Wednesday, November 18, 2009

കുമരകം ചാട്ടത്തിനു വെറും മൂന്നു ഡോളര്‍!

2009 നവംബര്‍ 17 ചൊവ്വാഴ്ചത്തെ മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സെഡ്. എം. മൂഴൂര്‍ എന്നയാളുടെ ലേഖനത്തിന്റെ പകര്‍പ്പ്:
           അമേരിക്കയിലെ ഫ്ലോറിഡയില്‍ 1992 -ല്‍ പരിചയപ്പെട്ട റീത്ത എന്ന പെണ്‍കുട്ടിയുടെ വലിയ മോഹമായിരുന്നു ഇന്ത്യയില്‍ വരിക എന്നത്. ഒരുപാട് കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ച് അവള്‍ ചോദിച്ചു. ഇന്ത്യക്കാരെയും സംസ്കാരത്തെയും കുറിച്ച് ഏറെ മതിപ്പുള്ള അവള്‍ക്ക് ഓരോരോ കാരണങ്ങളാല്‍ യാത്ര നീട്ടിവയ്ക്കേണ്ടി വന്നു. 
       ഈയിടെ അവള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഭാഗ്യമുണ്ടായി. അന്നവള്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നെങ്കില്‍‍, ഇപ്പോള്‍ വന്നിരിക്കുന്നത് ഭര്‍ത്താവ് സ്റ്റീവും രണ്ടു കുട്ടികളും ഒരുമിച്ചാണ്. മൂത്ത കുട്ടി നാലര വയസ്സുള്ള കെവിന്‍.  കിന്റര്‍ഗാര്‍ട്ടനില്‍    പഠിക്കുന്നു. ഇളയ കുട്ടി മാഗിക്ക് മൂന്നുവയസ്സേയുള്ളൂ. പ്ലേ സ്കൂള്‍ ബിരുദത്തിനു ചേര്‍ത്തു കഴിഞ്ഞു. 
          ഹൌസ് ബോട്ട് യാത്രയും കോക്കനട്ട്  ലഗൂണ്‍ ഭക്ഷണവും അവര്‍ക്ക് ഇഷ്ടമാകുമെന്ന്  കരുതിയാണു   കുമരകത്തിന് പോയത്. വാജ്പേയിയും കെന്നഡിപുത്രനുമൊക്കെ താമസിച്ചു കുമരകം വിശ്വപ്രസിദ്ധമായിട്ടുണ്ടല്ലോ. 
       ബോട്ടുയാത്രയും പക്ഷിസങ്കേതസന്ദര്‍ശനവും അതിഥികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. കുട്ടികളും സന്തുഷ്ടരാണ്. 
          മടക്കയാത്ര കുമരകം - കോട്ടയം റൂട്ടിലാണ്‌. ടാക്സിക്കാറില്‍ ഞാന്‍ വഴികാട്ടിയായി കാറിന്റെ മുന്നിലിരുന്നു. 
          കിടങ്ങുകള്‍ പോലുള്ള കുഴികളാല്‍ അലംകൃതമാണ് റോഡ്‌. കാര്‍ ചാടിവീഴുന്നത് ഒരു കുഴിയില്‍ നിന്ന് മറ്റൊന്നിലേക്ക്. ഓരോ കുഴിയിലും കുത്തനെ വീണ് ഇളകിയാടും. അതു കഴിഞ്ഞാണ് രണ്ടാമത്തെ കുതിപ്പ്. അത് അതിനേക്കാള്‍ വലിയ കുഴിയിലേക്ക്. 
            സരസനായ ഡ്രൈവര്‍ എന്നോട് പറഞ്ഞു: 'പ്ലേറ്റ് ഒടിയാതെ ഞാന്‍ നോക്കുന്നുണ്ട്. നട്ടെല്ലിന്റെ ബെയറിങ് സൂക്ഷിക്കണം എന്ന് ഇംഗ്ലീഷുകാരോട്  ഒന്ന് പറയണേ.'
           പിന്‍സീറ്റില്‍ ആഹ്ലാദമാണ്‌. മൂന്നുവയസ്സുകാരി മാഗി കാര്‍ ഓരോ കുഴിയില്‍ വീഴുമ്പോഴും മതിമറന്നു ഠേ, ഠേ  എന്ന് ഉറക്കെ ശബ്ദിക്കുന്നുണ്ട്.  കിന്റര്‍ഗാര്‍ട്ടന്‍കാരന്‍ കെവിന്‍ കുറച്ചുകൂടി സീരിയസ്സാണ്. സംഖ്യ എണ്ണാന്‍ അവനറിയാം. ഓരോ കുഴിയില്‍ കാറ് ചാടുമ്പോഴും വണ്‍‍, ടു, ത്രീ, ഫോര്‍ എന്ന് അവന്‍ ഉറക്കെ എണ്ണുന്നു. 
           പാലമെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കാറിന്റെ കിളിവാതിലിലൂടെ ഒരു തുണ്ടു കടലാസ് ഞാന്‍ വാങ്ങിച്ചു. മൂന്നുരൂപ. പേഴ്സ് തുറന്നു ഞാന്‍ പാലത്തിന്റെ ടോള്‍ കൊടുത്തു. പണം കൊടുക്കുന്നത് പിന്‍സീറ്റിലിരുന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
          യാത്ര കോട്ടയത്ത് എത്തുന്നതുവരെ കെവിന്‍ നിര്‍ത്താതെ എണ്ണുന്നുണ്ടായിരുന്നു. 
            വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ കെവിന്‍ എന്‍റെ കയ്യില്‍ നിന്ന് ടോള്‍ അടച്ച തുണ്ടു പേപ്പര്‍ വാങ്ങി. 'ഇത് എന്താണ്?'- അവന്‍ ചോദിച്ചു.
            നമ്മുടെ നാടിന്റെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിക്കരുതല്ലോ. ഞാന്‍ കെവിനോട് പറഞ്ഞു: വണ്ടി ഷേക്ക് ചെയ്തു സന്തോഷിപ്പിച്ചതിനുള്ള ചാര്‍ജ് ആണ് ഇത്. കുട്ടി കടലാസിലെ '3' എന്ന അക്കം കണ്ട് അതു ഡോളറാണെന്നു  തെറ്റിദ്ധരിച്ചു. അവന്‍ സ്റ്റീവിനോട് പറഞ്ഞു: 'ഡാഡീ വണ്ടര്‍ഫുള്‍, ഇറ്റ് ഈസ് ഓണ്‍ലി ത്രീ ഡോളേഴ്സ് ഫോര്‍ വണ്‍ ഹണ്‍ഡ്രഡ് ആന്‍ ട്വെന്റി  വണ്‍ ജംപ്സ്. വെരി ചീപ്പ്!' ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ 121 അടിപൊളി ചാട്ടത്തിനു മൂന്നു ഡോളര്‍ മാത്രം. നിസ്സാരതുക!  
        സമര്‍പ്പണം: ഫണ്ടെവിടെയുണ്ടെന്നു  കണ്ടെത്താനും അതിന്റെ 80% എങ്ങിനെ വിഴുങ്ങാമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന  കേരളാ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റിന്!!                    

5 comments:

 1. 'ഡാഡീ വണ്ടര്‍ഫുള്‍, ഇറ്റ് ഈസ് ഓണ്‍ലി ത്രീ ഡോളേഴ്സ് ഫോര്‍ വണ്‍ ഹണ്‍ഡ്രഡ് ആന്‍ ട്വെന്റി വണ്‍ ജംപ്സ്. വെരി ചീപ്പ്!' ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ 121 അടിപൊളി ചാട്ടത്തിനു മൂന്നു ഡോളര്‍ മാത്രം. നിസ്സാരതുക!

  ReplyDelete
 2. ഇത്തരം ഒരു സന്തോഷപ്രദമായ യാത്ര വേറേ ഏത് നാട്ടില്‍ കിട്ടും.........:)

  ReplyDelete
 3. ഹ ഹ ഹ, നല്ല ഷോക്കിംഗ് ഉള്ള വണ്ടി വേണം , അല്ലെങ്കില്‍ ടൂറിസ്റ്റുകളെ കയില്‍ നിന്നും അടി മേടിക്കും.

  ReplyDelete
 4. ഇതു വളരെ രസകരമായ, എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.
  ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ എഴുതുക

  ReplyDelete
 5. നന്ദി അഭിമന്യു! ഒരു സ്കൂള്‍ കുട്ടിയുടെ ലോകവീക്ഷണം അറിയുക എന്നത് രസകരമായ കാര്യമാണ്. താങ്കളുടെ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു!

  ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails