Monday, April 22, 2013

ആമേന്‍....:(...:; അതുതന്നെ, അതുതന്നെ!!


ഉച്ചയ്ക്ക് നേരത്തെ തന്നെ ജോലി കഴിഞ്ഞു. വൈകുന്നേരം ടൌണില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനുണ്ട്. വീട് വരെ പോയി തിരിച്ചൊരു വരവ് ഉണ്ടാകില്ല. എന്നാല്‍ ശരി ഒരു പടം കണ്ടുകളയാം എന്ന് കരുതി. അറിഞ്ഞതില്‍ വെച്ച് നല്ല പടം "ഇമ്മാനുവല്‍" ആണ്. പക്ഷേ, എന്തോ ഒരു താല്പര്യക്കുറവ്; ഒരു വൈകാരിക കുടുംബ കഥ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം. തീവ്രവൈകാരികത ഇഷ്ടപ്പെടുന്ന ഒരു മൂഡിലായിരുന്നില്ല. വലിയ  ഒരു മമ്മൂട്ടി ആരാധകന്‍ ആയ ഞാന്‍ പോലും അദ്ദേഹത്തിന്റെ പടത്തിനെ വിമുഖതയോടെ  സമീപിക്കുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്റെ അവസ്ഥ എന്തായിരിക്കും? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതല്ലേ സൂപ്പര്‍ താരങ്ങള്‍ക്ക് നല്ലത്?!
           ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഇനിയെന്ത് ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവൃഥാമൂഡനായി പൊറ്റെക്കാട്ടിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ വിളി വന്നു, ഓട്ടോക്കാരന്റെ വിളി! പോരുന്നോന്നു ചോയ്ചാപ്പിന്നെ രണ്ടാമതൊന്നു ആലോചിക്കുന്ന ശീലം കോഴിക്കോട്ടുകാര്ക്കില്ലല്ലോ. പോട്ടെ വണ്ടി നേരെ കൈരളി ശ്രീയിലേക്ക്. അവിടെ എത്തിയപ്പോ ആമേനും കളിക്കുന്നത് അവിടെ തന്നെ, ശ്രീ തിയേറ്ററില്.
          മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ നല്ലത് ആമേന്‍ പോലുള്ള ഒരു ജോളി മൂഡ്‌ പടമാണല്ലോ എന്ന് കരുതി. തിയേറ്റര്‍ ഏകദേശം നിറയെത്തന്നെ ആളുണ്ട്. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടതിനാലായിരിക്കാം പടത്തെ പറ്റി വലിയ പ്രതീക്ഷകള്‍ ആയിരുന്നു. എന്തോ, എനിക്കൊന്നും തോന്നിയില്ല! ക്യാമറ കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്തവന്റെ കയ്യില്‍ അതുകൊടുത്ത പോലത്തെ ഷോട്ടുകള്‍, ഏതാണ്ട് കുറുക്കനു മുഴുവന്‍ തേങ്ങ കിട്ടിയ സ്ഥിതി! വേണ്ടതിനും വേണ്ടാത്തിടത്തും തീട്ടവും വളിയും മറ്റു കേട്ടാലറയ്ക്കുന്ന പദങ്ങളും!! അതുപിന്നെ പുതുതലമുറ ചിത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം ആണല്ലോ തെറി!
          പാട്ടുകള്‍ ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബഹളമയം എന്നുമാത്രമേ പറയാന്‍ കഴിയൂ.. അരോചകം എന്നും പറയാം. ഹാസ്യത്തിന്റെ അതിപ്രസരം മോഹിച്ചെത്തിയ എനിക്ക് മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ പറ്റിയ ഒരു സീന്‍ പോലും ഈ ചിത്രം നല്‍കിയില്ല. വളരെ ലളിതവും, കണ്ടു പഴകിയതുമായ ക്ലൈമാക്സ്‌ കൂടി ആകുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നു. പുണ്യാളന്മാരെ എത്ര തന്മയത്വത്തോടെ സിനിമയില്‍ അവതരിപ്പിക്കാം എന്ന് രഞ്ജിത്ത് നേരത്തെ നമുക്ക്‌ കാട്ടിതന്നതാണല്ലോ!
          ഫഹദ്‌ ഫാസില്‍ പക്ഷെ, നിരാശപ്പെടുത്തിയില്ല; സൂക്ഷ്മാഭിനയത്തിന്റെ ബാലപാഠങ്ങള്‍ മറ്റുപല നടീനടന്മാരും ഇയാളില്‍ നിന്ന് പഠിക്കുന്നത് നന്ന്. ഇന്ദ്രജിത്തും തന്റെ റേഞ്ച് വ്യക്തമാക്കി; എങ്ങനെ, ഏതു കോണില്‍ നിന്ന് നോക്കിയാലും ഒരേ ഭാവം വിടരുന്ന മുഖമുള്ള തന്റെ സഹോദരനിലും എത്രയോ മേലെയാണ് അഭിനയകലയില്‍ ഇദ്ദേഹം.
             അങ്ങനെ ഓരോരുത്തരായി നോക്കുമ്പോള്‍ ആരാണ് അഭിനയത്തില്‍ മോശം? 'മറിമായം' രചനയ്ക്ക്  തന്റെ തട്ടകം തിരിച്ചുകിട്ടിയ പ്രതീതി. ആദ്യചിത്രത്തില്‍  (ലക്കി സ്റ്റാര്‍ ) അവരുടെ അഭിനയം സ്വല്പം അമിതമായിരുന്നോ എന്ന് തോന്നിയിരുന്നു. നായികയും (സുബ്രഹ്മണ്യപുരം ഫെയിം) കലക്കി. എടുത്തുപറയേണ്ട വേറൊരു കഥാപാത്രം വില്ലത്തരം കൈമുതലാക്കിയ ഒറ്റപ്ലാക്കല്‍ അച്ചനാണ്,  അസ്സലായി ജോയ്‌ മാത്യു (ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ), ഇത്രയും പ്രതിഭാധനനായ നടന്‍ നിങ്ങളിലുണ്ടെന്നു ആരും നേരത്തെ അറിഞ്ഞില്ലല്ലോ! കപ്യാരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നു. നായികയുടെ അപ്പനായെത്തിയ നന്ദുവിനെ ഇനി കൂടുതല്‍ ചിത്രങ്ങളില്‍ ഇത്തരം റോളുകളില്‍ പ്രതീക്ഷിക്കാം എന്നാണെന്റെ തോന്നല്‍!..!.
              മ്യൂസിക്കല്‍ കോമഡി എന്നത് ഒരു പാശ്ചാത്യ ആശയമാണ്. ഈ ചിത്രത്തിന്റെ തീം ഒരു സെര്‍ബിയന്‍ ചിത്രത്തിന്റെതാണ് എന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. എനിക്കും ഈ ചിത്രം ആദിമധ്യാന്തം ഒരു അനുകരണമായെ തോന്നിയുള്ളൂ..  ലിജോ ജോസ് പെല്ലിശേരിക്ക് മുഴുവനായും കയ്യടക്കി വിജയിപ്പിക്കാന്‍ കഴിയാതിരുന്ന ഒരു അനുകരണം! എന്തായാലും രണ്ടു ദിവസം പട്ടിണി കിടന്നു സദ്യ കഴിക്കാന്‍ ചെന്നയാള്‍ക്ക് ചോറ് പൊതിക്ക് പകരം (ഈ സിനിമയില്‍ ആദ്യം കാണിക്കുന്ന) സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ അമേദ്യപ്പൊതി കൊടുത്ത അവസ്ഥ!
                  

4 comments:

 1. രണ്ടു ദിവസം പട്ടിണി കിടന്നു സദ്യ കഴിക്കാന്‍ ചെന്നയാള്‍ക്ക് ചോറ് പൊതിക്ക് പകരം (ഈ സിനിമയില്‍ ആദ്യം കാണിക്കുന്ന) സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ അമേദ്യപ്പൊതി കൊടുത്ത അവസ്ഥ!

  ReplyDelete
 2. !!!!! ആദ്യമായാണ് ആമേന് ഇങ്ങനെ ഒരു റിവ്യൂ

  ReplyDelete
 3. Nidhesh: ഇതൊരു റിവ്യൂ അല്ല എന്നാദ്യമേ പറയട്ടെ, എനിക്ക് തോന്നിയ കാര്യങ്ങള്‍ പറഞ്ഞു. Musical Comedy Extravaganza എന്നതില്‍ അവസാനത്തെ വാക്കിന് പത്തിരട്ടി പ്രാധാന്യം കൂടിയതാണ് ഞാന്‍ ഈ പടത്തില്‍ കണ്ടത്‌!.

  എനിക്കാരും കാശ് തന്നിട്ടില്ല!

  ReplyDelete
 4. എനിക്കും ഇതന്നെ തോന്നിയത്

  ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails