Saturday, November 27, 2010

നമസ്കാരം ശ്രോതാക്കളേ.........!

                 എവിടെയോ കേട്ടു മറന്നപോലെ അല്ലേ?! റേഡിയോ ശ്രോതാക്കള്‍ക്കിന്നും സുപരിചിതമായ ശബ്ദമാണിത്, ആര്‍കെയുടെ ശബ്ദം! മലബാറിലെ അനേകായിരം റേഡിയോ ശ്രോതാക്കള്‍ക്ക് ഞാന്‍ ആര്‍കെയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബോബി, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ , ജോണ്‍ കുര്യന്‍, പ്രീത, അശ്വതി.. ഇവരില്‍ ആരായാലും അങ്ങനെയൊക്കെ തന്നെ. ഇവരെയെല്ലാം കേട്ടു മാത്രം ജീവിതം തള്ളിനീക്കുന്ന, ജീവിതത്തില്‍ റേഡിയോ (റേഡിയം എന്ന് മലപ്പൊറം മലയാളം) എന്ന പാട്ടുപെട്ടി മാത്രം ഏക വിനോദോപാധി ആയ അനേകം  പേരുണ്ടെന്നു ഞാന്‍ അറിഞ്ഞു തുടങ്ങിയിട്ട്  കാലമേറെയൊന്നും ആയിട്ടില്ല.  
          
           103.6 റിയല്‍ എഫ്എമ്മിനെ ഞാനോര്‍ക്കുന്നത് ആ പേരിലല്ല, ഏറെ കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്നെ പഴമയുടെ തേനൂറുന്ന ഹിന്ദി ഗാനങ്ങളുടെ  ആരാധകനാക്കി മാറ്റിയ വിവിധ് ഭാരതി എന്ന പേരിലാണ്. വിവിധ് ഭാരതിയാണോ വിദ്യുത് ഭാരതിയാണോ എന്നുപോലും തീര്‍ച്ചയില്ലാതിരുന്ന കാലം! പിന്നീടെന്നോ വഴിയിലുപേക്ഷിച്ച വിവിധ് ഭാരതി മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാറില്‍ ഘടിപ്പിച്ച എഫ്എം റിസീവറിലൂടെ  പിന്നെയും എന്നെ തേടിവന്നു; പുതിയ പേരില്‍ , പുതിയ ഭാവത്തില്‍. മലയാളം പരിപാടികളായിരുന്നു കൂടുതലും. വേറെയും രണ്ടു എഫ് എം ചാനലുകള്‍ കൂടിയുണ്ടായിരുന്നു കോഴിക്കോട്ട്: റേഡിയോ മാംഗോയും എസ് എഫ്എമ്മും.  എസ് എഫ്എം മാങ്ങയോടു പിടിച്ചുനില്‍ക്കാനാകാതെ പേരുമാറ്റി റെഡ് എഫ്എം ആയി മാറി. എന്തുകൊണ്ടോ എന്നെ ആകര്‍ഷിച്ചത് റിയല്‍ എഫ്എം തന്നെയായിരുന്നു. പണ്ടത്തെ ബന്ധമായിരിക്കാം, എന്റെ യാത്രയില്‍ ഉടനീളം കേട്ടുകൊണ്ടിരിക്കാം എന്ന വസ്തുത കൊണ്ടുമാകാം (വീട്ടില്‍ നിന്ന് കോളേജിലേക്ക് അമ്പത്തഞ്ചു കിലോമീറ്റര്‍ കാണും, മാങ്ങയും ചോപ്പും അത്രയും റേഞ്ച്  കിട്ടില്ല).
         
            ഒരു പക്ഷേ അതിന്റെ നിഷ്കളങ്കമായ, ആഡംബരങ്ങളില്ലാത്ത, വളച്ചു കെട്ടുകളില്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ മലയാളി ഗ്രാമീണനോട്‌ സംവദിക്കുന്ന ആ ഹൃദയത്തിന്റെ ഭാഷയായിരിക്കാം എന്നെ റിയല്‍ എഫ്എമ്മിലേക്കടുപ്പിച്ചത്. കാതോടു കാതോരം പോലെ, ആര്‍കെയുടെ കിന്നാരങ്ങള്‍ പോലെയുള്ള  പരിപാടികള്‍ ശ്രോതാക്കളെ വെറും ഉപഭോക്താക്കളായല്ല കാണുന്നത്; മറിച്ച്‌  അവരെ വികാരവും വിചാരവും വേദനകളും നൊമ്പരങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളുമുള്ള  മനുഷ്യരായാണ്. ഉപഭോക്തൃ സംസ്കാരത്തില്‍ ആകൃഷ്ടരായ, ആധുനിക ലോകത്തെ അടിച്ചുപൊളികള്‍ മാത്രമറിയുന്ന മറ്റു എഫ്എം ചാനലുകളില്‍നിന്നു ആകാശവാണി റിയല്‍ എഫ്എമ്മിനെ വ്യത്യസ്തമാക്കുന്നതും തുറന്ന സമീപനത്തിന്റെ, നിഷ്കളങ്കതയുടെ, മനുഷ്യത്വത്തിന്റെ ഈ മുഖമാണ്.
           
             ശ്രോതാക്കളുടെ കത്തുകളും ഫോണ്‍ വിളികളും കേട്ട എന്റെ സഹയാത്രിക ഒരിക്കല്‍ എന്നോട് ന്യായമായും ആര്‍ക്കും തോന്നിപ്പോകാവുന്ന ഒരു സംശയം ചോദിച്ചു: ഇതൊക്കെ സത്യത്തില്‍ ഉള്ളതാണോ, അതോ നമ്മളെ പറ്റിക്കാനാണോ എന്ന്. ആകാശവാണി ഇന്ന് ദിവസവും കേട്ടുകൊണ്ടിരിക്കുന്ന പലര്‍ക്കും തുടക്കത്തില്‍ തോന്നിയിരിക്കാവുന്ന ഒരു സംശയം. പിന്നെപ്പിന്നെ തീര്‍ച്ചയാകുന്നു: ഈ ഫോണ്‍ വിളിക്കുന്ന, കത്തുകള്‍ എഴുതുന്ന എല്ലാവരും  എല്ലും ഇറച്ചിയുമുള്ള യഥാര്‍ത്ഥ മനുഷ്യജീവികള്‍ തന്നെ. അതില്‍ കൂടുതലും തയ്യല്‍ തൊഴിലാളികള്‍,  തെങ്ങുകയറ്റക്കാര്‍, ബേക്കറി പണിക്കാര്‍,  ടാപ്പിംഗ് തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍  തുടങ്ങിയ സാധാരണക്കാരായ നാട്ടിന്‍പുറത്തുകാര്‍!
                   
              വേറെ പലരും വേദന തിന്നുജീവിക്കുന്ന, എന്തിനും ഏതിനും പരസഹായം ആവശ്യമുള്ള, ജീവിതത്തില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട  നിത്യരോഗികള്‍; അവര്‍ക്ക് റേഡിയോ ആണ് ഏക വിനോദം, പുറംലോകത്തെ അറിയാനുള്ള ഏക ആശ്രയം! പലരും വേദന മറന്നു രാത്രി കഴിച്ചുകൂട്ടുന്നത് നാളെ പുലരുമ്പോള്‍ റേഡിയോ തനിക്കു കൂട്ടുണ്ടല്ലോ, അതിലൂടെ ആര്‍കെ മാമനും കൂട്ടരും തന്നെ സമാധാനിപ്പിക്കാന്‍, ആശ്വസിപ്പിക്കാന്‍ എത്തുമല്ലോ എന്ന പ്രതീക്ഷയിലാണ്!! ഇക്കഴിഞ്ഞ ചില ദിവസങ്ങളില്‍ സമരം കാരണം റേഡിയോ പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് റേഡിയോ കേടുവന്നു എന്നുകരുതി റിപ്പയറിനു കൊണ്ടുപോയ പലരുമുണ്ട്; അതിശയോക്തിയല്ല.. സത്യം.
            
                 ഇതൊന്നും അതിശയോക്തിയല്ലെന്നറിയാന്‍ ഒരിക്കലെങ്കിലും നിങ്ങളുടെ റേഡിയോയില്‍ 103.6 MHz-ല്‍  കോഴിക്കോട് ആകാശവാണി Real FM ട്യൂണ്‍ ചെയ്ത് അരമണിക്കൂര്‍ ഒന്ന് ശ്രദ്ധയോടെ കേട്ടുനോക്കുക: പത്തനാപുരത്ത്നിന്ന് അസീസ്‌ വിളിക്കും, അരീക്കോട് നിന്ന് മുംതാസ്, കോടഞ്ചേരിയില്‍ നിന്നും ചിന്നമ്മ, ഗൂഡല്ലൂര് നിന്നും രഞ്ജി എന്ന പതിനെട്ടുകാരി പെണ്‍കുട്ടി... അങ്ങനെ എത്രയെത്ര ഹതഭാഗ്യര്‍!..! അസീസ്‌ വിളിക്കാത്ത ദിവസമില്ല, ദേഷ്യപ്പെടാന്‍ കഴിയില്ല, കിടന്ന കിടപ്പില്‍ നിന്നെഴുന്നെല്‍ക്കാന്‍ കഴിയാത്തയാളാണ്. കഴിഞ്ഞ ദിവസം  ബാബു എന്നൊരാള്‍, റേഡിയോയിലൂടെ പരിചയപ്പെട്ട മുംതാസിനെ കാണാന്‍ ചെന്ന കാര്യം പറഞ്ഞു. അസീസിനെ കണ്ടപ്പോള്‍, ആര്‍കെ മാമന്‍ കാണാന്‍ ചെന്നിരുന്നു എന്നും അദേഹത്തിന്റെ ഒരു ഫോട്ടോ അസീസിന് കൊടുത്തു എന്നും പറഞ്ഞു.
                       
                ഇങ്ങനെ ആശ കൈവെടിഞ്ഞ കുറെയേറെപ്പേരുടെ ജീവിതത്തിനു നിറം പകരുന്നത് ഇന്ന് ആകാശവാണി റിയല്‍ എഫ്എമ്മാണ്. അവര്‍ റിയല്‍ എഫ് എമ്മുമായി തങ്ങളുടെ ജീവിതം പങ്കുവെക്കുന്നു,  മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിയുന്നു, പരസ്പരം ഫോണ്‍ ചെയ്യുന്നു, സംസാരിക്കുന്നു. ഇത്തരം ഒരു വലിയ നെറ്റ്‌വര്‍ക്ക് തന്നെയുണ്ട് റിയല്‍ എഫ്എം ശ്രോതാക്കളുടെ! ഇവരുടെ പ്രശ്നങ്ങള്‍ റേഡിയോയിലൂടെ കേട്ടറിയുന്ന അനേകം പേര്‍ അന്വേഷിച്ചു ചെല്ലുന്നു, ആശ്വസിപ്പിക്കുന്നു, കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നു. 
                 
               ഇവരോരോരുത്തരും റേഡിയോ അവതാരകരോട് സംസാരിക്കുന്നത് സ്വന്തം സഹോദരന്‍ അല്ലെങ്കില്‍ സുഹൃത്ത് എന്ന നിലയ്ക്കാണ്. ആര്‍കെയും കുര്യന്‍ സാറും ഉണ്ണികൃഷ്ണന്‍ ചേട്ടനും പ്രീതചേച്ചിയും പലര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ ആണ്. ആര്‍കേയുടെയൊക്കെ ഓര്‍മയും അപാരമാണ്: ചിലര്‍ വിളിച്ച ദിവസവും അവരുടെ കുടുംബവിശേഷങ്ങളും  വരെ ഓര്‍മ വെച്ച് തിരിച്ചു ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ മിഴിച്ചിരുന്നു പോകും!  ആര്‍കെ മാമന്‍ പാറയും പുഴയും കടന്നു തങ്ങളുടെ കുടില്‍ തേടിവന്ന ദിവസം നാലുവര്‍ഷങ്ങള്‍ക്ക് ശേഷവും ചിന്നമ്മയും സോമനും മറന്നിട്ടില്ല. ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ പേനയെടുത്ത് എഴുതാന്‍ വരുമ്പോഴേക്ക് മറന്നിരിക്കും, പക്ഷേ ഇത്ര കാലമായിട്ടും ആ തിയ്യതി ചിന്നമ്മ മറന്നിട്ടില്ല. 'അതെന്താ അങ്ങനെ?!' എന്നാര്‍കെ ചോദിച്ചപ്പോള്‍ ചിന്നമ്മ: "അതങ്ങനെയാ സാറേ..!!" 'ആ സാറ് കാടും മലയും കടന്നിവിടെവരെ വന്നില്ലേ' എന്ന് സോമന്‍ ചേട്ടന്റെ അമ്മ എപ്പോളും പറയുമത്രേ! ചിന്നമ്മയും സോമനും രോഗികളാണ്; വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച സോമന് ഭാരിച്ച ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, ചിന്നമ്മയാണെങ്കില്‍ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിവരുന്ന അസുഖം കാരണം തീരെ കിടപ്പാണ്.
                    
                കഴിഞ്ഞ ദിവസം വിളിച്ച രഞ്ജി എന്ന പെണ്‍കുട്ടി കണ്ണ് നനയിച്ചു. ഗൂഡല്ലൂര് നിന്നാണ് അവള്‍ വിളിച്ചത്. ഹൃദയത്തില്‍ വെള്ളം നിറയുന്ന അപൂര്‍വരോഗവുമായി മരണത്തെ മുഖാമുഖം കാണുന്ന അമ്മയും ഈ പതിനെട്ടുകാരി പെണ്‍കുട്ടിയും ജീവിതത്തില്‍ തനിച്ചാണ്. ഒരു ആണിന്റെ തന്റേടത്തോടെ, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടെ അവള്‍ സ്വന്തം മാതാപിതാക്കളെ ഇത്ര കാലം ശുശ്രൂഷിച്ചു. ഹൃദ്രോഗിയായിരുന്ന ചാച്ചന്‍ (അച്ഛന്‍) കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മരിച്ചു. ഇപ്പോളിതാ അമ്മയും മരണത്തെ കാത്തു കഴിയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പറഞ്ഞയച്ചത്രേ, ഇനി ചികിത്സ വേണ്ട! കൂടുതല്‍ ദൂരം താങ്ങികൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ റോഡരികിലുള്ള ഒരു അയല്‍ക്കാരന്റെ വീട്ടില്‍ അമ്മയെ കിടത്തിയിരിക്കുകയാണ്. ഹൃദയത്തില്‍ വെള്ളം നിറഞ്ഞു ശരീരം മുഴുവന്‍ ചീര്‍ത്തിരിക്കുന്നു. രഞ്ജിയുടെ ഏക സഹോദരന്‍ തിരിഞ്ഞു നോക്കുന്നില്ല. എങ്കിലും തന്നെക്കാള്‍ നന്നായി തന്റെ അമ്മയെ നോക്കുന്നു എന്നവള്‍ പറയുന്നു. ആ അയല്‍ക്കാരോട് അത്യധികം നന്ദി പറയുന്നു. കുറേ നേരം ധൈര്യം ഭാവിച്ചു സംസാരിച്ചുവെങ്കിലും ഇടയ്ക്കൊന്നവള്‍ ഇടറിപ്പോയി, ആര്‍കേയ്ക്കു വരെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയായി. ആര്‍കെ അവള്‍ക്കൊരു പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു, ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചു പ്രാര്‍ഥിക്കാന്‍ അവളെ ഉപദേശിച്ചു. "വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ ദിവ്യസ്വരൂപനെ.." എന്ന് തുടങ്ങുന്ന ഗാനം കേള്‍പ്പിക്കാന്‍ ഇതിലും അനുയോജ്യമായ സന്ദര്‍ഭമേതാണ്!
                   
              അതിനുശേഷം ഫോണ്‍ ചെയ്ത  താമരശേരിക്കാരി ഷമീനയും ശാരീരിക വൈകല്യങ്ങള്‍ ഉള്ളയാളാണ്. പക്ഷേ അവള്‍ പറഞ്ഞത്, രഞ്ജിയെയും   മറ്റും വെച്ചുനോക്കുമ്പോള്‍ താന്‍ ഭാഗ്യം ചെയ്തവള്‍ തന്നെ ആണെന്നാണ്. ഇങ്ങനെ ചിന്തിക്കാന്‍ അവളെ പ്രാപ്തയാക്കിയത് അവളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല, റേഡിയോയിലൂടെ അവള്‍ അറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. 
                    
              പലപ്പോഴും പരിപാടികളിലേക്ക് വിളിക്കണം എന്ന് കരുതും. പക്ഷേ, എന്തു പറഞ്ഞു വിളിക്കും: ഞാന്‍ തിന്നും കുടിച്ചും മദിച്ചു മതിമറന്നു ജീവിക്കുന്ന ഒരു കോളേജ് പ്രൊഫസ്സറാണെന്നു പറഞ്ഞോ?! ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന് വേണ്ടിയാണല്ലോ ദിവസവും ഇരുപത്തിനാല് മണിക്കൂറും തെപ്പാംകൂത്തും പാട്ടുമായി മാങ്ങയും ചക്കയും എഫ്എം നടത്തുന്നത്! ആര്‍കേയെയോ ആകാശവാണിയിലെ മറ്റു അവതാരകരെ ആരെയെങ്കിലുമോ ഞാന്‍ അറിയില്ല, കണ്ടിട്ടില്ല. പക്ഷേ അവരുടെ മനുഷ്യസ്നേഹം ഞാന്‍ അറിയുന്നു, അതിലൂടെ ആകാശവാണിയെ അറിയുന്നു.  ആകാശവാണിയുടെ അറുപതാം വര്‍ഷത്തില്‍ ഇതെന്റെ ഒരെളിയ സ്നേഹാര്‍ച്ചന!                       
                     
              തനിക്കും കേട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും പുറമേ കുറച്ചുപേര്‍ കൂടി ഈ ലോകത്തുണ്ട് എന്നറിയാന്‍, നാമെന്തു പുണ്യം ചെയ്തിട്ടാണ് ദൈവം ഈ ഭാഗ്യജന്മം നമുക്ക് നല്‍കിയതെന്ന് ആശ്ചര്യം കൊള്ളാന്‍, ... അങ്ങിനെ സ്വപ്നലോകത്ത് നിന്ന് താഴെയിറങ്ങാന്‍  ഇടയ്ക്കൊക്കെ  റിയല്‍ എഫ്എം ഒന്ന് കേള്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.


9 comments:

  1. ആകാശവാണിയുടെ അറുപതാം വര്‍ഷത്തില്‍ ഇതെന്റെ ഒരെളിയ സ്നേഹാര്‍ച്ചന!

    ReplyDelete
  2. ഇത് വരെ കേട്ടില്ലെലും{ചെറുപ്പം മുതലേ വിദേശത്ത് ആണ് } നിങ്ങളുടെ ഈ ലേഖനം വായിച്ചപ്പോ ഞാനും ആകാശവാണിയുടെ ഒരു അനുഭാവി ആയി മാറി ..ഇത്ര പേര്‍ക്ക് ആശ്വാസം നല്‍കുന്ന വേറെ ഇതു റേഡിയോ ആണ് ഉള്ളത് ???...എപ്പോഴും കുറെ ടാപ്പാന്‍‍ കൂത്ത്‌ പാട്ടും വെച്ച് കുറെ പെന്പില്ലെരു വായില്‍ വന്നത് വിളിച്ചു കൂവുന്ന ഒന്നാണ് റേഡിയോ എന്നാണ് ഞാന്‍ ഇത്ര കാലവും നിനചിരുന്നത്....

    പുല്‍ച്ചാടി,"പലപ്പോഴും പരിപാടികളിലേക്ക് വിളിക്കണം എന്ന് കരുതും. പക്ഷേ, എന്തുപറഞ്ഞു വിളിക്കും: ഞാന്‍ തിന്നും കുടിച്ചും മദിച്ചു മതിമറന്നു ജീവിക്കുന്ന ഒരു കോളേജ് പ്രൊഫസ്സരാണെന്നു പറഞ്ഞോ?!..എത്ര സത്യമാണ്..എന്നിട്ടും നമുക്ക് ജീവിതത്തില്‍ ഒരു സന്തോഷവും ഇല്ല..അവരുടെ പ്രശ്നത്തിന്റെ നൂറില്‍ ഒരമ്ഷമെങ്ങാന്‍ നമുക്കായിരുന്നെന്കില്‍ കാണാമായിരുന്നു ....................

    പുല്‍ച്ചാടി ,കമെന്റ്റ്‌ വലിപ്പം കൂടിപ്പോയി സോറി ..വായിച്ചപ്പോ മനസ്സില്‍ വന്നത് അങ്ങ് എഴുതിയതാ ...എനിവേ താങ്ക്സ് ..

    ReplyDelete
  3. ഫൈസൂ, ഞാന്‍ കാരണം ഒരാളെങ്കിലും റിയല്‍ എഫ്എം ഫാന്‍ ആയല്ലോ, സന്തോഷം!
    കമന്റുകള്‍ നീളുന്നതു തന്നെയാണെനിക്കിഷ്ടം, പലപ്പോഴും പോസ്റ്റുകളേക്കാളധികം കമന്റുകളിലൂടെയാണു നമ്മള്‍ കാര്യങ്ങള്‍ പറയുന്നത്!

    ReplyDelete
  4. nice topic profsr..
    before i used to listen radio programs..

    ReplyDelete
  5. പ്രൊഫസ്സര്‍ എന്നൊന്നും വിളിച്ച് മക്കാറാക്കല്ലേ ന്റെ ജാസ്മിക്കുട്ട്യേ, അതൊക്കെ ഒരു ജാഡയ്ക്ക് പറയുന്നതല്ലേ!

    ReplyDelete
  6. Oh.. went back to those days... Vividhabarathi! rathrikalil pattu ketturangum.. TV undayirunnenkilum vishesh jayamala, fauji bhayiyon ke liye.... ravileyanu ariyuka radio off cheyyan marannirunnu ennu!!! batterykalethrayennam adichu poyi!

    ReplyDelete
  7. നിഷേച്ചീ, എന്റെയും കാര്യം അങ്ങനെത്തന്നെ; അന്നത്തെ ആ നാഷണല്‍ പാനസോണിക്ക് ടേപ്പ് റെക്കോര്‍ഡറിനു എന്തു സംഭവിച്ചു എന്നറിയില്ല.
    അല്ലാ, ഈയിടെയായി ആനമങ്ങാട് വിശേഷങ്ങള്‍ ഒന്നും കാണാനില്ലല്ലോ, എന്തുപറ്റി?!

    ReplyDelete
  8. A mail received from my friend Dr. Anoop Das dasksa@gmail.com:

    Dear,
    Your write up on radio was excellent
    my radio memories Air dropped me to Silent valley…
    By evening there will be soft mist spreaded over the forest station!
    Solar lights will try to work for another one more hour…
    The radio from kitchen will be the only one sound along the Malabar whistling trush, in the valley…
    All the base camps will wait for the radio opening time
    Radio will talk : “Schoolil pokum jhangal”

    ReplyDelete
  9. റേഡിയോ ഏഷ്യയുടെ പാര്‍ട്ടിദാസ്യം
    (വ്യാജവാര്‍ത്ത‍ സൃഷ്ടിക്കുന്ന വിധം)
    http://chuvadu.blogspot.com/2012/07/blog-post.html

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails