Saturday, July 03, 2010

ബ്രസീല്‍ : ആക്രമണഫുട്ബോളിന്റെ മാസ്മരികസൌന്ദര്യം!!


ബ്രസീല്‍ ഫാന്‍ അല്ലായിരുന്നിട്ടുകൂടി വളരെ നേരത്തെ തന്നെ ബ്രസീല്‍ - ഹോളണ്ട് മത്സരം കാണാന്‍ ഇരിപ്പുറപ്പിച്ചു. ബ്രസീല്‍ തോല്‍ക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ആ ആവേശം മുഴുവനും. ഹോളണ്ടിനെ പോലൊരു ടീമിന് അതു സാധിക്കുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ദേശീയഗാനാലാപന പ്രകടനം എല്ലാം കഴിഞ്ഞു കളി തുടങ്ങാന്‍ പോകുന്നു എന്ന് കരുതി കണ്ണും തുറിപ്പിച്ചിരിക്കുമ്പോള്‍ അതാ ഒരു ബാനറും പിടിച്ച് കുറച്ചുപേര്‍ ഗ്രൌണ്ടിന്റെ നടുക്ക്! "SAY NO TO RACISM"  എന്നാണെഴുതിയിരിക്കുന്നത്. അതിന് ഫുട്ബോളില്‍ എന്ത് വംശീയത?  ഫുട്ബോളില്‍ അമേരിക്കക്കാരനും ഘാനക്കാരനും തുല്യരല്ലേ?! നന്നായി കളിച്ചാല്‍ ജയിക്കും, ഇല്ലെങ്കി തോക്കും..... ഹല്ലപിന്നെ!! 
           എങ്കിലും എനിക്ക് കാര്യം വ്യക്തമാകാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. എന്തൊക്കെപ്പറഞ്ഞാലും കളി തുടങ്ങി മൂന്നു മിനിട്ടിനുള്ളില്‍ നാല് ഫൌള്‍ ചെയ്യുന്നത് ഒരു കഴിവാണ്. അതിലും കഴിവ് വേണം അതു കണ്ടില്ലെന്നു നടിക്കാന്‍. ലോകഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരല്ലേ.... എന്തുമാകാമല്ലോ, ആരാ ചോദിക്കാനും പറയാനും! ഏരിയല്‍ റോബനു പന്തുകിട്ടിയാല്‍ വീണിരിക്കും ഒറപ്പ്; ഏയ്‌ ... ഗോളല്ലാ, റോബന്‍! 
            വംശവിദ്വേഷത്തിന്റെ കാറ്റ് ഈ ലോകകപ്പ് തുടങ്ങിയ അന്നുമുതല്‍ ഗ്രൌണ്ടുകളില്‍ അങ്ങോളമിങ്ങോളം അലയടിക്കുന്നുണ്ട്. അതുപുറത്തു കാണിക്കുന്നത് കൂടുതലും റഫറികള്‍ ആണെന്നു മാത്രം. കളിക്കാര്‍ തമ്മില്‍ കൈമാറുന്ന 'ഊഷ്മളമായ ആശംസാവചനങ്ങള്‍' ഭാഗ്യത്തിനു നമ്മള്‍ കേള്ക്കേണ്ടിവരുന്നില്ല. അങ്ങനെയും പലതും നടക്കുന്നുണ്ട് എന്നറിയാന്‍  കുപ്രസ്സിദ്ധമായ സിദാന്‍ - മറ്റരാസി സംഭവം വേണ്ടിവന്നു. വെവ്വേറെ ടീമുകള്ക്ക് ഒരേ ഫൌളിനു രണ്ടുതരം ശിക്ഷ, ചില ഗോളുകള്‍ ഗോളല്ലാതാവുന്നു, ശൂന്യവായുവില്‍ നിന്നു ഗോളുകള്‍ പിറക്കുന്നു, ചിലരുടെ ഫൌളുകള്‍ കണ്ടില്ലെന്നു നടിക്കുന്നു..... അങ്ങനെ എന്തെല്ലാം! ഈ ലോകകപ്പിന്റെ താരങ്ങള്‍ കാകയോ മെസ്സിയോ ക്ലോസോ വിയ്യയോ അല്ല, റഫറിമാര്‍ ആണ്. ഇന്നലത്തെ കളിയില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. റോബനെ പിന്തുടര്ന്നു വേട്ടയാടിയ ബാസ്റ്റോസിനു മഞ്ഞക്കാര്ഡു കിട്ടാന്‍ റോബനെ നാലുതവണ ക്രൂരമായി പിന്നില്നിന്നു ചവിട്ടിവീഴ്ത്തേണ്ടിവന്നു. അതേസമയം, ഒരു ഹോളണ്ട് കളിക്കാരനു മഞ്ഞ കാണാന്‍ അധികം കഷ്ടപ്പെടേണ്ടിവന്നില്ല; ബ്രസീല്‍ ഹാഫില്‍ പെനാള്ട്ടി ബോക്സിനടുത്ത് ഉരുണ്ടുവീണതിനായിരുന്നു കാര്‍ഡ്. എല്ലാം വെറും അഭിനയമായിരുന്നെന്നാണു റഫറി പറയുന്നത് (ഫൌള്‍ ആണെങ്കില്‍ത്തന്നെ ബ്രസീലിനു നഷ്ടപ്പെടാന്‍ ഒരു ഫ്രീകിക്ക് മാത്രം). കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ, കാക്ക ഇതുപോലെ ഹോളണ്ട് ബോക്സിനുള്ളില്‍ ഒന്നു വീണു, ഫൌളിനു അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി മൈന്ഡ് ചെയ്തില്ല. ഹും, ജപ്പാന്‍കാരനോടാ കളി: എല്ലാം അഭിനയമല്ലേ, ശുദ്ധ അഭിനയം!! അഭിനയമായിരുന്നെങ്കില്‍ എന്തുകൊണ്ട് മഞ്ഞകാര്ഡ് കാണിച്ചില്ല, അല്ല ശരിക്കും ഫൌള്‍ ആയിരുന്നെങ്കില്‍ പെനാള്ട്ടി ആവുമായിരുന്നില്ലേ?! ഒന്നും ചോദിക്കരുത്.
        ബാസ്റ്റോസിനു മഞ്ഞ കിട്ടിയതിനുശേഷവും റോബനെ വിട്ടില്ല, ആദ്യത്തേതിലും ഉഷാറായി ഒന്നുകൂടി ചവിട്ടി. അതിനു ശിക്ഷ ഫ്രീ കിക്ക് മാത്രം.  തുടര്‍ച്ചയായി ഒരു കളിക്കാരനെ പിന്തുടര്‍ന്നു ഫൌള്‍ ചെയ്യുന്നത് ഫിഫ നിയമപ്രകാരം കൊടിയ കുറ്റമാണ്, ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ കളിക്കാരനെ പിന്നെയും ഫൌള്‍ ചെയ്‌താല്‍ അപ്പോ എന്തായിരിക്കും ശിക്ഷ?  കുറഞ്ഞപക്ഷം ഒരു മഞ്ഞ കൂടി. ഒരുതവണ കൂടി മഞ്ഞതൊട്ടിരുന്നെങ്കില്‍ ബാസ്റ്റോസിനു മടങ്ങാമായിരുന്നു, അതുണ്ടായില്ല. റഫറിയോടുള്ള നന്ദിസൂചകമായി ദുംഗ ഉടനെത്തന്നെ ബാസ്റ്റോസിനെ തിരിചുവിളിക്കുകയും ചെയ്തു. 
            ബ്രസീല്‍ തുടക്കം മുതലേ ഭയങ്കര 'ആക്രമണ 'ഫുട്ബോള്‍ ആണ് കളിച്ചത് എന്ന് കളി കണ്ടവര്‍ക്കൊക്കെയറിയാം; ആക്രമണം മിക്കവാറും ഹോളണ്ട് കളിക്കാരുടെ ദേഹത്തായിരുന്നെന്നു മാത്രം.  കളിയില്‍ മൊത്തം ഫൌള്‍ കളിച്ച ബ്രസീലിനു കിട്ടിയത്  ഒരു മഞ്ഞകാര്‍ഡും ഒരു ചുവപ്പുകാര്‍ഡും മാത്രം; ഹോളണ്ടിന് നാല് മഞ്ഞക്കാര്‍ഡ്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ: ഫിലിപേ മേലോയ്ക്ക്  എതിരെ റഫറിക്ക് ചുവപ്പുകാര്‍ഡു പുറത്തെടുക്കേണ്ടി വന്നു. ഫൌള്‍ ചെയ്തു വീഴ്ത്തിയിട്ടും അരിശം തീരാതെ ബൂട്ടിട്ട കാലുകൊണ്ട് വീണുകിടക്കുന്നവന്റെ തുടയ്ക്കു ചവിട്ടിയാല്‍ വേറെന്തുചെയ്യും? 
             ബ്രസീല്‍ കളിക്കാര്‍ റഫറിമാരെ സ്വാധീനിക്കുന്നു എന്നുള്ളത് ഈ വേള്‍ഡ് കപ്പിന്റെ ആരംഭം മുതലേ കേള്ക്കുന്ന ഒരു ആരോപണമാണ്. അതു യാഥാര്‍ത്ഥ്യമാണെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു മൈകോണ്‍, റോബീഞ്ഞോ, കാക്ക തുടങ്ങി പല ബ്രസീല്‍ കളിക്കാരുടേതും. പക്ഷേ, നിഷിമുറയെപ്പോലെ ഫിഫയുടെ അതിവിദഗ്ധരായ, കഠിനശിക്ഷണം നേടിയ റഫറിമാര്‍, അതും  ഫുട്ബോള്‍ ലോകകപ്പുമല്സരങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍, കളിക്കാരുടെ അഭിനയത്തിലും വാക്ചാതുരിയിലും  തുറിച്ചുനോട്ടത്തിലും ഭീഷണിയിലും (സംശയമുണ്ടെങ്കില്‍ കളി ഒന്നുകൂടി കാണുക)  വീണുപോവുക എന്നത് ഒരിക്കലും അഭിലഷണീയമല്ല.
            ഒന്നാം പകുതി ബ്രസീലിനു സ്വന്തമായിരുന്നു, പക്ഷെ ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കാനാണു ബ്രസീല്‍ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ സെല്ഫ്ഗോളിലൂടെ ഹോളണ്ട് സമനില പിടിച്ച ശേഷമാണു കളിയുടെ ഗതി മാറിയത്. ഒരു ഫുട്ബോള്‍ മാച്ചു കളിക്കുകയാണു തങ്ങള്‍ എന്ന കാര്യം ഓരോ ബ്രസീല്‍ കളിക്കാരനും മറന്ന പോലെ തോന്നി. പകരം ഒരു യുദ്ധക്കളത്തിലാണു താന്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. മുന്നില്‍ വരുന്ന എതിരാളിയെ ആയുധമില്ലാതെ അരിഞ്ഞിടുന്ന വിദ്യ ഇവരില്നിന്നു പഠിക്കണം!  
            ഒറ്റ ഒരു ഗോള്‍ കളിയെ എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ഓറഞ്ചുപടയുടെ ആക്രമണം. ഇത്തരുണത്തിലാണ് അര്‍ജന്റീനയ്ക്കു ദാനം കിട്ടിയതും ഇംഗ്ലണ്ടിനു നിഷേധിക്കപ്പെട്ടതുമായ ഗോളുകളെക്കുറിച്ചു ചിന്തിക്കേണ്ടത്. റഫറിമാര്‍ നിഷ്പക്ഷതയോടെ ജാഗരൂകരായി പ്രവര്ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, തുടര്‍ന്നുള്ള മല്സരങ്ങളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. എന്തുകൊണ്ട് കളിനിയന്ത്രണത്തിന് കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനു മുന്നില്‍ ഫിഫ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഫുട്ബോളല്ലേ, ഓരോ ദിവസവും ഭാഗ്യം മാറിമറിഞ്ഞു കൊണ്ടിരിക്കും. കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ ഫൈനല്‍ കളിക്കുന്നത് ഘാനയും സ്ലോവാക്യയും ആയിരിക്കും; കളി കാണാന്‍ ആരെങ്കിലും ഉണ്ടാവുമോ?!
            അള്‍ജീരിയയും യു എസ് എയും തമ്മിലുള്ള മല്സരത്തില്‍ അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യാനുള്ള കമന്റേറ്റര്‍മാരുടെ ആവേശം കണ്ടു ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്. അവസാനമിനുട്ടിലെ ഗോള്‍ കണ്ട് അവര്‍ സ്റ്റുഡിയോയില്‍നിന്നിറങ്ങി ഓടുമെന്നുവരെ തോന്നി! സ്ലോവേനിയക്കെതിരെ അമേരിക്കയുടെ ഗോള്‍ നിഷേധിച്ച മാലിക്കാരനായ കറുത്ത വര്‍ഗക്കാരന്‍ റഫറി കോമന്‍ കുലിബാലിയെ  പാശ്ചാത്യ മാധ്യമങ്ങള്‍ ചുട്ടുതിന്നില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം ചെയ്തു!! ഐവറി കോസ്ടിനെതിരെ ഫാബിയാനോയുടെ കൈ-ഗോള്‍ (രണ്ടു തവണ കൈ കൊണ്ട് മനപ്പൂര്‍വം ബോള്‍ തൊട്ടു) ഒരു മിനിടിനുള്ളില്‍ കമന്റെറ്റര്മാര്‍ മറന്നു, റഫറിയും മാധ്യമങ്ങളും അതു കണ്ടതേയില്ല! 

 
              
             അതേ, ഫുട്ബോളില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നുണ്ട്,  ഫുട്ബോളിലെ പരമ്പരാഗത ശക്തികളും പുതുതായി ഉയര്‍ന്നുവരുന്ന ചെറിയ ടീമുകളും തമ്മില്‍, വെളുത്തവരും കറുത്തവരും തമ്മില്‍, സമ്പന്നരും ദരിദ്രരും തമ്മില്‍. ഇതില്‍ ഫിഫ ആരുടെ പക്ഷത്താണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ!!   

3 comments:

  1. അതേ, ഫുട്ബോളില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നുണ്ട്, ഫുട്ബോളിലെ പരമ്പരാഗത ശക്തികളും പുതുതായി ഉയര്‍ന്നുവരുന്ന ചെറിയ ടീമുകളും തമ്മില്‍, വെളുത്തവരും കറുത്തവരും തമ്മില്‍, സമ്പന്നരും ദരിദ്രരും തമ്മില്‍.

    ReplyDelete
  2. nice one riyan
    match njan kandilla, i was traveling, any way its good to read this, thanx

    ReplyDelete
  3. ആക്രമണം രണ്ടുപേരും മത്സരിച്ചുതന്നെയാണ് ചെയ്തത്...ബ്രസീല്‍ മാത്രമല്ല...റഫറി പലതും കണ്ടില്ലെന്നു നടിച്ചു;ഹോളണ്ടുകാരുടെ രണ്ടു 'ഹാന്‍ഡ്‌ ബോള്‍' അടക്കം.

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails