Monday, March 15, 2010

ആണവബാധ്യതാ ബില്‍ ഉയര്ത്തുന്ന ചോദ്യങ്ങള്‍

ഓര്‍മ്മയുണ്ടോ മന്‍മോഹന്‍ സിംഗിന്റെ ചിരിയെപ്പറ്റി ഞാനന്ന് പറഞ്ഞത്? അതാണ്‌ കാക്കാ ചിരി, ആളെ പറ്റിച്ച ചിരി! അമേരിക്കാന്നും കോപ്പ്ന്നും പറഞ്ഞ് ആണവകരാറിന്റെ പേരില്‍ അയ്യാള് ഇന്ത്യക്കാരെ മുയുമ്മനും മോയന്താക്കേയ്നുംന്നു ഇപ്പം തിരിഞ്ഞ്ക്കാ?! 
                 കഴിഞ്ഞയാഴ്ച തിരക്കിട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 36 ബില്ലുകളില്‍ ഒന്ന് മാത്രമാണ്  ആണവ അപകട ബാധ്യതാബില്‍  (Civil Liability for Nuclear Damage Bill). സാമൂഹിക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളുമൊക്കെ അന്തംവിട്ടിരുപ്പാണ്, ഈ ബില്ല് പാസ്സാക്കാനുള്ള ഗവണ്മെന്റിന്റെ തിരക്ക് കണ്ടിട്ട്. വനിതാ സംവരണ ബില്‍ പാസ്സാക്കാനുണ്ടാക്കിയ ബഹളവും പ്രതിപക്ഷ-ഭരണപക്ഷ സഹകരണവുമൊക്കെ ഒരു പുകമറ സൃഷ്ടിക്കലായിരുന്നോ എന്ന് ന്യായമായും സംശയം തോന്നിപ്പോകുന്നു.
          എന്താണീ ബില്‍ എന്ന് തോന്നാം: ഇന്ത്യാ -അമേരിക്ക ആണവ സഹകരണകരാറിന്റെ ഭാഗമാണിത്. കരാറിന്റെ ഭാഗമായി അമേരിക്കയിലെ സ്വകാര്യ ആണവറിയാക്ടര്‍ ഉല്‍പാദകര്‍, ഇന്ത്യയില്‍ പൊതു/ സ്വകാര്യമേഖലകളില്‍ ആരംഭിക്കാന്‍ പോകുന്ന ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് റിയാക്ടറുകള്‍ സപ്പ്ലൈ ചെയ്യും. ഇങ്ങിനെ ആരംഭിക്കുന്ന ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ വല്ല അപകടവും സംഭവിച്ചാല്‍ ആര് സമാധാനം പറയും? ഈ ചോദ്യത്തിനുത്തരമാണ്  ആണവ അപകട ബാധ്യതാ ബില്‍! ഈ ബില്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ സഹകരണം സ്വാഹ!!
      ബില്ലിന്റെ ആകെത്തുക ഇത്രയേ ഉള്ളൂ: ദുരന്തങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആളുകള്‍ ആയിരിക്കും. റിയാക്ടര്‍ നിര്‍മിച്ചു നല്‍കിയ അമേരിക്കന്‍ കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. നഷ്ടപരിഹാരത്തിന്റെ പരമാവധി അളവും ബില്ലില്‍ പറയുന്നുണ്ട്: 2385 കോടി രൂപ. പവര്‍ പ്ലാന്റ് നടത്തുന്ന സ്ഥാപനം നല്‍കേണ്ട പരമാവധി നഷ്ടപരിഹാരം 500 കോടി രൂപയായിരിക്കും. ബാക്കി തുക ഇന്ത്യന്‍ ഗവണ്മെന്റ് വഹിക്കണം.  യുദ്ധം, പ്രകൃതി ദുരന്തം, തീവ്രവാദി ആക്രമണം എന്നിവ മൂലമോ, ഒരു വ്യക്തിയുടെ സ്വന്തം അശ്രദ്ധ മൂലമോ, മുമ്പെങ്ങുമില്ലാത്ത ഒരു ദേശീയ ദുരന്തം (Gross National Disaster of Exceptional Character) എന്ന നിലയിലോ ആണ് അപകടം സംഭവിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എല്ലാ നഷ്ടപരിഹാര അവകാശവാദങ്ങളും സംഭവം നടന്നു പത്തു വര്‍ഷത്തിനുള്ളില്‍ വേണം താനും! അപകടകരമായ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള ഒരു വ്യക്തിയുടെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ ബില്‍. ഈ വിഷയത്തില്‍ പൗരന്റെ മൗലികമായ അവകാശം ഉറപ്പാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കേയാണിത്‌ എന്നതാണ് വിരോധാഭാസം!
          അമേരിക്കയില്‍ അവിടത്തെ സര്‍ക്കാര്‍ നിരുല്സാഹപ്പെടുത്തുന്ന  രണ്ടാംകിട ആണവോര്‍ജ്ജ സാങ്കേതിക വിദ്യ ചെലവാക്കാന്‍ വേണ്ടിയായിരുന്നു ആണവകരാര്‍ എന്നത് തുടക്കം മുതലേയുള്ള വിമര്‍ശനമാണ്. അമേരിക്കന്‍ സാമ്രാജ്യത്തം അവരുടെ സ്വകാര്യ കുത്തകകള്‍ക്ക് പഴകിയ ആണവ റിയാക്ടറുകള്‍ ഇന്ത്യയെ പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് വിറ്റുകാശാക്കാന്‍ വേണ്ടി ഒരുക്കിയ ഒരു നാടകം തന്നെ ആയിരുന്നു ആണവ ഉപരോധവും തുടര്‍ന്നുള്ള സഹകരണകരാറും എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ദുരന്തങ്ങള്‍ അനിവാര്യമാണെന്ന് അവര്‍ക്കറിയാം, അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നെങ്ങനെ ഒഴിഞ്ഞു മാറാം എന്നു മാത്രമാണ് നോട്ടം. ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂക്ലിയാര്‍ പവര്‍ കോര്‍പറേഷന്‍ ആണ്. നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത ഭാരതസര്‍ക്കാരിനും അതുവഴി ഇന്ത്യയിലെ ഓരോ പൗരനും ആയിരിക്കും എന്നു സാരം! രണ്ടു ദശാബ്ദം മുന്പ്, അതായത് 1984-ല്‍ സംഭവിച്ച ഭോപാല്‍ ദുരന്തത്തിന് നഷ്ടപരിഹാരമായി നിശ്ചയിക്കപ്പെട്ടത് 2250 കോടി രൂപയാണ് എന്നോര്‍ക്കണം. ആ തുക ഇതുവരെ എത്തേണ്ട കൈകളില്‍ എത്തിയില്ല എന്നത് മറ്റൊരു വസ്തുത.  അമേരിക്കയിലെ സ്ഥിതി വ്യത്യസ്തമാണ് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു: അവിടെ സ്വകാര്യകമ്പനികള്‍ക്കും ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ട്, ദുരന്തങ്ങള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാര ബാധ്യത 10 ബില്ല്യന്‍ ഡോളറില്‍ കൂടുതലാണെങ്കില്‍ മാത്രമേ (കൂടുതല്‍ വരുന്ന തുക) സര്‍ക്കാര്‍ ഏറ്റെടുക്കുകയുള്ളൂ. ഇതുതന്നെ കാലാകാലങ്ങളില്‍ പണപ്പെരുപ്പ നിരക്കനുസരിച്ച് പുതുക്കി നിശ്ചയിക്കപ്പെടും.
            ഭോപാല്‍ വാതക ദുരന്തത്തേക്കാള്‍ എത്രയോ ഭീകരമായിരിക്കും (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ!) ഒരു ആണവ കേന്ദ്രത്തിലുണ്ടാകുന്ന അപകടത്തിലെ കെടുതികള്‍. 2020-ഓടെ ആണവോര്‍ജത്തില്‍ നിന്ന്  25000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 17 ആണവ നിലയങ്ങളെല്ലാം കൂടി  ഉത്പാദിപ്പിക്കുന്നത് 4120 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്.  ഈ കണക്കു പ്രകാരം 25000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍  ചുരുങ്ങിയത് 100 ആണവ നിലയങ്ങളെന്‍കിലും വേണ്ടിവരും! ആണവകരാര്‍ പൂര്‍ണമായും നടപ്പിലായിക്കഴിഞ്ഞ് ഭാരതത്തില്‍ അങ്ങോളമിങ്ങോളം ആണവ നിലയങ്ങള്‍ ഉയര്‍ന്നുവരുന്ന ദൃശ്യം ഒന്ന് ചിന്തിച്ചുനോക്കൂ! കഴിഞ്ഞയാഴ്ച റഷ്യയുമായും ഒപ്പിട്ടു ഇന്ത്യ ഒരു കരാര്‍. അതുപ്രകാരം റഷ്യ ഇന്ത്യയില്‍ പുതിയ പന്ത്രണ്ടു ആണവനിലയങ്ങള്‍ എങ്കിലും സ്ഥാപിക്കും; അവയ്ക്കും ഈ നിയമം ബാധകമായിരിക്കുമല്ലോ! ചെര്‍ണോബില്‍ നിലയത്തിലുണ്ടായ ദുരന്തം റഷ്യ ഇനിയും മറന്നുകാണാന്‍ വഴിയില്ല.
         അവകാശവാദം ഉന്നയിക്കാനുള്ള സമയപരിധിയെപ്പറ്റിക്കൂടി പറയട്ടെ: ഭോപാല്‍ ദുരന്തം നടന്നു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, 2009-ല്‍ നടത്തിയ ഒരു പഠനത്തില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിക്ക്  മൂന്നു കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ പോലും ഭൂഗര്‍ഭ ജലത്തില്‍ മനുഷ്യന് ഹാനികരമായതിന്റെ 38.6 മടങ്ങ്‌ കൂടുതല്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.   ബിബിസി നടത്തിയ ഒരു പഠനത്തില്‍ ഫാക്ടറിക്കടുത്തുള്ള  ഒരു കുഴല്‍ക്കിണറിലെ വെള്ളത്തില്‍ അനുവദനീയമായതിലും 1000 മടങ്ങ്‌ കാര്‍ബണ്‍ ടെട്രാ ക്ലോറൈഡിന്റെ (കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസപദാര്‍ത്ഥം) അംശം കണ്ടെത്തി. ചെര്‍ണോബില്‍ ആണവ റിയാക്ടറില്‍ നിന്നുള്ള അണുപ്രസരണം യൂറോപ്പ് മുഴുവന്‍ വ്യാപിച്ചിരുന്നു. ഹിരോഷിമയില്‍ നടന്ന ആണവവിസ്ഫോടനത്തിനേക്കാള്‍ നാന്നൂറിരട്ടി അണുവികിരണം ആണ് ചെര്‍ണോബില്‍ നിലയത്തില്‍ നിന്ന് പുറത്തുവന്നത്. ഇന്നും അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ പലതരം കാന്‍സറുകളും മറ്റു രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നു. വെറും പത്തുവര്‍ഷങ്ങള്‍ കൊണ്ട് മനസ്സിലാക്കാവുന്നതാണോ ഒരു ആണവ ദുരന്തത്തിന്റെ വ്യാപ്തി? 
       തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് കൂടുതലായും ആണവോര്‍ജ്ജത്തെ ആശ്രയിച്ചിരുന്ന വികസിത രാജ്യങ്ങളെയെല്ലാം തന്നെ എന്നും അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു ആണവ മാലിന്യത്തിന്റെ നിര്‍മാര്‍ജനം. ആണവോര്‍ജത്തില്‍നിന്ന് ലഭിക്കുന്ന ലാഭത്തോളമോ അതിലധികമോ ഈ മാലിന്യം നശിപ്പിക്കാന്‍ ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് വസ്തുത. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ത്രീ മൈല്‍ ഐലന്ഡ് എന്ന ആണവ നിലയം 1979-ലെ ദുരന്തത്തിന് ശേഷം ശുദ്ധീകരിക്കാന്‍ 14 വര്‍ഷവും ഒരു ബില്ല്യന്‍ യുഎസ് ഡോളറും (ഏകദേശം 4600 കോടി രൂപ) വേണ്ടി വന്നു.  കാനഡയിലെ പ്രതിരോധ ഗവേഷണ സ്ഥാപനം ടൊറന്റോയില്‍  ഒരു  ചെറിയ ആറ്റം ബോംബ്‌ പൊട്ടിയാലുള്ള അവസ്ഥയെക്കുറിച് 2007-ല്‍ ഒരു പഠനം നടത്തി. അണുവികിരണം മുഴുവനായും തുടച്ചുനീക്കാന്‍ 250 ബില്ല്യന്‍ ഡോളര്‍ വേണ്ടിവരും എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതിനെല്ലാം പുറമെയാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആണവ നിലയങ്ങളില്‍ നിന്നുള്ള സ്ഥിരമായ വികിരണത്തിന്റെ പ്രശ്നം. എല്ലാത്തിനുമുള്ള ചെലവ് വഹിക്കേണ്ടതോ, ഇന്ത്യന്‍ സര്‍ക്കാരും പാവം നികുതിദായകനും! ഈ ബില്ലിനെ "ആണവ ദുരന്ത ബാധ്യതാ ബില്‍" എന്നോ "ആണവ ദുരന്ത സാധ്യതാ ബില്‍ " എന്നോ വിളിക്കേണ്ടത്?! 
           അമേരിക്കയുമായുള്ള കരാറിലുള്ള വ്യവസ്ഥകള്‍, ഏതവസരത്തിലും ആണവഇന്ധന വിതരണം നിര്‍ത്തിവച്ച് ഇന്ത്യയുടെ ആണവപദ്ധതികളെ കുഴപ്പത്തിലാക്കാന്‍ കഴിയുന്ന തരത്തിലാണ്.  ഇനി മേലാല്‍ ഇന്ത്യ ആണവപരീക്ഷണം നടത്താന്‍ പാടില്ല എന്നു നിഷ്കര്‍ഷിക്കുന്ന അമേരിക്ക പക്ഷേ, ആണവ ഇന്ധന പുനഃസംസ്കരണത്തിനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാകുന്നുമില്ല. ഈ ബില്‍ നിയമമാകുന്നതോടെ, ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനുള്ള ബാധ്യതയില്‍ നിന്ന് അമേരിക്കയ്ക്ക് തടിയൂരാം!
           ഇന്ത്യയുമായി അമേരിക്കയുണ്ടാക്കിയ ആണവ സഹകരണ കരാര്‍ നിലവില്‍ വന്നത് 2008 ഒക്ടോബര്‍ ഒന്നിന് കരാര്‍ അമേരിക്കന്‍ സെനറ്റ് പാസ്സാക്കിയപ്പോഴാണ്.  ഇന്ത്യയിലെ സ്ഥിതി മറിച്ചാണ്: പരിസ്ഥിതി മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും ശക്തമായ എതിര്‍പ്പുകള്‍ വകവെക്കാതെ 2009 നവംബര്‍ 19-നു തന്നെ ബില്‍ യഥാര്‍ത്ഥ രൂപത്തില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയാണുണ്ടായത്. ഒരുപക്ഷേ, അമേരിക്കന്‍ ന്യൂക്ലിയാര്‍ കമ്പനികള്‍ തന്നെ എഴുതിയുണ്ടാക്കിയ ആണവ ബാധ്യതാബില്‍, ഇതുവരെ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വെച്ചിട്ടില്ല എന്നതാണ് സത്യം. ഇന്‍ഡോ-അമേരിക്കന്‍ ആണവ സഹകരണത്തിലൂടെ തുറന്നുകിട്ടുന്ന പുതിയ വ്യവസായ-വാണിജ്യ അവസരങ്ങള്‍ വിശകലനം ചെയ്യാന്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ വ്യവസായികളുടെ സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടെ പ്രസ്തുത ബില്ലിന്റെ കരട് അടക്കം ചെയ്തിരുന്നു എന്നത് മറ്റൊരു വിരോധാഭാസം!
            ഇന്ത്യയുടെ സമ്പത്തിനെയും സര്‍വോപരി ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും  ഇത്രയധികം ബാധിക്കുന്ന ഒരു ബില്‍  സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്തുകൊണ്ടോ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദരാണ്. രാഷ്ട്രീയക്കാരെല്ലാം വനിതാ സംവരണ ബില്ലിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നല്ലോ?! ഈ ബില്ലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ വേണ്ട അറിവോ പരിജ്ഞാനമോ ഉള്ള രാഷ്ട്രീയ നേതാക്കള്‍ നമ്മുടെയിടയില്‍ തുലോം കുറവാണെന്നും കാണാം.
        എന്തുകൊണ്ട് മാധ്യമങ്ങള്‍ നിശബ്ദരായിരിക്കുന്നു? രണ്ടു കാരണങ്ങളുണ്ടാകാം: ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മ. അതല്ലെങ്കില്‍ നിശബ്ദരായിരിക്കാന്‍ ആരൊക്കെയോ അവരെ വേണ്ടവിധത്തില്‍ സ്വാധീനിച്ചിരിക്കുന്നു. പേരുകേട്ട മാധ്യമകേസരികള്‍ അടരാടി മരിച്ചുവീണ ഈ മണ്ണില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവ് കുറവാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

5 comments:

 1. എന്തുകൊണ്ട് മാധ്യമങ്ങള്‍ നിശബ്ദരായിരിക്കുന്നു? രണ്ടു കാരണങ്ങളുണ്ടാകാം: ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മ. അതല്ലെങ്കില്‍ നിശബ്ദരായിരിക്കാന്‍ ആരൊക്കെയോ അവരെ വേണ്ടവിധത്തില്‍ സ്വാധീനിച്ചിരിക്കുന്നു. പേരുകേട്ട മാധ്യമകേസരികള്‍ അടരാടി മരിച്ചുവീണ ഈ മണ്ണില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവ് കുറവാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

  ReplyDelete
 2. Exactly. it has to be beleived that the issue is being sidelined intentionaly. Even though the national media has been comparatively more aggressive in reporting about the problems of the Bill, the Kerala media completely ignored it.

  In this context it would be worthwhile to remember the course of action taken by the government of India after bhopal gas tragedy. the government shamelessly approached the US court against UCC for compensation pleading that the libility jurisprudence in India is not developed enough to grant large amount of money as compensation to the victims. it was one of the few incidents ever recorded in history where the government of a country admitting that its judicial system is not competent to grant reliefs to its subjects. At that time the government approached the US court saying that the indian laws may not be helpful in establishing the liability of the company in a massive scale. Ironically through this Bill, the government is proposing to put a cap on the liability of the corporations.

  The government is more concerned about the Insurance coverage of these corporations than the victims. The proposed liability cap of INR 500cr translates to Ca. USD 100 million. That is approx 1.5% of the annual profits of E.ON. or 10% of annual profits of FirstEnergy. The government protects these corporations by taking the burden of compensation from their shoulders and putting it on the people of India who would be the victims of any nuclear mishap. One of the curious cases where the victim is made to compensate himself for the defect of a corporation!!

  I would like to point out that the Bill never curtails the right of the people to seek compensation for the damage. The people can very well seek compensation through court and the courts can grant compensation. But the Bill has put the burden to pay compensation on the government over and above 500 crores.

  ReplyDelete
 3. പണ്ടു൦ ഇങ്ങനെ ആയിരുന്നല്ലോ... വിദേശികള്‍ ഇവിടെ വരുമ്പോള്‍ പരസ്പരം തല്ലു കൂടുന്ന നാട്ടു രാജ്യങ്ങളായിരുന്നു ഇവിടെ. വിദേശികള്‍ ഇവിടം സമര്ഥമായി കീഴടക്കി. ഓര്‍ക്കുക, പിന്നീട് വര്‍ഷങ്ങളുടെ കഠിന പ്രയത്ന൦ വേണ്ടി വന്നു അവരെ ഇവിടെ നിന്ന് തുരത്താന്‍...
  താന്തോന്നിതം കാട്ടുന്ന ഗവണ്‍മെന്റ്‌, സാമൂഹ്യ പ്രഥിബധത ഇല്ലാത്ത രാഷ്ട്രീയക്കാര്‍, നാടിനെ വിഭജിക്കാന്‍ നടക്കുന്ന തീവ്ര വാദികള്‍, നക്സലുകള്‍, കൊള്ലക്കാര്‍, കള്ളന്മാര്‍, മതമേധാവികള്‍, ഇതിനൊക്കെ പുറമേ അതിനിവേശത്തിനായി വേമ്പുന്ന അമേരിക്ക... വീണ്ടും പഴയതെല്ലാം ആവര്‍ത്തിക്കുകയണോ എന്നൊരു സംശയം...
  പക്ഷേ ഇനി ഒരു ഗാന്ധിജിയ്ക്കോ നേഥാജിക്കൊ ഭഗത്സിംഗിണോ ഇവിടെ ചാന്‍സ്‌ ഇല്ല...

  ReplyDelete
 4. Reminds me of the philosophy of the villain in the movie 'Transporter 3':

  "There are no countries or nations in this new world order, there are just 'economic realities'. Only Efficiency and Waste. Think globally, not locally!"

  ReplyDelete
 5. Very well said... especially the comments...

  MMSingh is ruling for the big corporates... He is a wolf dressed in sheep's clothe. Well researched..I am happy and envious
  We rarely get to see the well researched bloggers....Keep it up

  ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails