Wednesday, September 06, 2017

എന്നെ ഞാനാക്കിയ അധ്യാപകർ


"Best Teacher is the One Who Does Teach Not"

രംഗം 1: വര്‍ഷം 1984. പടിഞ്ഞാറെ നടക്കാവ് മാപ്പിള യൂപി സ്കൂൾ, കോഴിക്കോട് ജില്ല. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലമാണ്.. ഒരു ദിവസം ഉച്ചയ്ക്ക് ആരൊക്കെയോ പറയുന്നു: ഗാന്ധി മരിച്ചു (ഒറിജിനൽ ഗാന്ധി അല്ല എന്ന് കുറച്ചുകാലം കഴിഞ്ഞാണ് മനസ്സിലായത്). ഹെഡ് മാഷിന്റെ റൂമിന്റെ ജനലിക്കൂടെ നോക്കുമ്പോ ണ്ട് മാഷ് കരയുന്നു. വല്ല്യ ആണുങ്ങള് കരയുമോ?!

രംഗം 2: വര്‍ഷം 1986. പുലാമന്തോൾ തിരുനാരായണപുരം ഗവ. യുപി സ്കൂൾ, മലപ്പുറം ജില്ല. നാലാം ക്ലാസ്. മാഷുടെ പേരോർമയില്ല (രാജേഷ് എന്നാണെന്ന് തോന്നുന്നു). "നമ്മളെ കടിക്കുന്ന കൊതുകിനെ നമുക്ക് എളുപ്പം കൊല്ലാം. മനുഷ്യനു കൊതുക് എങ്ങനെയാണോ അതുപോലെയാണു ഒരു രാക്ഷസനു മനുഷ്യനും. എല്ലാ ജീവികളുടെയും ജീവൻ ഒരേ പോലെയാണ്, ഒരേ വിലയാണ്." ജീവന്റെ വില ഞാനറിഞ്ഞു.

രംഗം 3 & 4: വര്‍ഷം 1990 & 1993. മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ. ഹൈസ്കൂൾ, കോവൂർ, കോഴിക്കോട് ജില്ല. എട്ടാം ക്ലാസ്. സ്വർണപ്രഭ (ഗോൾഡ്) ടീച്ചറുടെ കണക്ക് ക്ലാസ്. ലാസ്റ്റ് ബെഞ്ചിൽ വില്ലന്മാരുടെ കൂടെ ഇരിക്കുന്ന ഞാൻ കണക്ക് ആദ്യം ചെയ്ത് തീർത്തെങ്കിലും ടീച്ചർ മൈൻഡ് ചെയ്യുന്നില്ല. എനിക്കത് വല്ല്യ വിഷമമായി. പിന്നെ കണക്ക് നേരത്തെ ചെയ്തുതീർന്നാലും ഞാൻ ടീച്ചറെ കാണിക്കാതായി. പിന്നീടെങ്ങനെയോ ടീച്ചർക്ക് മനസ്സിലായി ഞാൻ വഴിതെറ്റി ബാക്ക്ബെഞ്ചിൽ എത്തിയതാണെന്ന്. അതോടെ ടീച്ചര്‍ എന്നെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. പത്താം ക്ലാസ് പരീക്ഷയ്ക്ക് സ്കൂളില്‍ രണ്ടാമതായിപ്പോയ എനിക്കൊരു സമ്മാനം തരാന്‍ വേണ്ടി ടീച്ചര്‍ പുതിയൊരു അവാര്‍ഡ് തന്നെ സൃഷ്ടിച്ചു: പത്താം ക്ലാസില്‍ കണക്കിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള സമ്മാനം. ടീച്ചറുടെ വക പ്രീഡിഗ്രീ ഫസ്റ്റ് ഇയര്‍ മാത്സ് ടെക്സ്റ്റ് ബുക്ക്. പ്രീഡിഗ്രിക്ക് സെക്കണ്ട് ഗ്രൂപ്പ് എടുത്ത ഞാന്‍ ടീച്ചറുടെ സ്നേഹോപദേശത്തിനു വഴങ്ങി അഡീഷണല്‍ മാത്ത്സ് എടുത്തു.. ഭംഗിയായി തോറ്റ്!

രംഗം 5: വര്‍ഷം 1992. അതേ സ്കൂള്‍, ഒന്‍പതാം ക്ലാസ്. ഞങ്ങളുടെ പ്രിയപ്പെട്ട ട്രെയിനി മാഷ്‌ സലാം നടുക്കണ്ടി സാര്‍ ഹിസ്റ്ററി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. സാറിനന്നു നാല്പതിനു മുകളില്‍ പ്രായം കാണും. എനിക്ക് കണക്ക് കഴിഞ്ഞാല്‍ പ്രിയപ്പെട്ട വിഷയമാണ്. സമരം തുടങ്ങി. നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് സമരക്കാര്‍ ക്ലാസിനടുത്തെത്തിയാല്‍ ഞാന്‍ പുറത്തിറങ്ങണം. ധൈര്യം സംഭരിച്ച് എഴുന്നേറ്റു. പാളിനോക്കിയപ്പോള്‍ ഒരു ദയനീയ നോട്ടവുമായി സലാം സാര്‍. ഞാന്‍ സ്കൂള്‍ കാലഘട്ടത്തില്‍ പങ്കെടുത്ത ഏക സമരം. അന്ന് വൈകുന്നേരം വരെ ഹെഡ് മാഷിന്റെ മുറിക്ക് പുറത്തു തൊണ്ട പൊട്ടിച്ചിട്ടും ബെല്ലടിച്ചില്ല.. സമരം ചീറ്റി. കോടതി ഇടപെടലിനെ തുടര്‍ന്ന്‍ ആ വര്‍ഷം സ്കൂള്‍ ഇലക്ഷന്‍ നടന്നില്ല.

രംഗം 6: 1992 തന്നെ. വിന്നേര്‍സ് കോളേജ്, കോവൂര്‍. ഒന്‍പതാം ക്ലാസ്സിലെ മാത്സ് ക്ലാസ്. കണക്കെടുക്കുന്നത് ചെറുപ്പക്കാരനും കണിശക്കാരനുമായ സന്തോഷ്‌ മാഷ്‌. ക്ലാസ് കഴിഞ്ഞ് സാര്‍ എന്നോട് നില്‍ക്കാന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തത് അറിഞ്ഞുള്ള  ഉപദേശവും ഭീഷണിയും. ഇനി മേലാല്‍ സമരത്തിനോ രാഷ്ട്രീയത്തിനോ ഞാനില്ല എന്ന് പറയിപ്പിച്ചു. എന്റെ  പൊട്ടിക്കരച്ചിലോടെ രംഗത്തിനു പരിസമാപ്തി.

രംഗം 7: വര്‍ഷം 1992. കോവൂര്‍ ക്യാമ്പസ് സ്കൂള്‍. കേശവന്‍ മാഷിന്റെ ഭാര്യ മരിച്ചു. ക്യാന്സറോ മറ്റോ ആയിരുന്നു. ഒരു പകല്‍ മുഴുവന്‍ ഞാനും എന്റെ ബാക്ക്ബെന്ചിലെ തലതെറിച്ച കൂട്ടുകാരും മെഡിക്കല്‍ കോളേജ് ചിറ ഗ്രൌണ്ടിനടുത്തുള്ള ആ വീട്ടിന്‍ മുറ്റത്ത് മൌനികളായി. വേറെ ഏതെങ്കിലും അദ്ധ്യാപകന്‍ ആയിരുന്നെങ്കില്‍ അതൊരു സാധാരണ മരണമായേ ആ കുട്ടികള്‍ എടുക്കൂ.. എനിക്കുറപ്പാണ്.

രംഗം 8: വര്‍ഷം 1993. വിന്നേര്‍സ് കോളേജ് തന്നെ. ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ദേവദാസന്‍ മാഷാണ്. ഘടാഘടിയന്‍ ശരീരവും അതിനൊത്ത ഗംഭീരന്‍ ശബ്ദവും മര്‍ക്കടമുഷ്ടിയും. എസ്എസ്എല്‍സിക്ക് ഡിസ്റ്റിന്ക്ഷന്‍ വാങ്ങിയതിന് അങ്ങേരുടെ വക എനിക്കൊരു വെള്ള ഹീറോ പേന സമ്മാനം. അന്നുവരെ ഞാനെന്നല്ല എന്റെ കൂട്ടുകാരാരും അത്ര ഭംഗിയുള്ള ഒരു ഹീറോ പേന കണ്ടിട്ടില്ല. അലുമിനിയം പോലെ ഉള്ള വെള്ളനിറത്തില്‍ മനോഹരിയായ പേന. ദേവദാസന്‍ മാഷ്‌ പിന്നീട് പോലീസില്‍ എസ്ഐ ആയി. ഏഎസ്പി ആയി കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചു.

രംഗം 9 & 10: വര്‍ഷം 1997 & 1998. സെന്റ്‌ ജോസഫ്സ് ദേവഗിരി കോളേജ്. രണ്ടാം വര്‍ഷ ബി.എസ്.സി സുവോളജി. കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷയാണ് നാളെ. എന്റെ റെക്കോര്ഡ് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. ചെയ്യേണ്ടത് വാറ്റ് ആണ്. ആ കോളേജില്‍ തന്നെ മങ്കു എന്നുവിളിക്കപ്പെടുന്ന കപ്പലുമാക്കല്‍ അച്ചന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്കേറ്റവും പേടിയുള്ള സാര്‍ ആണ് വി. ഏ. തോമസ്‌ എന്ന വാറ്റ്. സാര്‍ അന്ന് കോളേജില്‍ വന്നിട്ടില്ല. നാളെ വരുമോ എന്നറിയില്ല. പരീക്ഷാ ദിവസം വന്നു. മോണിംഗ് ബാച്ച് പരീക്ഷ തുടങ്ങാറായി. വാറ്റ് വന്നിട്ടില്ല. ഞാന്‍ പതുങ്ങിപതുങ്ങി എക്സാമിനറെ പോയികണ്ടു. എന്റെ പരീക്ഷ ഉച്ചയ്ക്ക് ശേഷം ആക്കിതരണം.. അയിനാണ്. അങ്ങേരെന്നോട് കാര്യങ്ങള്‍ ഒക്കെ വിശദമായി ചോദിച്ചു. രാവിലെ തന്നെ പരീക്ഷ അറ്റന്‍ഡ് ചെയ്തോളാന്‍ പറഞ്ഞു. വൈകുന്നേരത്തിനുള്ളില്‍ ഒപ്പിട്ട റെക്കോര്ഡ് എത്തിച്ചാല്‍ മതി. മനസ്സില്ലാ മനസ്സോടെ ഞാന്‍ പരീക്ഷയ്ക്ക് കയറി. ഒപ്പ് ഞാന്‍ എവിടുന്നെടുത്ത് കൊടുക്കാനാണ്? അതും വാറ്റിന്റെ ഒപ്പ്! പരീക്ഷ കഴിഞ്ഞപ്പോ എക്സാമിനര്‍ ഒരു സഹായം കൂടി ചെയ്തു. നാളെയും കൂടി മൂപ്പര്‍ക്ക് അവിടെ ഡ്യൂട്ടി ഉണ്ട്. നാളെ രാവിലെ എത്തിച്ചാലും മതി.. നാളെയല്ല, പത്തുകൊല്ലം തന്നാലും വാറ്റിന്റെ ഒപ്പ് കിട്ടില്ല എന്ന ഉറപ്പ് മൂപ്പരുടെ കൊലച്ചിരിയില്‍ ഞാന്‍ വായിച്ചു. എക്സാം കഴിഞ്ഞ് വാറ്റിന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്തു. "നീയൊന്നും ഈ ജന്മം ഡിഗ്രീ പാസ്സാകാന്‍ പോകുന്നില്ല.." തുടങ്ങി അസഭ്യ വര്‍ഷം. ജീവിതം അവസാനിച്ചവനെ പോലെ ഞാന്‍ ചേവായൂരില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിക്ക് ഒരു മെഡിക്കല്‍ ഷോപ്പില്‍ അതാ നില്‍ക്കുന്നു വാറ്റ്. പതുങ്ങിചെന്നു. എന്നെ കണ്ടതും ചിരിക്കുന്ന മുഖത്തോടെ "താനെന്താടോ ഇവിടെ?" സാര്‍, ഞാന്‍ കുറച്ചു മുന്പ് ഫോണ്‍ ചെയ്തിരുന്നു. "ആഹാ.. അത് താനായിരുന്നോ?" പിന്നെയൊന്നും പറഞ്ഞില്ല. സ്കൂട്ടറില്‍ പിന്നില്‍ കയറാന്‍ പറഞ്ഞു. വീട്ടിലെത്തി. ചായ തന്നു. ഉപദേശത്തിന്റെ അണക്കെട്ട് പൊട്ടി. "താനെന്റെ ഗുഡ്ബുക്സില്‍ ഉണ്ടായിരുന്ന കുട്ടിയാണ്, താനെന്താ ഇങ്ങനെ ഉഴപ്പിയത്?.. തുടങ്ങി പരിഭവങ്ങള്‍. ഞാനിരുന്നു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി. അന്ന് വൈകുന്നേരം "യൂണിവേഴ്സിറ്റി എക്സാം കഴിഞ്ഞ് വി.ഏ.തോമസ്‌ സാര്‍ സര്‍ട്ടിഫൈ ചെയ്ത റെക്കോര്ഡ്" കെമിസ്ട്രി അറ്റന്ഡര്‍ പൊക്കിപ്പിടിച്ച് കൊണ്ടുനടന്ന് എല്ലാരെയും കാണിച്ചു.
ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ ദേവഗിരിയില്‍ തന്നെ എം.എസ്.സിക്ക് ചേര്‍ന്നുകഴിഞ്ഞ് ഒരു ദിവസം കോണിച്ചുവട്ടില്‍ വെച്ച് വാറ്റിനെ കണ്ടുമുട്ടി. "താനെന്താടോ ഇവിടെ?" അതേ ചോദ്യം. "സാര്‍, ഞാനിവിടെ എം.എസ്.സി.ക്ക്." "ഗുഡ് ഗുഡെ.. ഗുഡ്" എന്നും പറഞ്ഞ് എന്റെ പുറത്ത് രണ്ടുതട്ടും തട്ടി നിറഞ്ഞ ഒരു ചിരി. ജീവിതം സാര്‍ത്ഥകമായി!

രംഗം 11: വര്‍ഷം 1998. ദേവഗിരി കോളേജ്, കോഴിക്കോട്.  ബിഎസ്സി സുവോളജി അവസാന വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നു. ആര്‍ട്സ് കോളേജിലെ എന്റെ കൂട്ടുകാരായ രമേഷും ആല്‍ബിയും കാഡുവും എത്രയോ പറഞ്ഞുകേട്ടിട്ടുള്ള അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ രാമകൃഷ്ണന്‍ പാലാട്ട് സാര്‍ ആണ് എക്സാമിനര്‍. പരിചയപ്പെടണം എന്നുണ്ട്. എക്സാമിന് മുന്‍പേ പരിചയപ്പെട്ടാല്‍ അത് ഒരു മുതലെടുക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടികൊണ്ട് അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഞാന്‍ സാറിനോട് സംസാരിച്ചത്. രമേഷിന്റെ സുഹൃത്താണെന്ന് കേട്ടപാടെ പാലാട്ട് സാര്‍ ആദ്യം പറഞ്ഞത് "ഇത് നേരത്തെ പറയണ്ടേ ടോ, മാര്‍ക്ക് കൂടുതല്‍ ഇടാമായിരുന്നു" എന്നാണ്. പാലാട്ട് സാറിനും ടീച്ചര്‍ക്കും മക്കള്‍ ഇല്ല, പഠിപ്പിച്ചവരും പഠിപ്പിക്കാത്തവരും ആയി പക്ഷേ എത്രയോ പേര്‍ മക്കളെപോലെ. ഇപ്പോള്‍ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രശാന്തി എന്ന സ്കൂള്‍ നടത്തുന്നു. 

ക്ലാസില്‍ പഠിപ്പിച്ച അധ്യാപകരേക്കാള്‍ ഏറെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും, ഓരോ അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. എങ്കിലും ഓര്‍ക്കാന്‍ പ്രിയമുള്ള അധ്യാപകര്‍ ഇനിയുമുണ്ട്. മദ്രസയില്‍ ആകെ പഠിച്ച രണ്ടുവര്‍ഷം എനിക്ക് പ്രിയങ്കരനായിരുന്ന വാപ്പുട്ടിമൊല്ലാക്ക, വന്യജീവി-പരിസ്ഥിതി സ്നേഹം എന്നില്‍ ഊട്ടിയുറപ്പിച്ച സക്കറിയാ സാര്‍.. ഇവര്‍ക്കെല്ലാം മുന്നില്‍ എന്റെ അധ്യാപക ജീവിതത്തിന്റെ പതിനാറു വര്‍ഷങ്ങള്‍  ഈ അധ്യാപക ദിനത്തില്‍ ഞാന്‍ ഗുരു ദക്ഷിണയായി സമര്‍പ്പിക്കുന്നു. 

4 comments:

  1. Hey! Kathyude paschathalangalum chilavyakthikalum suparichitham... Pakshe inganeyoru katha never expected. I thought you were a buji!

    ReplyDelete
    Replies
    1. A different kind of buji.. Uzhappan Buji 😂😜

      Delete
  2. സർ ആള് ഉഷാർ ആണല്ലോ.. 👌👌

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails