. അവിശ്വസനീയമായ രംഗങ്ങളിലൂടെ  പ്രേക്ഷകനെ പിടിച്ചിരുത്താനും വിശദാംശങ്ങളുടെ പ്രവാഹം മുഖേന കഥയ്ക്ക്‌ വിശ്വസനീയത കൈവരിക്കാനും മലയാളിയെ അമ്പരപ്പിക്കാനും ഒരു തിരിച്ചറിവ് നേടി എന്നഹങ്കരിക്കാനും സാധിച്ച ഈ സിനിമയ്ക്ക്‌ പുല്‍ചാടിയുടെ എല്ലാ ഭാവുകങ്ങളും. പടം തീയറ്ററുകളില്‍ കുറച്ചധികം കാലം തകര്ത്താടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.               

Tuesday, October 27, 2009

ലവ് ജിഹാദികള്‍ അറിയാന്‍ ....

ശ്ശെ, ഞാന്‍ ഇക്കാര്യമൊന്നും അറിഞ്ഞില്ലല്ലോ പടച്ചോനേ! മനോരമയ്ക്കും കൌമുദിക്കും ഒക്കെ ഒരു രണ്ടു കൊല്ലം മുമ്പ് ഈ ന്യൂസ്‌ പുറത്തു വിട്ടൂടായിരുന്നോ? ഒരു കള്ള ഹിമാറ് ജിഹാദിക്കും 2007 ഏപ്രിലിനു മുന്‍പ്‌ ഈ പ്രതിശ്രുത വരന്റെ അടുത്ത് വരാന്‍ തോന്നിയില്ലല്ലോ?! അന്നെനിക്ക് ബൈക്കില്ല, കാറില്ല,  പൈസ കിട്ടിയാല്‍ കൈക്കില്ല. ഞാനാണെങ്കി, ഫാറൂക്ക് കോളേജ്  എന്ന പൂങ്കാവനത്തില്‍ പാറി നടക്കുന്ന ഒരു യുവ കോളേജ് ലെക്ചറര്‍ ‍, UGC ശമ്പളം വാങ്ങുന്ന അവിവാഹിതന്‍ ! ആറടിയിലധികം ഉയരം, സാമാന്യം വെളുത്ത നിറം, കാണാന്‍ സുന്ദരനെന്ന അഹങ്കാരം; എന്തിനധികം പറയുന്നു ഞാനെന്നാല്‍ ഒരു മഹാ പ്രസ്ഥാനം തന്നെ ആയിരുന്നു. ഏതു പെണ്ണായാലും ഒന്ന് മോഹിച്ചു പോകും, sigh!!


ഒരു പരട്ട _____മോനും എന്നോട് വന്നു "ലവ് ജിഹാദ്" പ്രസ്ഥാനത്തില്‍ ചേരണം, ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കണം എന്നൊന്നും പറഞ്ഞില്ല. എന്റെ പ്രായമോ, നല്ല ചോര തിളയ്ക്കുന്ന ലവ് ജിഹാദ് പ്രായം! ലവ് ജിഹാദ് വൈറസ്‌ രണ്ടു കിലോമീറ്റര്‍ അപ്പുറം ബൈപ്പാസിലൂടെ സൈക്കിളില്‍ പാട്ടും പാടി പോയാലും പനി വരുന്ന സുന്ദര സുരഭില മനോജ്ഞ  കാലം. എന്ത് ചെയ്യാം, ഒന്നും നടന്നില്ല: കാരണമെന്താ? ആരും ഒരു പ്രചോദനവും തന്നില്ല! എനിക്കീ തീവ്രവാദി എന്ന് പറയുന്ന അവന്മാരോടെല്ലാം ഭയങ്കര കലിയാണ്, തീര്‍ത്താല്‍ തീരാത്ത പകയാണ്. അഞ്ചു പൈസക്ക്‌ കൊള്ളില്ല! അല്ലെങ്കില്‍ പൂവന്‍പഴം പോലത്തെ ഒരു ലവ് ജിഹാദി ഇവിടെ റെഡിയായി നിന്നിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ?!


അവസാനം എന്ത് സംഭവിച്ചു! പാവം മാഷ്‌, ഒരു സാധാരണ മുസ്ലിം student ‌-നെ കെട്ടി (അത്യാവശ്യം വിപ്ലവമായിത്തന്നെ) സായൂജ്യമടയേണ്ടി വന്നു. ബൈക്ക് കിട്ടിയോ? ലക്ഷം കിട്ടിയോ? ഇല്ല!!


സാരമില്ല, ഓരോ ജിഹാദിക്കും നാലെണ്ണം വരെ കെട്ടാം എന്നാണല്ലോ ഉസാമ ബിന്‍ ലാദന്റെ ജിഹാദിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ റെഡിയാണ്, ലവ് ജിഹാദികള്‍ എന്ത് പറയുന്നു?! ആരും സഹായത്തിനില്ലെങ്കില്‍ ഞാന്‍ സ്വന്തം നിലയ്ക്ക് പഴശ്ശി രാജാ മാര്‍ക്ക്‌ ഒളി-ജിഹാദ് തുടങ്ങും, ജാഗ്രതൈ!


ലവ് ജിഹാദിന് എല്ലാ പരസ്യവും തന്നു അകമഴിഞ്ഞ് സഹായിച്ച മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, ജന്മഭൂമി തുടങ്ങിയ  ദേശസ്നേഹി പത്രങ്ങള്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി! നന്ദിസൂചകമായി ഞാന്‍ ഈ പത്രങ്ങള്‍ക്കു കൊടുക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ്‌ താഴെ ചേര്‍ക്കുന്നു:
        മാപ്പിള യുവാവ്, 31 വയസ്സ്‌, വെളുത്ത നിറം, 184 സെമി ഉയരം, ഗവ. കോളേജ് ലക്ചറര്‍, ഗസറ്റഡ് ഓഫീസര്‍, നിലവില്‍ ഒരു ഭാര്യ പൂജ്യം മക്കള്‍, താല്‍പ്പര്യമുള്ള അമുസ്ലിം യുവതികള്‍ താഴെ കൊടുക്കുന്ന നമ്പറിലേക്ക്  മിസ്സ്‌ അടിക്കുക. നിങ്ങള്‍ പറയുന്ന സ്ഥലത്ത്‌ പറയുന്ന സമയത്ത്‌ കാറുമായി വരുക, ഐസ്ക്രീം, ചോക്കലേറ്റ്‌ എന്നിവ ഇഷ്ടം പോലെ വാങ്ങി തരുക, സിനിമ കാണിച്ചു തരുക, മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ പഞ്ചാര വര്‍ത്താനം പറയുക, അശ്ലീല SMS ഇടതടവില്ലാതെ അയക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗിയായും വൃത്തിയായും ചെയ്തു തരുന്നതാണ്. വിവാഹം കഴിക്കാതെ കറങ്ങി നടക്കാന്‍ മാത്രം താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
Related Posts with Thumbnails